ഒളിംപിക്സിലെ അയോഗ്യതാ നടപടിയെത്തുടര്‍ന്ന് വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു
വിനേഷ് ഫോഗട്ടിന്റെ അയോഗ്യതാ നടപടിയിൽ പ്രതികരണവുമായി മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍. വിനേഷിന് ഒആർഎസ് ലായനി നൽകിയതാണ് 52.7 കിലോഗ്രാമിലേക്ക് ഭാരം ഉയരാന്‍ കാരണമായതെന്നാണ് ആരോപണം. ഒറ്റരാത്രി കൊണ്ട് വർക്കൗട്ടിലൂടെ വിനേഷിന് 2.7 കിലോ കുറയ്ക്കാൻ കഴിയുമെന്ന് അവർ കരുതി. ഇത് അശ്രദ്ധയാണോ അതോ മനപൂർവമാണോ എന്നും പ്രശാന്ത് എക്സിൽ ചോദിച്ചു. ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട് ഉദ്ധരിച്ചാണ് പ്രശാന്ത് ഭൂഷന്‍റെ ട്വീറ്റ്. ഫോഗട്ടിന് നിർജലീകരണം ഒഴിവാക്കാൻ വെള്ളം നൽകിയെന്ന് ഇന്ത്യൻ സംഘത്തിൻ്റെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ ദിൻഷോ പർദിവാല പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.
ALSO READ : ഒളിംപിക്സ് അയോഗ്യത: വിനേഷ് ഫോഗട്ടിന്‍റെ അപ്പീലിൽ കായിക കോടതി ഇന്ന് വിധി പറയും
ഒളിംപിക്സിലെ അയോഗ്യതാ നടപടിയെത്തുടര്‍ന്ന് വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. റസ്‌ലിങ്ങിനോട് വിടപറയുന്നുവെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ വിനേഷ് വ്യക്തമാക്കി. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും വിനേഷ് കുറിച്ചു. നിങ്ങളുടെ സ്വപ്നങ്ങളും തൻ്റെ ധൈര്യവും പൂര്‍ണാമായി തകർന്നെന്നും ഇതിൽ കൂടുതൽ ശക്തി തനിക്കില്ലെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കി. എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും വിനേഷ് എക്സിൽ കുറിച്ചു.
അയോഗ്യത വിഷയം കായിക കോടതിയിലും വിനേഷ് ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. വെള്ളി മെഡൽ പങ്കുവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീലിൽ കോടതി ഇന്ന് വിധി പറയും. അതേസമയം, വിനേഷ് ഫോഗട്ടിൻ്റെ അയോഗ്യതയ്ക്ക് കാരണം ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷനും ഗുസ്തി ഫെഡറേഷനുമാണെന്ന ആരോപണവും ശക്തമാണ്.
ALSO READ : വെല്ലുവിളികളെ മലർത്തിയടിച്ച പോരാട്ടവീര്യം, വിനേഷ്, ദി സൂപ്പർ ഹീറോയിൻ
53 കിലോയിൽ മത്സരിക്കുകയയും കോമൺവെൽത്ത് സ്വർണമടക്കം നേടുകയും ചെയ്ത വിനേഷിനെ 50 കിലോയിലേക്ക് മാറ്റിയത് അസോസിയേഷൻ്റെ തീരുമാനമായിരുന്നു. 53 കിലോയിൽ നിന്ന് വിനേഷിനെ മാറ്റിയതിൽ വ്യക്തമായ മറുപടി പറയാൻ അസോസിയേഷന് ഇതുവരെ സാധിച്ചിട്ടില്ല. സ്ഥിരമായി മത്സരിക്കുന്ന വിഭാഗത്തിൽ നിന്ന് ഭാരം കുറയ്ക്കുമ്പോൾ കൃത്യമായി ഡയറ്റ് ക്രമീകരിക്കേണ്ടത് പരീശീലകരും ഡോക്ടർമാരുമാണ്.