ഗാസിയാബാദ് വിട്ട് പോകാനോ, സംഭൽ സന്ദർശിക്കാനോ അനുവദിക്കില്ലെന്ന് ഇന്നലെ തന്നെ ഗാസിയാബാദ് സർക്കാർ വ്യക്തമാക്കിയിരുന്നു
ഉത്തർപ്രദേശിലെ പ്രശ്നബാധിത മേഖലയായ സംഭൽ സന്ദർശിക്കാനെത്തിയ എംപിമാരായ രാഹുൽ ഗാന്ധിയേയും പ്രിയങ്കാഗാന്ധിയേയും പൊലീസ് തടഞ്ഞു. കോൺഗ്രസ് സംഘത്തെ തടയാൻ അതിർത്തിയിൽ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. സംഭലിൽ എത്തുകയും, അവിടെയുള്ള പ്രശ്നങ്ങൾ എന്താണെന്ന് മനസിലാക്കുകയും, അക്രമസംഭവങ്ങളെ പറ്റി പഠിക്കുകയും ചെയ്ത്, അത് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും രാഹുലും പ്രിയങ്കയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ALSO READ: സുവർണ ക്ഷേത്ര പരിസരത്ത് വെടിവെപ്പ്; അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദൽ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
എന്നാൽ ഗാസിയാബാദ് വിട്ട് പോകാനോ, സംഭൽ സന്ദർശിക്കാനോ അനുവദിക്കില്ലെന്ന് ഇന്നലെ തന്നെ ഗാസിയാബാദ് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇന്ന് രാവിലെയോടെ മാധ്യമങ്ങളെ ഒഴിവാക്കി കൊണ്ട് രാഹുലിനെ മാത്രം കടത്തിവിടാമെന്നും സർക്കാർ അറിയിച്ചിരുന്നു. രാഹുലിനോടും പ്രിയങ്കയോടുമൊപ്പം നിരവധി കോൺഗ്രസ് പ്രവർത്തകരാണ് സന്ദർശനത്തിനായി എത്തിയത്. എങ്ങനെയും സംഭലിൽ എത്തുകയെന്നതുമാത്രമാണ് ലക്ഷ്യമെന്ന് കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു.
ഷാഹി ജുമാ മസ്‌ജിദ് സർവേ തർക്കവും, സംഭലിലെ ആക്രമണസംഭവങ്ങളുമെല്ലാം, ഇന്ത്യയിലെ പ്രധാന ചർച്ചാ വിഷയമാണ്. മുഗൾ കാലഘട്ടത്തില്‍ വിഷ്ണു ക്ഷേത്രം തകർത്ത് ബാബർ,പള്ളി നിർമിച്ചുവെന്നാണ് ഷാഹി ജമാ മസ്ജിദിനെ ചുറ്റിപറ്റിയുള്ള വിവാദം. ഷാഹി ജമാ മസ്ജിദ് പള്ളിയല്ല,ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് തീവ്ര ഹിന്ദുസംഘടനാ ബന്ധമുള്ള അഭിഭാഷകൻ ഹരി ശങ്കർ ജെയിൻ ഉൾപ്പെടെ എട്ട് പേർ ഹർജി സമർപ്പിച്ചിരുന്നു. പള്ളിക്കുള്ളിൽ ഹരിഹർ മന്ദിറിൻ്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും, ജമാ മസ്ജിദ് സംരക്ഷണസമിതി നിയമവിരുദ്ധമായി സ്ഥലം ഉപയോഗിക്കുകയാണെന്നും ഹർജിക്കാർ വാദിച്ചു.
ALSO READ: സംഭലിൽ സമാധാനവും സാഹോദര്യവും പുലരണം; തുടർ സർവേ തടഞ്ഞ് സുപ്രീം കോടതി
പള്ളിയുടെ പടികളിൽ സ്റ്റീൽ റെയിലിംഗ് സ്ഥാപിച്ചതിന് നേരത്തെ എഎസ്ഐ മസ്ജിദ് മാനേജ്‌മെൻ്റ് കമ്മിറ്റിക്കെതിരെ എഫ്ഐആർ നേരത്തെ ഫയൽ ചെയ്തിരുന്നു. പള്ളി എഎസ്ഐയുടെ സംരക്ഷണത്തിലായിരിക്കെ നിയന്ത്രണം പാലിക്കുന്നതിൽ പള്ളിക്കമ്മിറ്റി വീഴ്ച്ച വരുത്തിയെന്ന് എഎസ്ഐയുടെ അഭിഭാഷകൻ വാദിച്ചു. തുടർന്ന് കേസ് പരിഗണിച്ച യുപിയിലെ പ്രാദേശിക സിവിൽ കോടതിയാണ് സർവേയ്ക്ക് ഉത്തരവിട്ടത്. ഉത്തരവിന് മണിക്കൂറുകൾക്കകം കമ്മീഷണർ സർവേ നടത്താൻ എത്തിയതോടെയാണ് സംഘർഷമുണ്ടാകുകയും വിശ്വാസികൾ കൊല്ലപ്പെടുകയുമുണ്ടായത്. പിന്നീട് സുപ്രീം കോടതി ഹർജി പരിഗണിച്ചുകൊണ്ട് സർവേ നിർത്തിവെക്കാൻ ഉത്തരവിട്ടിരുന്നു.