സർക്കാരിന് സിനിമാ നയം വേണമെന്നും പുതിയ സിനിമ എടുക്കുന്നതിന് വേണ്ടി സർക്കാർ സഹായം ഏർപ്പെടുത്തണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു
ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. സിനിമാ മേഖലയിലുള്ള സമീപനം മാറണമെന്നും, സിനിമ വ്യവസായത്തിൻ്റെ അന്തസ്സ് ഉയർത്തുന്നതിനുള്ള നിയമ നിർമാണം വരണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. താൻ മന്ത്രി ആയിരിക്കുന്ന കാലത്ത് പരാതികൾ വന്നിട്ടില്ലെന്നും പരാതി വന്നിരുന്നെങ്കില്‍ നടപടി എടുത്തേനെയെന്നും, പരാതി വരാതിരുന്നത് അവരുടെ ഭയം കൊണ്ടാവാമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
സെല്ലുലോയ്ഡിൽ കാണുന്നത് മാത്രമല്ല സിനിമാ ലോകം, അതിനപ്പുറത്ത് ഇരുണ്ട ലോകം ഉണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. സർക്കാരിന് സിനിമാ നയം വേണമെന്നും പുതിയ സിനിമ എടുക്കുന്നതിന് വേണ്ടി സർക്കാർ സഹായം ഏർപ്പെടുത്തണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. കുറ്റക്കാർ ആയവർക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ച കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
അതേസമയം നിർണായക വിവരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിട്ടതിലൂടെ പുറത്തു വന്നത്. മലയാള സിനിമ സെറ്റുകള്‍ സ്ത്രീ സൗഹൃദമല്ലെന്ന നിര്‍ണായക വിവരമാണ് റിപ്പോര്‍ട്ടിലുള്ളത്. 2017 ഫെബ്രുവരി പതിനേഴിന് കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിനു ശേഷം, മലയാള സിനിമയിലെ വനിതാ കൂട്ടായ്മ 'വിമണ്‍ ഇന്‍ സിനിമ കളക്ടീവ്' (wcc) ന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മൂന്നംഗ ഹേമ കമ്മിറ്റിയെ നിയമിച്ചത്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്നായിരുന്നു കമ്മിറ്റിയുടെ ചുമതല. ജസ്റ്റിസ് ഹേമ, റിട്ട. ഐഎഎസ് ഓഫീസര്‍ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. 2018 മെയ് മാസത്തിലാണ് കമ്മിറ്റി രൂപീകരിക്കപ്പെട്ടത്.
ALSO READ: റിപ്പോർട്ട് പൂർണമായി പഠിച്ച് ഒരാഴ്ചക്കകം പ്രതികരിക്കും, സർക്കാരുമായി സഹകരിക്കും; AMMA
ഒരു കോടിക്ക് മുകളില്‍ തുകയാണ് ഹേമ കമ്മിറ്റിക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചത്. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നാലര വര്‍ഷത്തിനു ശേഷവും സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകുന്നതിനെതിരെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഉള്‍പ്പെടെ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്മിറ്റി റിപ്പോർട്ട് പുറത്തു വിട്ടത്.