കഴിഞ്ഞ ദിവസം 11 കുകി വിഭാഗക്കാരാണ് സുരക്ഷാ സേനയുടെ വെടിയേറ്റു മരിച്ചത്
മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായതോടെ സംസ്ഥാനത്ത് വീണ്ടും അഫ്സ്പ പ്രഖ്യാപിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ചില മേഖലകളിൽ സൈന്യത്തിന്റെ പ്രത്യേകാധികാര നിയമം പ്രഖ്യാപിക്കുന്നത്. അതേസമയം, ജിരിബാമിൽ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം 11 കുക്കി വിഭാഗക്കാരാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചത്. മണിപ്പൂർ വീണ്ടും കത്തുകയാണോ?
മണിപ്പൂർ, വംശീയ കലാപത്തിൻ്റെ വിളനിലമായിട്ട് ഒന്നര വർഷം പിന്നിടുമ്പോഴാണ് ഇപ്പോൾ പുതിയ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 31കാരിയായ യുവതിയെ ബലാത്സംഗത്തിനിരയാക്കി ചുട്ടുകൊന്നതായി വാർത്തകൾ വരുന്നു. 11 കുക്കി വംശജരെ വെടിവെച്ച് കൊന്നു, സൈന്യം. 20ഓളം വീടുകൾ സംഘർഷത്തിൽ അഗ്നിക്കിരയായി. മണിപ്പൂർ വീണ്ടും കത്തുകയാണ്, അക്രമങ്ങൾ പുകയുന്നു. എന്നിട്ടും സർക്കാരുകൾ മിണ്ടുന്നില്ല. മണിപ്പൂരില്‍ സമാധാനത്തിന്റെ സൂര്യനുദിക്കുമെന്ന് പാർലമെൻ്റിൽ പറഞ്ഞ പ്രധാനമന്ത്രി ഇതുവരെ അവിടെ പോയില്ല. ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്, ബാക്കി സമയം വിദേശത്തും.
ഇക്കഴിഞ്ഞ നവംബർ ഏഴിന് ജിരിബാമിലാണത് നടന്നത്. കുക്കി മേഖലയിൽ കടന്നുകയറിയ അക്രമികൾ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തു, അവരുടേതടക്കം 17 ഓളം വീടുകൾ തീവെച്ചു. ബലാത്സംഗത്തിനിരയായ യുവതി വെന്തുമരിച്ചു. നീചമായ കൊലയിൽ അപലപിച്ച കുക്കികൾ പ്രതികളെ പിടികൂടാൻ ആവശ്യപ്പെട്ടു. സൈന്യത്തോട് രൂക്ഷമായി പ്രതികരിച്ചു . ഫെർസാൾ, ജിരിബാം മേഖലകളിൽ കുക്കികളുടേതടക്കമുള്ള സുരക്ഷയിൽ കേന്ദ്രം ഇടപെടണമെന്ന് പ്രാദേശിക ഗോത്ര സമിതി അഭ്യർഥിച്ചു. ഇനിയും നിസംഗത തുടർന്നാൽ കലാപമുണ്ടാകുമെന്ന് ആദിവാസി കൂട്ടായ്മ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം സൈന്യത്തിന് മുന്നറിയിപ്പും നൽകി.
ഒടുവിൽ അതുതന്നെ സംഭവിച്ചു. പ്രതികളെ പിടികൂടാത്തതിൽ പ്രകോപിതരായ കുക്കികൾ തെരുവിലിറങ്ങി.. ഏറ്റുമുട്ടലുണ്ടായി. 11 കുക്കി വംശജരെ സൈന്യം വെടിവെച്ച് കൊന്നു. അക്രമം പ്രതിരോധിക്കാനും സ്വയരക്ഷക്കുമാണ് വെടിവെച്ചിട്ടതെന്ന് സിആർപിഎഫ് പറയുന്നു. പക്ഷേ കുക്കികളുടെ പ്രകോപനത്തിന് ചരിത്രപരവും വൈകാരികവുമായ കാരണങ്ങളുണ്ട്.
മെയ്തെയ് വിഭാഗത്തെ എസ് ടി പട്ടികയിൽ ഉൾപ്പെടുത്താൻ മണിപ്പൂർ ഹൈക്കോടതി ഉത്തരവിട്ടത് 2023 ഏപ്രിലിലാണ്. മണിപ്പൂരിനെ വിറപ്പിച്ച പുതിയ കലാപം ഇവിടെ തുടങ്ങുന്നു. വിധിയിൽ പ്രകോപിതരായ കുക്കികളുടെ റാലി ഏറ്റുമുട്ടലിൽ കലാശിച്ചു. മെയ് മൂന്നിനാണ് സംഘർഷത്തിൻ്റെ തുടക്കമെങ്കിലും സംസ്ഥാനം ആളിക്കത്താൻ എരിതീയിൽ എണ്ണ ഒഴിക്കലായി പിന്നീടുണ്ടായതെല്ലാം. മെയ് നാലിന് രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിച്ച സംഭവത്തോടെ മണിപ്പൂർ കൂടുതൽ പൊള്ളി. ആത്മാഭിമാനത്തിന് മുറിവേറ്റു. കലാപം കടുത്തു, സർക്കാർ സംവിധാനങ്ങൾ കൈകെട്ടി നിന്ന് കലാപത്തെ പ്രാത്സാഹിപ്പിച്ചെന്ന ആക്ഷേപം ഉയർന്നു. ഒന്നര വർഷത്തിനിടെ 200ഓളം പേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പേർക്ക് പരുക്കേറ്റു, 4,786 വീടുകൾ നശിപ്പിക്കപ്പെട്ടു. 60,000 ഓളം പേർക്ക് വീട് നഷ്ടപ്പെട്ടു. സ്ത്രീകൾ ലൈംഗികാതിക്രമത്തിനിരയായി. ഇതിനിടെ മെയ്തേയ്, കുക്കി ആധിപത്യമുള്ള പ്രദേശങ്ങൾക്കിടെ അതിർത്തികൾ നിർണയിക്കപ്പെട്ടു. ലോ ആൻഡ് ഓർഡറില്ലാതെ, ഒരു ജനത ഭീതിയുടെ തടവറയിലായി.
ALSO READ: മണിപ്പൂരിൽ വീണ്ടും ആക്രമണം: കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു
രാജ്യം മണിപ്പൂരിനൊപ്പമാണെന്നും കലാപം നിയന്ത്രണ വിധേയമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വാദം. കലാപത്തിന്റെ തുടക്കം മുതൽ മിണ്ടാതിരുന്ന പ്രധാനമന്ത്രി കലാപം പുകഞ്ഞ് 79 ദിവസങ്ങള്‍ക്ക് ശേഷം മാത്രം പ്രതികരിച്ചു. പെണ്‍കുട്ടികള്‍ക്ക് എതിരായ ആക്രമണത്തിന് പിന്നിലുള്ള ആരും രക്ഷപ്പെടില്ലെന്ന് മോദി വാക്കാൽ ഉറപ്പ് നൽകി. ഇത് വെറും വാക്കായെന്ന് മണിപ്പൂർ തെളിയിച്ചു. ആവർത്തിക്കപ്പെടുകയാണ് അതിക്രമങ്ങൾ. സെൻസിറ്റീവ് വിഷയത്തിൽ കേന്ദ്രം കൃത്യമായ നടപടി സ്വീകരിക്കാത്തതാണ് മണിപ്പൂരിനെ കലാപ ഭൂമിയാക്കിയതെന്നും നിരീക്ഷകർ പറയുന്നു. മണിപ്പൂരിലെ സംഘർഷം പക്ഷേ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. അമേരിക്കയും നിരവധി സംഘടനകളും മണിപ്പൂരിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി. കലാപം ആരംഭിച്ചിട്ട് അവിടം സന്ദർശിക്കാത്ത നരേന്ദ്രമോദി ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മണിപ്പൂർ സന്ദർശിക്കുമെന്ന് ഉറപ്പുനല്‍കി. സർക്കാർ വന്നിട്ട് മാസം അഞ്ച് പിന്നിട്ടിട്ടും തീരുമാനമില്ല. എന്നാല്‍ മണിപ്പൂരില്‍ ഉടന്‍ സമാധാനത്തിന്റെ സൂര്യനുദിക്കുമെന്ന് പ്രസംഗിച്ചു.
പക്ഷെ, ചെറിയ ഇടവേളക്ക് ശേഷം ആ താഴ്വരയില്‍ വീണ്ടും ചോരയുടെ ഗന്ധം പടരുകയാണ്. 2500 സൈനികരെ മേഖലയിൽ പുതിയതായി വിന്യസിച്ചു. ആയുധങ്ങളും സ്ഫോടക വസ്തുകളും തോക്കുകളും കണ്ടെടുക്കപ്പെടുന്നു. സർവ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ട് കഴിയുന്ന ജനത ഇനി എന്തൊക്കെ നേരിടേണ്ടി വരുമെന്നറിയില്ല. പക്ഷേ പല കോണിൽ നിന്ന് ആശങ്ക ഉയരുമ്പോഴും സൈന്യവും സർക്കാരും പറയുന്നത് ഒരേ കാര്യം, ചില്ലറ അനിഷ്ടസംഭവങ്ങളൊഴിച്ച് നിർത്തിയാൽ മണിപ്പൂർ പൊതുവേ ശാന്തമാണ്.