തിരുവനന്തപുരം ടാഗോര്‍ തീയേറ്ററും തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയുമാണ് വേദി
സിനിമയുടെ അനന്ത സാധ്യതകള്‍ തുറക്കുന്ന കേരള ഫിലിം മാര്‍ക്കറ്റ് രണ്ടാം പതിപ്പിന് ഡിസംബർ 11 ന് തിരുവനന്തപുരത്ത് തുടക്കം കുറിക്കും. സിനിമ-ഏവിജിസി-എക്‌സ്ആര്‍ മേഖലകളിലെ നൂതന അറിവുകള്‍ ലഭ്യമാക്കുക, മലയാള സിനിമയുടെ ആഗോള വാണിജ്യസാധ്യത വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നത്.
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായാണ് കേരള ഫിലിം മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 11, 12, 13 തീയതികളിലായി തിരുവനന്തപുരത്താണ് ഫിലിം മാർക്കറ്റ് നടക്കുക. ബി 2 ബി മീറ്റിങ്ങുകളും ലോകസിനിമയിലെ പ്രതിഭകള്‍ നയിക്കുന്ന ശില്പശാലകളും മാസ്റ്റര്‍ ക്ലാസ്സുകളും ഫിലിം മാർക്കറ്റിന്‍റെ ഭാഗമായി നടക്കും. തിരുവനന്തപുരം ടാഗോര്‍ തീയേറ്ററും തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയുമാണ് വേദി.
Also Read: ഒടുവിലിന്റെ കരണത്തടിച്ചത് ഒഴിവാക്കി വെള്ളപൂശുന്നു; രഞ്ജിത്തിനെ പിന്തുണച്ച എം. പത്മകുമാറിന് മറുപടിയുമായി ആലപ്പി അഷ്‌റഫ്
ചലച്ചിത്ര നിര്‍മാതാക്കള്‍, ക്രീയേറ്റീവ് പ്രൊഫഷണലുകള്‍ എന്നിവരുടെ സജീവ പങ്കാളിത്തം പ്രതീഷിക്കപ്പെടുന്ന കേരള ഫിലിം മാര്‍ക്കറ്റിന്‍റെ വരുംപതിപ്പുകള്‍ ഗോവ ഫിലിം ഫെസ്റ്റിവലിലെ ഫിലിം ബസാറിന് തുല്യമായ സംവിധാനമായി ആയിരിക്കും സംഘടിപ്പിക്കുകയെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ പറഞ്ഞു.
കേരള ഫിലിം മാർക്കറ്റില്‍ നിരവധി പ്രതിഭകള്‍ വ്യത്യസ്ത വിഷയങ്ങളില്‍ ഡെലിഗേറ്റുകളുമായി സംവദിക്കും. വിജയിച്ച മലയാള സിനിമകളുടെ നിര്‍മാതാക്കളുമായുള്ള ആശയവിനിമയ സെഷനും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.