അമേരിക്കയും ഇസ്രയേലും സമാന ആശങ്കകൾ പങ്കുവെച്ച സാഹചര്യത്തിൽ തിങ്കളാഴ്ച രാജ്യത്ത് അതീവ ശ്രദ്ധ ചെലുത്തണമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു
ഹമാസ്, ഹിസ്ബുല്ല നേതാക്കളുടെ വധവുമായി ബന്ധപ്പെട്ട് പശ്ചിമേഷ്യയിൽ അരക്ഷിതാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഇറാൻ ഈയാഴ്ച തന്നെ ഇസ്രയേലിനെതിരെ ആക്രമണം നടത്തിയേക്കുമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേശകൻ ജോൺ കിർബി. അമേരിക്കയും ഇസ്രയേലും സമാന ആശങ്കകൾ പങ്കുവെച്ച സാഹചര്യത്തിൽ തിങ്കളാഴ്ച രാജ്യത്ത് അതീവ ശ്രദ്ധ ചെലുത്തണമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. പ്രദേശത്തെ പിരിമുറുക്കം കുറക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി നേതാക്കളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയതിരുന്നു. ഇതിന് പിന്നാലെയാണ് ജോൺ കിർബിയുടെ പ്രസ്താവന.
ALSO READ: ഹമാസ്, ഹിസ്ബുല്ല നേതാക്കളുടെ വധം; ഇസ്രയേലിനെതിരെ പ്രതിരോധം കടുപ്പിച്ച് അറബ് മേഖല
രാജ്യത്തെ സാഹചര്യങ്ങൾ വിലയിരുത്തിയ മറ്റ് ഇസ്രയേൽ സഖ്യകക്ഷികൾ ഉയർത്തിയ അതേ ആശങ്കകൾ തന്നെയാണ് അമേരിക്കയ്ക്കും ഉള്ളതെന്ന് ജോൺ കിർബി പറയുന്നു. ഈ ആഴ്ച തന്നെ ആക്രമണം ഉണ്ടായേക്കാമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. ശക്തമായ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നും അതിന് തയ്യാറായിരിക്കണമെന്നും കിർബി പറഞ്ഞതായി ഇസ്രയേലി മാധ്യമമായ ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു.
ALSO READ: ഇസ്രയേൽ-അറബ് സംഘർഷം: ഇസ്രയേലിന് ആയുധ സഹായം വർധിപ്പിച്ച് അമേരിക്ക
ഇസ്രയേലിൻ്റെ പ്രതിരോധം പുനസ്ഥാപിക്കാനായി എല്ലാ നേതാക്കളും മുൻപ് പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കണമെന്നും അക്രമം വർധിക്കുന്നതിൽ താൽപര്യമില്ലെന്ന സന്ദേശത്തിൽ ഉറച്ചുനിൽക്കണമെന്നും ജോൺ കിർബി പറയുന്നു. പശ്ചിമേഷ്യയിലെ അരക്ഷിതാവസ്ഥയ്ക്ക് പിന്നാലെ യുഎസ്, ഖത്തർ, ഈജിപ്ഷ്യൻ മധ്യസ്ഥർ ഹമാസ്, ഇസ്രയേൽ കക്ഷികളോട് വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കാൻ ആവശ്യപ്പെട്ടിരുന്നു. മധ്യസ്ഥരുടെ ആവശ്യപ്രകാരം ഓഗസ്റ്റ് 15ന് ഗാസ വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കാൻ ഇസ്രായേൽ സമ്മതിക്കുകയും ചെയ്തു. എന്നാൽ ഇറാൻ ആക്രമണം കടുപ്പിക്കുകയാണെങ്കിൽ വെടിനിർത്തൽ ചർച്ചകളും താറുമാറായേക്കുമെന്ന ആശങ്കയും ജോൺ കിർബി പ്രകടിപ്പിച്ചു.
കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെനും ഇസ്രയേലിന് സമാന മുന്നറിയിപ്പ് നൽകിയിരുന്നു. എന്തിനും തയ്യാറാണെന്നും, ഏത് ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നുമായിരുന്നു അന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.
അതേസമയം, ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒരറിയിപ്പുണ്ടാകും വരെ നിർത്തിവെച്ചതായി എയർ ഇന്ത്യ അറിയിച്ചു. ഒഫീഷ്യൽ എക്സ് പോസ്റ്റിലൂടെയാണ് എയർ ഇന്ത്യയുടെ പ്രഖ്യാപനം. തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായാണ് നടപടിയെന്നും കമ്പനി വ്യക്തമാക്കി. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും, ഇതിനകം ടെൽ അവീവിലേക്കും തിരിച്ചും വിമാനങ്ങൾ ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകുന്നതടക്കം യാത്രക്കാർക്ക് എല്ലാ പിന്തുണയും നൽകുമെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ ന്യൂഡൽഹിയിൽ നിന്ന് ഇസ്രയേലിലേക്ക് ആഴ്‌ചയിൽ അഞ്ച് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.
കഴിഞ്ഞ മാസം ടെഹ്‌റാനിൽ ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയെ കൊലപ്പെടുത്തിയതിന് ഇസ്രയേലിനെതിരെ പ്രതികാര നടപടിയെടുക്കുമെന്ന് ഇറാൻ ആഹ്വാനം ചെയ്തിരുന്നു. പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധസമാന അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. എന്നാൽ ഇസ്രയേൽ സൈന്യത്തിനെതിരെ ആരോപിക്കപ്പെടുന്ന കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഇസ്രായേൽ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഹിസ്ബുല്ല കമാൻഡർ ഫുവാദ് ഷുക്കർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതും സംഘർഷം രൂക്ഷമാക്കിയിട്ടുണ്ട്.