വീഴ്ച വരുത്തിയവർക്ക് കർശന ഭാഷയിൽ ശാസന നൽകിയതായും സുപ്രഭാതം ചെയർമാൻ ജിഫ്രി മുത്തുകോയ തങ്ങൾ വ്യക്തമാക്കി
സുപ്രഭാതം പത്രത്തിലെ പരസ്യ വിവാദത്തിൽ വീഴ്ച വരുത്തിയവർക്ക് നേരെ നടപടിയില്ല. സുപ്രഭാതത്തിന് വലിയ വീഴ്ചയും ശ്രദ്ധക്കുറവുമെന്ന് അന്വേഷണത്തിൽ കണ്ടെത്തെയെങ്കിലും വീഴ്ച വരുത്തിയ ജീവനക്കാർക്ക് നേരെ ശാസന മാത്രമാണ് നടപടി. ഇടതുമുന്നണിയുടെ പരസ്യം സമസ്തയുടെയും സുപ്രഭാതത്തിന്റെയും നയനിലപാടുകൾക്ക് നിരക്കാത്തതെന്നും കണ്ടെത്തലുണ്ട്. വീഴ്ച വരുത്തിയവർക്ക് കർശന ഭാഷയിൽ ശാസന നൽകിയതായും സുപ്രഭാതം ചെയർമാൻ ജിഫ്രി മുത്തുകോയ തങ്ങൾ വ്യക്തമാക്കി.
പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ് സുപ്രഭാതം പത്രത്തിൽ എൽഡിഎഫ് സ്ഥാനാർഥി പി. സരിനെ പിന്തുണച്ചുകൊണ്ടുള്ള പരസ്യം പ്രത്യക്ഷപ്പെടുന്നത്. സരിൻ തരംഗം എന്ന തലക്കെട്ടിലാണ് പ്രസിദ്ധീകരിച്ചതെങ്കിലും വാർത്തയുടെ ഉള്ളടക്കം മുഴുവൻ സന്ദീപ് വാര്യരെ കുറിച്ചായിരുന്നു. ഇടതുമുന്നണിയുടെ ഈ പരസ്യം സമസ്തയുടെയും സുപ്രഭാതത്തിന്റെയും നയനിലപാടുകൾക്ക് നിരക്കാത്തതാണെന്നാണ് കണ്ടെത്തലെന്ന് സുപ്രഭാതം ചെയർമാൻ ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു. ബഹുജനമധ്യത്തിൽ പത്രത്തിന്റെ നിലവാരം തകർക്കുകയോ ഏതെങ്കിലും പാർട്ടിയെ സഹായിക്കണമെന്ന ഉദ്ദേശത്തോടെ ആരും പ്രവർത്തിച്ചിട്ടില്ല. എന്നാൽ എന്നാൽ ജീവനക്കാർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചു. വീഴ്ച വരുത്തിയവർക്ക് കർശന ഭാഷയിൽ ശാസന നൽകിയതായെന്നും സുപ്രഭാതം ചെയർമാൻ ജിഫ്രി മുത്തുകോയ തങ്ങൾ ചൂണ്ടിക്കാട്ടി.
ALSO READ: സന്ദീപ് വാര്യർക്കെതിരായ പത്ര പരസ്യം; പ്രസിദ്ധീകരിച്ചത് അനുമതിയില്ലാതെയെന്ന് കണ്ടെത്തൽ
വിവാദങ്ങൾക്ക് വഴിയൊരുക്കിയ പരസ്യം പ്രസിദ്ധീകരിച്ചത് എംസിഎംസി (മീഡിയ സെര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി)യുടെ അനുമതിയില്ലാതെയെന്ന കണ്ടെത്തൽ നേരത്തെ പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കേയാണ് സന്ദീപ് വാര്യരെ തുറന്നു കാട്ടിയ സരിൻ്റെ പരസ്യം പ്രസിദ്ധീകരിച്ചത്. സമസ്തയുടെ മുഖ പത്രമായ സുപ്രഭാതം, കാന്തപുരം വിഭാഗത്തിൻ്റെ സിറാജ് എന്നീ പത്രങ്ങളിലാണ് ന്യൂനപക്ഷ വിമർശനം ചൂണ്ടിക്കാട്ടിയുള്ള പരസ്യം നൽകിയത്. അതേസമയം പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ ഈ പരസ്യം നൽകിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
വ്യത്യസ്ത സാഹചര്യങ്ങളിൽ സന്ദീപ് വാര്യർ പറഞ്ഞ പ്രസ്താവനകളാണ് പത്രത്തിലുണ്ടായിരുന്നത്. കശ്‌മീരികളുടെ കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്ത സന്ദീപ്, കേരളം എതിർത്ത പൗരത്വ ഭേദഗതി പരസ്യമായി നടപ്പിലാക്കുമെന്ന സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്, ഈ വിഷനാവിനെ സ്വീകരിക്കുവോ, ഹാ കഷ്‌ടം, എന്നിങ്ങനെ നീളുന്നു തലക്കെട്ടുകളും വാർത്തകളും. എന്താണ് ഹിന്ദു മഹാസഭ ചെയ്‌ത കുറ്റം ഗാന്ധിജിയെ ചെറുതായി ഒന്ന് വെടിവച്ചു കൊന്നു, എന്ന പ്രസ്താവനയും കളത്തിൽ ഇടം നേടിയിരുന്നു.