നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ
ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ച യു.ആർ. പ്രദീപും, രാഹുൽ മാങ്കൂട്ടത്തിലും എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. സ്പീക്കര്‍ എ.എൻ. ഷംസീര്‍ സത്യവാചകം ചൊല്ലികൊടുത്തു. നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്. ആദ്യം ചേലക്കര മണ്ഡലത്തിൽ നിന്ന് വിജയിച്ച സിപിഎം സ്ഥാനാർഥി യു.ആർ. പ്രദീപ് ആണ് സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവം സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം ചുമതലയേറ്റത്.
രണ്ടാമതായിരുന്നു പാലക്കാട് മണ്ഡലത്തിൽ നിന്ന് വിജയിച്ച യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ സത്യപ്രതിജ്ഞ. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഇതാദ്യമായാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയാകുന്നത്. പാലക്കാട് മണ്ഡലത്തിൽ നിന്നും റെക്കോർഡ് ഭൂരിപക്ഷം നേടിയാണ് അദ്ദേഹം വിജയിച്ചത്. രണ്ടാം തവണയാണ് യു.ആർ. പ്രദീപ് എംഎൽഎയായി നിയമസഭയിലെത്തുന്നത്.
ALSO READ: പാലക്കാട് വോട്ട് കുറയാന്‍ കാരണമെന്ത്? ബിജെപിയില്‍ തര്‍ക്കം തുടരുന്നു
സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങി എൽഡിഎഫിന്റെയും, യുഡിഎഫിന്റെയും പ്രധാനപ്പെട്ട നേതാക്കളും, രണ്ട് ജനപ്രതിനിധികളുടെയും കുടുംബാംഗങ്ങളും പങ്കെടുത്തു. മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് സത്യപ്രതിജ്ഞക്ക് മുന്നോടിയായി രാഹുൽ പറഞ്ഞത്. വിവിധ രാഷ്ട്രീയ നേതാക്കന്മാരുടെയും നാട്ടുകാരുടെയും അനുഗ്രഹം വാങ്ങിയാണ് യു.ആർ. പ്രദീപ് സത്യപ്രതിജ്ഞക്കെത്തിയത്.