എക്സിറ്റ് പോൾ ഫലങ്ങൾ; ആത്മവിശ്വാസത്തിൽ യുഡിഎഫ്, പ്രവചനങ്ങളെ തള്ളി എൽഡിഎഫ്

70 മുതൽ 80 സീറ്റുകൾ വരെ യുഡിഎഫ് നേടുമെന്നാണ് ഭൂരിപക്ഷം സർവേകളും പറയുന്നത്
എക്സിറ്റ് പോൾ ഫലങ്ങൾ; പ്രതികരിച്ച് നേതാക്കൾ
Published on
Updated on

കൊച്ചി: കേരളത്തിൽ കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് യുഡിഎഫ് അധികാരത്തിലേറുമെന്ന പ്രവചനവുമായാണ് കഴിഞ്ഞ ദിവസം എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. എട്ട് എക്സിറ്റ് സർവെകളിലും യുഡിഎഫിന് നേരിയ ഭൂരിപക്ഷമുണ്ടാകുമെന്നായിരുന്നു പ്രവചനം. 70 മുതൽ 80 സീറ്റുകൾ വരെ യുഡിഎഫ് നേടുമെന്നാണ് ഭൂരിപക്ഷം സർവേകളും പറയുന്നത്. 60നും 70നും ഇടയിൽ സീറ്റാണ് ഇടത് മുന്നണി നേടുകയെന്നാണ് പ്രവചനം. അതോടൊപ്പം തന്നെ ബിജെപി ഇക്കുറി നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിട്ടുണ്ട്.

എക്സിറ്റ് പോൾ ഫലങ്ങൾ; പ്രതികരിച്ച് നേതാക്കൾ
കേരളം യുഡിഎഫ് ഭരിക്കുമെന്ന് ഭൂരിഭാ​ഗം എക്സിറ്റ് പോൾ പ്രവചനങ്ങൾ; 90 സീറ്റ് വരെ നേടുമെന്നും പ്രവചനം

ഏറെ പ്രതിസന്ധികളിൽ നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫ് ക്യാംപിന് ആവേശം പകരുന്ന പ്രഖ്യാപനമായിരുന്നു ഇത്തവണ എക്സിറ്റ് പോൾ സർവേകളിൽ വന്നത്. ഭരണത്തിൽ വരുമെന്ന പ്രഖ്യാപനത്തെ ശരിവയ്ക്കുന്ന റിപ്പോർട്ടുകൾ വന്നതോടെ യുഡിഎഫ് നേതാക്കളും കൂടുതൽ ആത്മവിശ്വാസത്തോടെ പ്രതികരിച്ചു തുടങ്ങി. എൽഡിഎഫ് ഭരണത്തെ താഴെ ഇറക്കാൻ ജനം വോട്ടു ചെയ്തു എന്നാണ് കോൺഗ്രസ് നേതാവ് എം.എം. ഹസൻ പ്രതികരിച്ചത്. ആദ്യം മുതൽ പാർട്ടി ഇത് പറയുന്നതാണ്. അത് ഉറപ്പിക്കുന്നതാണ് ഫലങ്ങൾ. എൽഡിഎഫ് തീരുമാനിച്ച സത്യപ്രതിജ്ഞാ പന്തലിൽ യുഡിഎഫ് സത്യപ്രതിജ്ഞ ചെയ്യുമെന്നും ഹസൻ പറഞ്ഞു.

എക്സിറ്റ് പോൾ ഫലങ്ങൾ; പ്രതികരിച്ച് നേതാക്കൾ
"സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകും"; എക്സിറ്റ് ഫലത്തിൽ വിശ്വാസമില്ലെന്ന് മുഹമ്മദ് റിയാസ്

ജനങ്ങൾ ഭരണവിരുദ്ധ വികാരത്തിനപ്പുറം പിണറായിസമാണ് ചർച്ച ചെയ്തത്. 86 സീറ്റിൽ യുഡിഎഫ് ഉറപ്പായും ജയിക്കുമെന്ന് പി.വി. അൻവർ പറഞ്ഞു. ഏറെ പ്രതീക്ഷ നൽകുന്ന എക്സിറ്റ് പോളെന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് അപു ജോൺ ജോസഫും പ്രതികരിച്ചു.

"ഞങ്ങളുടെ പ്രയത്നത്തിന് ഫലമുണ്ടായി. അതാണ് എക്സിറ്റ് പോളിൽ കണ്ടത്" തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. സർക്കാർ സ്വപ്ന ലോകത്തായിരുന്നു. ജനങ്ങളുടെ വേദന കണ്ടില്ല. യുഡിഎഫ് വമ്പിച്ച വിജയത്തിലേക്കാണ് പോകുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു. എക്സിറ്റ് പോൾ പ്രവചനം യാഥാർഥ്യമാകാനാണ് സാധ്യതയെന്നും 80-90 സീറ്റുകളിൽ യുഡിഎഫ് ജയിക്കുമെന്നും കെ. മുരളീധരനും പ്രതികരിച്ചു. പാർട്ടി തോറ്റിട്ട് പിണറായിക്ക് മുൻതൂക്കമുണ്ടായിട്ട് കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു.

എക്സിറ്റ് പോൾ വലിയ ആത്മവിശ്വാസം നൽകുന്നുവെന്നാണ് ലീഗിന്റെ പ്രതികരണം. അതോടൊപ്പം വി.ഡി. സതീശന് എക്സിറ്റ് പോളിൽ ലഭിക്കുന്ന പിന്തുണയേയും ലീഗ് സ്വാഗതം ചെയ്തു. അത് ജനങ്ങളുടെ അഭിപ്രായം ആണെന്നല്ലേ മനസിലാക്കേണ്ടതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. എക്സിറ്റ് പോളിൽ കാണിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നതായും ലീഗ് വ്യക്തമാക്കി.

എക്സിറ്റ് പോൾ ഫലങ്ങൾ; പ്രതികരിച്ച് നേതാക്കൾ
'കേരളത്തിൽ ബിജെപിക്ക് 18 സീറ്റ്! ആകെ 160 സീറ്റ്!'; സുദർശൻ ടിവിയുടെ എക്സിറ്റ് പോൾ പ്രവചനത്തെ ട്രോളി മലയാളികൾ, വീഡിയോ

നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടത്തിലും യുഡിഎഫ് വിജയപ്രതീക്ഷയിലായിരുന്നുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ആ ഗ്യാരണ്ടി സ്കീം ജനങ്ങൾ സ്വീകരിച്ചു. പ്രതിപക്ഷ നേതാവിൻ്റെ യാത്ര ജനങ്ങൾ ഏറ്റെടുത്തു. എക്സിറ്റ് പോൾ ഫലങ്ങൾ ഞങ്ങളുടെ വിലയിരുത്തൽ ശരി വയ്ക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേ സമയം എക്സിറ്റ് പോൾ സർവേകളെ അടിമുടി തള്ളിക്കളഞ്ഞാണ് എൽഡിഎഫ് പ്രതികരിച്ചത്. യാതൊരു ഉത്കണ്ഠയും ഇല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് എക്സിറ്റ്പോൾ തെളിയിക്കുന്നു. മുഖ്യമന്ത്രിയാകാൻ ഏറ്റവും സാധ്യതയുള്ളയാൾ പിണറായി വിജയൻ ആണെന്നും എക്സിറ്റ് പോൾ പറയുന്നുവെന്നാണ് എം.വി.ഗോവിന്ദന്റെ വാദം. എൽഡിഎഫിനെ അധികാരത്തിലെത്തിക്കുമെന്ന് പരസ്യ പ്രഖ്യാപനത്തിന്റെ ഉള്ളറകളാണ് സർവേയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഒരു റിപ്പോർട്ടിനെയും അല്ല, ഞങ്ങൾ വിശ്വസിക്കുന്നത് ജനങ്ങളെയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

"എക്‌സിറ്റ് പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഉണ്ടായിരുന്നു. അന്ന് ശൈലജ ടീച്ചർ തോൽക്കുമെന്ന് പ്രവചിച്ചിരുന്നു. അന്നത്തെ എക്സിറ്റ് പോൾ നിരീഷണം തെറ്റായിരുന്നു. ഇത്തവണത്തേത് സ്വീകരിക്കാനാവില്ല. ഇത് യഥാർഥ്യത്തിൽ നിന്നും വ്യത്യസ്തമാണ്." എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ഇവിടെ ഭരണ വിരുദ്ധ വികാരമില്ല. അതെല്ലാം മാധ്യമ സൃഷ്ടിമാത്രമാണ്. എക്സിറ്റ് പോളിൽ ഏറ്റവും മികച്ച പിന്തുണ മുഖ്യമന്ത്രിക്കാണെന്നും ഭരണത്തുടർച്ച ഉണ്ടാകുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നും എക്സിറ്റ് പോൾ തള്ളുന്നുവെന്നും സിപിഐഎം നേതാവ് എ.കെ. ബാലൻ പ്രതികരിച്ചു. കേരളത്തിൽ ബിജെപി ഒറ്റ സീറ്റും നേടില്ലെന്നും കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടോത്രം നടത്തുകയാണെന്നും ബാലൻ പറഞ്ഞു. പുറത്തുവന്നിട്ടുള്ള എക്സിറ്റ് പോൾ ഫലത്തിൽ വിശ്വാസമില്ല. സംസ്ഥാനത്ത് എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു. പലപ്പോഴും എക്സിറ്റ് പോളുകൾ തെറ്റിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 2021 താൻ ബേപ്പൂരിൽ തോൽക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം പുറത്തുവന്നത്. പക്ഷേ ഫലം വന്നപ്പോൾ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയായിരുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

എക്സിറ്റ് പോൾ ഫലങ്ങൾ; പ്രതികരിച്ച് നേതാക്കൾ
പവർ കട്ട് ഇല്ലെന്ന് പറയുന്നത് കബളിപ്പിക്കൽ, ആഭ്യന്തര ഉൽപ്പാദനം ഉയർത്തിയില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും: ബിജു പ്രഭാകർ

ഇത്തവണ ബിജെപി നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി ക്യാമ്പിനും പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ കൂടുതൽ നേട്ടമുണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. എക്സിറ്റ്‌പോൾ ഫലം മുഖവിലക്കെടുക്കുന്നില്ലന്നാണ് എൻ.എൻ. കൃഷ്ണദാസിന്റെ പ്രതികരണം. 2021ൽ എൽഡിഎഫിന് ഭരണം ലഭിക്കില്ലെന്നായിരുന്നു എക്സിറ്റ്‌പോളെന്നും പാലക്കാട് മണ്ഡലത്തിൽ ഉൾപ്പെടെ ബിജെപിക്ക് പ്രതീക്ഷ മാത്രമേയുള്ളൂവെന്നും എൻ. എൻ. കൃഷ്ണദാസ് പറഞ്ഞു.

News Malayalam 24x7
newsmalayalam.com