എല്ലാവരാലും ബഹുമാനിക്കപ്പെട്ട വ്യക്തിത്വമാണ് മൻമോഹനെന്നും നിർമല സീതാരാമൻ അനുശോചന കുറിപ്പില്‍ പറഞ്ഞു
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ മരണത്തിൽ അനുശോചനവുമായി വിവിധ നേതാക്കൾ രംഗത്തെത്തി. മൻമോഹൻ സിങ് 1991ൽ അവതരിപ്പിച്ച, രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ സ്വതന്ത്രമാക്കിയ ബജറ്റ് ഒരു നാഴികക്കല്ല് ആണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ പറഞ്ഞു. എല്ലാവരാലും ബഹുമാനിക്കപ്പെട്ട വ്യക്തിത്വമാണ് മൻമോഹനെന്നും നിർമല സീതാരാമൻ അനുശോചന കുറിപ്പില്‍ പറഞ്ഞു.
ALSO READ: സൗമ്യനായ പ്രധാനമന്ത്രി; വിടവാങ്ങിയത് സാധാരണക്കാരുടെ മനസ്സറിഞ്ഞ സാമ്പത്തിക വിദഗ്ധന്‍
രാജ്യത്തിന് തീരാനഷ്ടമാണ് മൻമോഹൻ സിങ്ങിൻ്റെ വിയോഗമെന്ന് ശശി തരൂർ എംപി പറഞ്ഞു. അദ്ദേഹത്തിൻ്റെ മനുഷ്യത്വവും കരുണയും വിവേകവുമാണ് ഏറ്റവും കൂടുതൽ ഓർക്കുന്നത്. സമകാലിക മാധ്യമങ്ങളേക്കാളും പാർലമെൻ്റിലെ പ്രതിപക്ഷ പാർട്ടികളേക്കാളും ചരിത്രം എന്നോട് ദയ കാണിക്കുമെന്ന് ഞാൻ സത്യസന്ധമായി വിശ്വസിക്കുന്നുവെന്ന് ഡോ. മൻമോഹൻ സിങ്ങ് 2014ൽ പറഞ്ഞു. പത്ത് വർഷത്തിന് ശേഷം, അദ്ദേഹം ഇതിനകം തന്നെ ശരിയാണെന്ന് തെളിയിക്കപ്പെട്ടുവെന്നും ശശി തരൂർ പറഞ്ഞു.
ഡോ. മൻമോഹൻ സിങ്ങിനെക്കുറിച്ച് സംസാരിക്കുന്നത് വളരെ വൈകാരികമായ ഒരു നിമിഷമാണെന്ന് മുൻ ധനമന്ത്രി പി. ചിദംബരം പറഞ്ഞു. വർഷങ്ങളോളം അദ്ദേഹവുമായി അടുത്ത് പ്രവർത്തിച്ചു. ഡോ.സിങ്ങിനെക്കാൾ വിനയവും ആത്മാഭിമാനമുള്ളവനുമായ ഒരാളെ ഞാൻ കണ്ടിട്ടില്ലെന്നും പി. ചിദംബരം പറഞ്ഞു.
ALSO READ: ഇന്ത്യയെ മാറ്റിയ മന്‍മോഹനോമിക്‌സ്; സ്വതന്ത്ര ഇന്ത്യയിലെ ധിഷണാശാലിയായ നേതാക്കളില്‍ ഒരാള്‍
ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനത്തിന് നേതൃത്വം നൽകിയ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തിയ സ്ഥിരമായ വളർച്ചയുടെയും സാമൂഹിക പുരോഗതിയുടെയും പരിഷ്കാരങ്ങളുടെയും ഒരു യുഗമായിരുന്നു അദ്ദേഹത്തിൻ്റെ ഭരണകാലമെന്നും എം.കെ. സ്റ്റാലിൻ പറഞ്ഞു.