ഡൽഹിയിലെ ഗോഡ് ഫാദർ ക്ലബ് വഴിയായാണ് ഇത്തരത്തിലുള്ള സ്‌കാം പ്രധാനമായും നടക്കുന്നത്.നിരവധി യുവാക്കളാണ് ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയാകുന്നത്
ഡേറ്റിംഗ് ആപ്പുകൾ വഴി ഒരു കൂട്ടം യുവാക്കൾക്ക് ഇപ്പോൾ പണികിട്ടിയിരിക്കുകയാണ്. ടിൻഡർ, ബംബിൾ എന്നീ ഡേറ്റിംഗ് ആപ്പുകൾ വഴി പരിചയപ്പെട്ട പെൺകുട്ടികളുമായി ഡേറ്ററിനു പോവുകയും അത് വഴി വലിയ തുക ബില്ലായി അടക്കേണ്ടി വരികയും ചെയ്യുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. ഡൽഹിയിലെ ഗോഡ് ഫാദർ ക്ലബ് വഴിയായാണ് ഇത്തരത്തിലുള്ള സ്‌കാം പ്രധാനമായും നടക്കുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല, നിരവധി യുവാക്കളാണ് ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയാകുന്നത്.
Read More: മനുഷ്യ ജീവന്‍ ഈടാക്കുന്ന ലോണ്‍ ആപ്പുകള്‍; തുടർക്കഥയാകുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളെപ്പറ്റി അറിയാം
സാമൂഹിക പ്രവർത്തകയായ ദീപിക നാരായൺ ഭരദ്വാജ് എക്സിൽ തെളിവ് സഹിതം പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം പുറത്ത് വന്നത്. സംഭവം ഇങ്ങനെയാണ്, ടിൻഡർ, ബംബിൾ പോലെയുള്ള ഡേറ്റിംഗ് ആപ്പുകൾ വഴി യുവതി യുവാക്കൾ പരിചയപ്പെടുകയും, കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യും. പിന്നീട്, പരസ്പരം കാണാൻ ഗോഡ്ഫാദർ ക്ലബ് പോലുള്ള ആഡംബര റെസ്റ്റോറെന്റുകൾ തെരെഞ്ഞെടുക്കുകയും ചെയ്യും . അതിനു ശേഷം ഭക്ഷണശാലയിലുള്ള ഏറ്റവും ചിലവേറിയ ഭക്ഷണം ഓർഡർ ചെയ്ത കഴിച്ചതിനു ശേഷം, യുവതികൾ മുങ്ങുകയുമാണ് പതിവ്. 23 ,000 - 61 ,000 വരെയാണ് ബില്ലുകൾ വരിക ആദ്യം ബില്ലു കൊടുക്കാൻ തട്ടിപ്പിനിരയായവർ സമ്മതിക്കില്ലെങ്കിലും, ക്ലബ്ബിലുള്ളവർ ഭീഷണിപ്പെടുത്തി ബില്ല് അടപ്പിക്കും. ചിലർ അഭിമാനം നഷ്ടപെടാതിരിക്കാൻ ഇക്കാര്യങ്ങൾ പുറത്ത് പറയാറില്ല.
ഗോഡ്ഫാദർ ക്ലബ് മാത്രമല്ല, ഇത്തരത്തിലുള്ള ആഡംബര നൈറ്റ് ക്ലബ്ബുകളിൽ ഇതുപോലെയുള്ള 'സ്‌കാം ഡേറ്റുകൾ' നടക്കാറുണ്ട്. ഇത്തരത്തിലുള്ള ഭക്ഷണശാലകൾ അവരുടെ പിആർ വർക്കിന് വേണ്ടി സ്ത്രീകളെ നിയമിക്കുകയും, പിന്നീട് ഇവർ ഡേറ്റിംഗ് ആപ്പുകൾ വഴി യുവാക്കളെ സമീപിച്ച് ആഡംബര ഭക്ഷണശാലകളിൽ കാണാൻ ക്ഷണിക്കുകയും ചെയ്യും. തുടർന്ന്, ഇതുപോലെയുള്ള സാഹചര്യമുണ്ടാക്കി സ്ത്രീകൾ മുങ്ങുകയുമാണ് ചെയ്യുന്നത്.
ഡൽഹി, ഗുരുഗ്രാം, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.