പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന തള്ളി ആരോഗ്യ മന്ത്രി വീണാ ജോർജ് രംഗത്തെത്തി. രാഷ്ട്രീയത്തിനതീതമായി സമൂഹം എതിർക്കേണ്ട വിഷയമാണിതെന്നും റാഗിങ് വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിച്ച് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി
കോട്ടയം നഴ്സിങ് കോളേജിലെ റാഗിങ് പൂക്കോട് കേസിന്റെ തുടർച്ചയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ട് കേസുകളിലും എസ്എഫ്ഐ പ്രവർത്തകരാണ് പ്രതികളെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. എസ്എഫ്ഐയെ പിരിച്ചുവിടാൻ സിപിഎം തയാറാകണമെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.
മയക്കുമരുന്നിനുള്ള പണത്തിന് വേണ്ടിയാണ് വിദ്യാർഥികളെ ഉപദ്രവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പൂക്കോട് കേസിലേതുപോലെ സർക്കാർ സ്വജനപക്ഷപാതം കാട്ടിയാൽ പ്രതിപക്ഷം പ്രക്ഷോഭം ആരംഭിക്കും. കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച ആരോഗ്യ മന്ത്രി, റാഗിങ് കേസിൽ എങ്ങനെ പ്രതികരിക്കുമെന്നും സതീശൻ പരിഹാസിച്ചു.
പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന തള്ളി ആരോഗ്യ മന്ത്രി വീണാ ജോർജ് രംഗത്തെത്തി. പ്രതിപക്ഷ നേതാവ് മറിച്ച് പറയുമോ അദ്ദേഹം അങ്ങനെയല്ലേ പറയൂ എന്നായിരുന്നു വീണാ ജോർജിൻ്റെ പ്രസ്താവന. വിവരം രക്ഷിതാവ് മുഖേനയാണ് കോളേജിൽ അറിയുന്നത്. വിദ്യാർഥിയെ ഉടനടി സസ്പെൻഡ് ചെയ്തു. രാഷ്ട്രീയത്തിനതീതമായി സമൂഹം എതിർക്കേണ്ട വിഷയമാണിത്. റാഗിങ് വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിച്ച് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിയമപരമായ നടപടികളിലൂടെ കുട്ടികളെ പുറത്താക്കുന്ന കാര്യം ആലോചിക്കും. സീനിയർ വിദ്യാർഥികൾ എന്തിനാണ് ജൂനിയർ വിദ്യാർത്ഥികളുടെ റൂമിൽ പോകുന്നത്? ഇക്കാര്യത്തിൽ കോട്ടയത്തെ ഹോസ്റ്റലിൽ പരിശോധന നടത്തും. ക്യാമറകൾ ഉൾപ്പെടെ കോറിഡോറിൽ ഉണ്ട്, മോണിറ്ററിംഗ് നടക്കും. ജെഡിഎംഇ, ഡിഎംഇ എന്നിവരുടെ നേതൃത്വത്തിൽ വിശദമായ പരിശോധനകൾ നടക്കും. പ്രിൻസിപ്പലിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ മന്ത്രി, വിദ്യാർഥികൾ പരാതിപ്പെട്ടില്ലെന്ന് എങ്ങനെയാണ് പറയാൻ കഴിയുന്നതെന്നും ചോദിച്ചു.
കേസിലെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. കൂടുതൽ പ്രതികളും ഇരകളും റാഗിങ്ങിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കോളേജ് അധികൃതരുടെയും കൂടുതൽ മൊഴികൾ ശേഖരിക്കും. കോളേജ്, ഹോസ്റ്റൽ അധികൃതർക്ക് സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം ഗാന്ധിനഗർ കോളേജിലേക്ക് വിദ്യാർഥി സംഘടനകൾ പ്രതിഷേധം നടത്തി. പൊലീസ് അറിയാതെ ക്യാമ്പസിനുള്ളിൽ കയറിയ എബിവിപി പ്രവർത്തകർ ക്യാമ്പസ് കോമ്പൗണ്ടിൽ പ്രതിഷേധിച്ചു. കെഎസ്‌യു പ്രവർത്തകരും തുടർന്ന് പ്രതിഷേധവുമായി എത്തി. പിന്നാലെ എസ്എഫ്ഐയുടെ പ്രതിഷേധവും നടന്നു.
വരും ദിവസങ്ങളിലും സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട്. പൊലീസ് അന്വേഷണ വിവരങ്ങൾ പുറത്തുവരുന്നതനുസരിച്ച് പ്രതികളായ വിദ്യാർഥികൾക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചിരുന്നു.