Poll Lab | കേരളത്തിലെ ഭരണപ്രതിസന്ധികളും രാഷ്ട്രപതി ഭരണവും

ഐക്യകേരളത്തില്‍ ഇതുവരെ ഏഴ് തവണ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവന്നിട്ടുണ്ട്.
Poll Lab | കേരളത്തിലെ ഭരണപ്രതിസന്ധികളും രാഷ്ട്രപതി ഭരണവും
Published on
Updated on

ഐക്യകേരളത്തില്‍ ഇതുവരെ ഏഴ് തവണ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവന്നിട്ടുണ്ട്. 1956ൽ സംസ്ഥാന രൂപീകരണത്തിനു തൊട്ടുപിന്നാലെയായിരുന്നു ആദ്യം. പിന്നീട് ആറ് തവണ കൂടി കേരളം രാഷ്ട്രപതി ഭരണത്തിലായി. ഭരണപ്രതിസന്ധികളും രാഷ്ട്രീയ അസ്ഥിരതയുമായിരുന്നു പലപ്പോഴും കാരണം.

23.03.1956 – 05.04.1957

1956 നവംബര്‍ ഒന്നിനാണ് ഐക്യകേരളം നിലവില്‍വന്നത്. രൂപീകരണവേളയില്‍ മന്ത്രിസഭയും നിയമസഭയും ഇല്ലാതിരുന്ന ഏക സംസ്ഥാനം കേരളമായിരുന്നു. തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന പനമ്പിളളി ഗോവിന്ദമേനോന്‍ 1956 മാർച്ച് 23ന് സ്ഥാനമൊഴിഞ്ഞിരുന്നു. അന്നു മുതല്‍ കേരളപ്പിറവിക്കു തലേന്നുവരെ തിരുക്കൊച്ചി രാഷ്‌ട്രപതി ഭരണത്തിന്റെ കീഴിലായിരുന്നു. കേരളം രൂപീകരിച്ചപ്പോൾ രാഷ്‌ട്രപതി ഭരണം നീട്ടി. ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇഎംഎസ് സര്‍ക്കാര്‍ അധികാരത്തിലെത്തും വരെ, അതായത് 1956 മാര്‍ച്ച് 23 മുതല്‍ 1957 ഏപ്രില്‍ അഞ്ച് വരെ കേരളം രാഷ്ട്രപതി ഭരണത്തിലായിരുന്നു.

Poll Lab | കേരളത്തിലെ ഭരണപ്രതിസന്ധികളും രാഷ്ട്രപതി ഭരണവും
Poll Lab | അടിയന്തരാവസ്ഥ മറന്ന് കേരളം ജയിപ്പിച്ചു; പക്ഷേ...

31.07.1959 – 22.02.1960

ആദ്യ ഇഎംഎസ് സര്‍ക്കാരിന്റെ രണ്ടാം വര്‍ഷമാണ് കേരളം വീണ്ടും രാഷ്ട്രപതി ഭരണത്തിനു കീഴിലാകുന്നത്. വിമോചന സമര നാളിലാണ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത്. ഇഎംഎസ് സര്‍ക്കാരിനോടുള്ള പ്രതിഷേധങ്ങളും, പൊലീസ് വെടിവെപ്പുമൊക്കെ കണക്കിലെടുത്തായിരുന്നു കേന്ദ്ര തീരുമാനം. 1959 ജൂലൈ 31 മുതല്‍ 1960 ഫെബ്രുവരി 22 വരെ ഭരണം തുടര്‍ന്നു.

10.09.1964 – 06.03.1967

1960ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, പിഎസ്‍പി, മുസ്ലീം ലീഗ് സഖ്യം അധികാരത്തിലെത്തി. പട്ടം താണു പിള്ളയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ ഒരു മാസത്തിനിപ്പുറം പിഎസ്‍പി മന്ത്രിമാര്‍ രാജിവച്ചു. ഭരണം നാലാം വര്‍ഷം എത്തുമ്പോഴേക്കും, കോണ്‍ഗ്രസ് എംഎല്‍എമാരും ചേരിതിരിഞ്ഞു. പി.ടി. ചാക്കോ മന്ത്രിസ്ഥാനം രാജിവച്ചു. മന്ത്രിസഭയ്ക്കെതിരെ അവിശ്വാസ പ്രമേയവും പാസായി. 1964 സെപ്റ്റംബര്‍ പത്തിന് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. 1967 മാര്‍ച്ച് ആറ് വരെ ഭരണം തുടര്‍ന്നു.

Poll Lab | കേരളത്തിലെ ഭരണപ്രതിസന്ധികളും രാഷ്ട്രപതി ഭരണവും
Poll Lab | ഇതുവരെ 23 മന്ത്രിസഭകള്‍; കാലാവധി തികച്ചത് ഏഴ്

04.08.1970 – 03.10.1970

1967ലെ സപ്തകക്ഷി മുന്നണി തകര്‍ന്നതോടെ ഇഎംഎസ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞു. പിന്നാലെ, 1969 നവംബര്‍ ഒന്നിന് കോണ്‍ഗ്രസ് പിന്തുണയില്‍ സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ അധികാരമേറ്റു. എന്നാല്‍ കോണ്‍ഗ്രസിലെ പിളര്‍പ്പും, ഐസ്‍പിയിലെ ആഭ്യന്തര പ്രശ്നങ്ങളുമൊക്കെ മന്ത്രിസഭയെ സാരമായി ബാധിച്ചു. ഇതോടെ, നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാമെന്ന് ഭരണമുന്നണി തീരുമാനമെടുത്തു. പിന്നാലെ കേരളം വീണ്ടും രാഷ്ട്രപതി ഭരണത്തിലായി. 1970 ഓഗസ്റ്റ് നാല് മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയായിരുന്നു രാഷ്ട്രപതി ഭരണം.

05.12.1979 – 25.01.1980

1977ല്‍ ഐക്യമുന്നണി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചാണ് അധികാരത്തിലെത്തിയത്. എന്നാല്‍ അടിയന്തരാവസ്ഥക്കാലത്തെ പൊലീസ് അതിക്രമങ്ങള്‍ പുറത്തുവന്നതോടെ, മുഖ്യമന്ത്രി കെ. കരുണാകരന് രാജിവയ്ക്കേണ്ടിവന്നു. തുടര്‍ന്ന് എ.കെ. ആന്റണി മുഖ്യമന്ത്രിയായി. എന്നാല്‍ അഖിലേന്ത്യ കോണ്‍ഗ്രസിലെ പിളര്‍പ്പും ചേരിതിരിവും ആന്റണിയെയും താഴെയിറക്കി. പിന്നാലെയെത്തിയ സിപിഐയിലെ പി.കെ. വാസുദേവന്‍ നായര്‍ക്കും അധികകാലം മുഖ്യമന്ത്രി ആയിരിക്കാന്‍ കഴിഞ്ഞില്ല. അഖിലേന്ത്യാ തലത്തില്‍ ഇടതുപക്ഷ ഐക്യത്തിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ തുടങ്ങിയ കാലമായിരുന്നു. സിപിഐയും ആര്‍എസ്‍പിയും ഐക്യമുന്നണി വിടാന്‍ തീരുമാനിച്ചതോടെ പികെവി രാജിവച്ചു. തുടര്‍ന്ന് ലീഗില്‍നിന്ന് സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായി. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പ്രതിപക്ഷം ചേരുകയും, ജനതാ പാര്‍ട്ടി പിളരുകയും, ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് യു ഇടഞ്ഞുനില്‍ക്കുകയും ചെയ്തതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട മന്ത്രിസഭ വീണു. തുടര്‍ന്ന് 1979 ഡിസംബര്‍ അഞ്ച് മുതല്‍ 1980 ജനുവരി 25 വരെ കേരളത്തില്‍ രാഷ്ട്രപതി ഭരണമായി.

Poll Lab | കേരളത്തിലെ ഭരണപ്രതിസന്ധികളും രാഷ്ട്രപതി ഭരണവും
Poll Lab | തോറ്റ് തോറ്റ് റെക്കോഡിട്ടും തെരഞ്ഞെടുപ്പ് പോരാട്ടം അവസാനിപ്പിക്കാതെ പത്മരാജന്‍

21.10.1981 – 28.12.1981

1980ലെ ഇ.കെ. നായനാര്‍ മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെയൊണ് കേരളത്തില്‍ ആറാമതും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത്. സിപിഐക്കൊപ്പം, ആന്റണിയുടെ കോണ്‍ഗ്രസ് യു-വും, കേരള കോണ്‍ഗ്രസ് മാണി, പിള്ള ഗ്രൂപ്പുകളും, പ്രതിപക്ഷ മുസ്ലീം ലീഗും ചേരുന്നതായിരുന്നു ഇടതുമുന്നണി. ആന്റണി കോണ്‍ഗ്രസും, മാണിയുടെ കേരള കോണ്‍ഗ്രസും പിന്തുണ പിന്‍വലിച്ചതോടെ, ഭൂരിപക്ഷം നഷ്ടപ്പെട്ട് നായനാര്‍ മന്ത്രിസഭ രാജിവച്ചു. 1981 ഒക്ടോബര്‍ 21 മുതല്‍ ഡിസംബര്‍ 28 വരെ കേരളത്തില്‍ രാഷ്ട്രപതി ഭരണമായി.

17.03.1982 – 23.05.1982

1981ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയും സി.എച്ച്. മുഹമ്മദ് കോയ ഉപമുഖ്യമന്ത്രിയുമായി മന്ത്രിസഭ രൂപീകരിക്കപ്പെട്ടു. കോണ്‍ഗ്രസ് യു പിരിഞ്ഞ് കോണ്‍ഗ്രസ് യു ആയതും, ജനതാ പാര്‍ട്ടിയില്‍ സംഭവിച്ച പിളര്‍പ്പുമൊക്കെ മന്ത്രിസഭയെ ബാധിച്ചു. സ്പീക്കറുടെ കാസ്റ്റിങ് വോട്ടിൽ ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിൽ തൂങ്ങിനിന്ന മന്ത്രിസഭ, കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ലോനപ്പന്‍ നമ്പാടന്‍ ഭരണമുന്നണി വിട്ടതോടെ വീണു. കേരളം വീണ്ടും രാഷ്ട്രപതി ഭരണത്തിലായി. 1982 മാര്‍ച്ച് 17 മുതല്‍ മെയ് 23 വരെ അത് തുടര്‍ന്നു. അതായിരുന്നു കേരളത്തിലെ അവസാന രാഷ്ട്രപതി ഭരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com