
അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള മത്സരം ശക്തമാകുന്നതിനിടെ ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കൺവെൻഷന് ഇന്ന് തുടക്കം. ചിക്കാഗോയിൽ നടക്കുന്ന കൺവെൻഷനിൽ കമലാ ഹാരിസിനെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിക്കും. അമേരിക്കയുടെ 50 സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള തെരഞ്ഞെടുത്ത ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധികൾ പങ്കെടുക്കുന്ന കൺവെൻഷൻ തെരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള അവസരമായാണ് പാർട്ടി കാണുന്നത്.
ALSO READ: കുടുംബങ്ങളെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുക ലക്ഷ്യം; പൗരന്മാരുടെ കുടിയേറ്റക്കാരായ പങ്കാളികൾക്ക് യുഎസ് പൗരത്വ പദ്ധതി
ഓഗസ്റ്റ് 22-ന് അവസാനിക്കുന്ന നാല് ദിവസത്തെ പരിപാടിയിൽ വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയായ മിനസോട്ട ഗവർണർ ടിം വാൾസിൻ്റെ ഔദ്യോഗിക സ്ഥാനാർഥിത്വവും ഇന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. മുൻ യുഎസ് പ്രസിഡൻ്റുമാരായ ബരാക് ഒബാമ, ബിൽ ക്ലിൻ്റൺ എന്നിവർ ദേശീയ കൺവെൻഷനിൽ സംസാരിക്കും. ജോ ബൈഡന് പാർട്ടിയുടെ യാത്രയയപ്പിനും സാധ്യതയുണ്ട്. 2016ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപിനോട് പരാജയപ്പെട്ട ഹിലാരി ക്ലിൻ്റനെ ദേശീയ കൺവെൻഷനിൽ ആദരിക്കും.
തെരഞ്ഞെടുപ്പിന് 100 ദിവസം മുമ്പാണ് നിലവിലെ പ്രസിഡൻ്റായിരുന്ന ജോ ബൈഡൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്. സംവാദത്തിൽ ഡോണാൾഡ് ട്രംപിനോട് പരാജയപ്പെട്ടതും ആരോഗ്യ കാരണങ്ങളുമാണ് ബൈഡൻ സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറാൻ കാരണമെന്നാണ് വിലയിരുത്തൽ.
അതേസമയം, ഗാസയിലെ ഇസ്രയേലിൻ്റെ നടപടികൾക്ക് ബൈഡൻ പിന്തുണ നൽകുന്നു എന്ന ആരോപണവുമായി പതിനായിരക്കണക്കിന് പ്രതിഷേധക്കാർ ചിക്കാഗോയിലെ കൺവെൻഷൻ സെൻ്ററിന് സമീപം ഒത്തുകൂടിയിട്ടുണ്ട്. ഇതേ തുടർന്ന് കൺവെൻഷന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.