ചെന്നൈ തിരുമംഗലം പൊലീസ് ആണ് അലിഖാൻ തുഗ്ലഖിനെ അറസ്റ്റ് ചെയ്തത്
തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ ലഹരിക്കേസിൽ അറസ്റ്റിൽ. ചെന്നൈ തിരുമംഗലം പൊലീസ് ആണ് അലിഖാൻ തുഗ്ലഖിനെ അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിൽ തുഗ്ലഖിന്റെ പങ്ക് മനസ്സിലാക്കുന്നത്. മയക്കുമരുന്ന് കടത്തു ശൃംഖലയുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാർഥികൾ ഉൾപ്പെടെ 10 പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരിൽ നിന്നാണ് തുഗ്ലഖിന് ലഹരിക്കടത്തിൽ പങ്കുളള വിവരം ലഭിച്ചത്. കഴിഞ്ഞദിവസം രാവിലെ കസ്റ്റഡിയിലെടുത്ത തുഗ്ലഖിനെ 12 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെയാദ് സാക്കി, മുഹമ്മദ് റിയാസ് അലി, ഫൈസൽ അഹമ്മദ് എന്നിവരാണ് തുഗ്ലഖിനൊപ്പം അറസ്റ്റിലായ മറ്റ് മൂന്ന് പേർ. നാല് പേരെയും കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ALSO READ: സംഭൽ സന്ദർശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയേയും തടഞ്ഞു; അതിർത്തിയിൽ വൻ പൊലീസ് സന്നാഹം
തമിഴ്‌നാട് മയക്കുമരുന്ന് കള്ളക്കടത്തിൻ്റെ ട്രാൻസിറ്റ് പോയിൻ്റായി ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ലോക്കൽ പൊലീസും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും സംസ്ഥാനത്ത് ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്. ഏകദേശം 380 കോടി രൂപ വിലമതിക്കുന്ന നിരോധിത മയക്കുമരുന്നായ മെത്താംഫെറ്റാമൈൻ ആണ് 2024ൽ മാത്രം എൻസിബിയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസും ചേർന്ന് പിടിച്ചെടുത്തത്.