അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ വിജയങ്ങളിലൊന്ന് നേടാൻ തന്നെ സഹായിച്ചയാളാണ് സൂസി വിൽസെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാള്‍ഡ് ട്രംപിനായുള്ള പ്രചരണ നേതൃനിരയിൽ താരമായിരുന്ന സൂസി വിൽസിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. യു.എസ് ചരിത്രത്തിൽ ആദ്യമായാണ് വൈറ്റ് ഹൗസിൻ്റെ ചീഫ് ഓഫ് സ്റ്റാഫായി ഒരു വനിത എത്തുന്നത്. പ്രസിഡൻ്റിൻ്റെ ഏറ്റവും അടുത്ത സ്ഥാനം അലങ്കരിക്കുന്നയാളാണ് ചീഫ് ഓഫ് സ്റ്റാഫ്. പ്രസിഡൻ്റിൻ്റെ ഔദ്യോഗിക കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സഹായിക്കുക, വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരുടെ മൊത്തത്തിലുള്ള ഘടന കൈകാര്യം ചെയ്യുക, രൂപകൽപ്പന ചെയ്യുക എന്നിവയാണ് ചീഫ് ഓഫ് സ്റ്റാഫിന്റെ പ്രധാന കർത്തവ്യങ്ങൾ.
അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ വിജയങ്ങളിലൊന്ന് നേടാൻ തന്നെ സഹായിച്ചയാളാണ് സൂസി വിൽസ് എന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 2016-ലെയും 2020-ലെയും വിജയകരമായ പ്രചാരണങ്ങളുടെ അവിഭാജ്യ ഘടകമായിരുന്നു അവർ. സൂസി മിടുക്കിയാണ്. അവളെ എല്ലാവരും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. അമേരിക്കയുടെ ഭാവിക്കായി സൂസി അശ്രാന്ത പരിശ്രമം തുടരും. അമേരിക്കയുടെ ആദ്യ വനിതാ ചീഫ് ഓഫ് സ്റ്റാഫ് എന്ന പദവിക്ക് സൂസി അർഹയാണെന്നും ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. സൂസി രാജ്യത്തിന് അഭിമാനമാകുമെന്നതിൽ തനിക്ക് സംശയമില്ല എന്നും ട്രംപ് പറഞ്ഞു.
കടുത്ത പോരാട്ടമായിരുന്നു കമല ഹാരിസും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്നത്. കുടിയേറ്റം, ഗര്‍ഭച്ഛിദ്രം, വിലക്കയറ്റം തുടങ്ങി പ്രധാനപ്പെട്ട നിരവധി നയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരായ വധശ്രമവും തുടര്‍ന്നുള്ള ട്രംപിന്റെ നാടകീയമായ തിരിച്ചുവരവുമെല്ലാം യുഎസ് തെരഞ്ഞെടുപ്പിനെ പ്രവചിക്കാനാവത്ത വിധമുള്ള പോരാട്ടത്തിലേക്കാണ് നയിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 295 ഇലക്ട്രല്‍ വോട്ടുകള്‍ നേടി ട്രംപ് വിജയം നേടി. കമല ഹാരിസിന് 226 ഇലക്ട്രല്‍ വോട്ടുകള്‍ മാത്രമാണ് നേടാനായത്.