മഞ്ചേശ്വരത്തെ ജനമനസ് ആർക്കൊപ്പം?

ബിജെപിയെ സംബന്ധിച്ച് എ ക്ലാസ് മണ്ഡലമാണ് മഞ്ചേശ്വരം.
മഞ്ചേശ്വരത്തെ ജനമനസ് ആർക്കൊപ്പം?
Published on
Updated on

ബിജെപിയെ സംബന്ധിച്ച് എ ക്ലാസ് മണ്ഡലമാണ് മഞ്ചേശ്വരം. ഇത്തവണ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന് പറയുമ്പോള്‍ അതിലൊന്ന് മഞ്ചേശ്വരം ആകുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ. കാലങ്ങളായി കൂടെയുള്ള മണ്ഡലത്തെ ഇക്കുറിയും ചേര്‍ത്ത് പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് യുഡിഎഫിൻ്റെ എ.കെ.എം. അഷ്‌റഫ്.

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം അപരന്മാരും വിമതരും പത്രിക പിന്‍വലിക്കലുമൊക്കെ കഴിഞ്ഞ് ഇതിനോടകം തന്നെ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമാണിത്. ഈ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരമാണെങ്കിലും പ്രധാനപോര് യുഡിഎഫും എന്‍ഡിഎയും തമ്മിലാണ്.

മഞ്ചേശ്വരത്തെ ജനമനസ് ആർക്കൊപ്പം?
അഞ്ച് വര്‍ഷം കഴിഞ്ഞ് വീണ്ടും നേര്‍ക്കുനേര്‍; ജനങ്ങൾ ആരെ തുണയ്ക്കും?

മൂന്ന് വട്ടവും കൈയൊഴിഞ്ഞ മണ്ഡലത്തെ ഇത്തവണയെങ്കിലും ബിജെപി പാളയത്തില്‍ എത്തിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് എന്‍ഡിഎ. കെ. സുരേന്ദ്രനെ സംബന്ധിച്ച് ഇത് അഭിമാന പോരാട്ടം കൂടിയാണ്. 2006ല്‍ മാഞ്ഞുപോയ മണ്ഡലത്തിലെ ചുവപ്പ് വീണ്ടും തെളിയിക്കാനുള്ള പരിശ്രമത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ആര്‍. ജയാനന്ദ..

2011-ൽ മഞ്ചേശ്വരത്തിൻ്റെ തെരഞ്ഞെടുപ്പ് കളത്തിലേക്ക് ആദ്യമായി കെ. സുരേന്ദ്രന്‍ എത്തി. യുഡിഎഫിന് വേണ്ടി പി.ബി. അബ്ദുള്‍ റസാഖും പോരിനിറങ്ങി. തെരഞ്ഞെടുപ്പ് കളത്തില്‍ സിറ്റിങ് എംഎല്‍എ കുഞ്ഞമ്പുവും. മത്സരാന്ത്യം മണ്ഡലം യുഡിഎഫ് തിരിച്ച് പിടിച്ചു. സിപിഐഎമ്മിനെ മണ്ഡലം കൈയൊഴിഞ്ഞു.

2016-ലെ തെരഞ്ഞെടുപ്പില്‍ കളം മാറി. മുന്നണികള്‍ക്കിടയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ശ്രദ്ധേയമായത് സ്വതന്ത്ര പോരാട്ടമാണ്. എന്‍ഡിഎയ്ക്ക് വേണ്ടി സുരേന്ദ്രന്‍ വീണ്ടുമെത്തി. സ്വതന്ത്രനായി കെ. സുന്ദരയും. കേവലം 89 വോട്ടിന് ബിജെപിയെ മണ്ഡലം കൈവിട്ടു. അന്ന് 467 വോട്ടുകള്‍ സുന്ദര നേടി. രണ്ടാം ഊഴത്തിലും പി.ബി. അബ്ദുള്‍ റസാഖ് വിജയക്കൊടി പാറിച്ചു.

മഞ്ചേശ്വരത്തെ ജനമനസ് ആർക്കൊപ്പം?
പേരാമ്പ്രയിൽ നിർണായക പോരാട്ടം; ഇടതുകോട്ടയിൽ വിള്ളൽ വീഴുമോ?

പി.ബി. അബ്ദുള്‍ റസാഖിൻ്റെ മരണത്തെ തുടര്‍ന്ന് 2019-ല്‍ ഉപതിരഞ്ഞെടുപ്പ്. അന്നും മണ്ഡലം പതിവ് തെറ്റിച്ചില്ല. യുഡിഎഫിൻ്റെ എം.സി. ഖമറുദ്ദീന് ജനവിധി അനുകൂലമായി. പിന്നാലെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി. ഖമറുദ്ദീന്‍ അറസ്റ്റിലായത് യുഡിഎഫിനെ പ്രതിരോധത്തിലാക്കി.

2021-ല്‍ മൂന്നാം അങ്കത്തിന് കെ. സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് കളത്തിലെത്തി. എന്നിട്ടും മഞ്ചേശ്വരത്തിന് മാറി ചിന്തിക്കാന്‍ സാധിച്ചില്ല. 745 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ എ.കെ.എം. അഷ്‌റഫ് ജയിച്ചു. സുരേന്ദ്രന് മഞ്ചേശ്വരം ഹാട്രിക് തോല്‍വി സമ്മാനിച്ചു.

മഞ്ചേശ്വരത്തെ ജനമനസ് ആർക്കൊപ്പം?
അഞ്ച് വര്‍ഷം കഴിഞ്ഞ് വീണ്ടും നേര്‍ക്കുനേര്‍; ജനങ്ങൾ ഇവരിൽ ആരെ തുണയ്ക്കും?

ഇക്കുറിയും അപരന്‍മാരുടെ സാന്നിധ്യം തെരഞ്ഞെടുപ്പിന്‍റെ വിധി നിശ്ചയിക്കുന്നതില്‍ നിര്‍ണായക ഘടകമാകും. എ.കെ.എം. അഷ്‌റഫ് കഴിഞ്ഞ അഞ്ച് കൊല്ലത്തിനുള്ളില്‍ എംഎല്‍എ എന്ന നിലയില്‍ നിറഞ്ഞു നിന്നിട്ടുണ്ടെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങളാല്‍ കടുത്ത മത്സരത്തിനാണ് മണ്ഡലം വേദിയാകുക.

എ ക്ലാസ് മണ്ഡലം എന്ന വിശേഷണം ചാര്‍ത്തി കിട്ടിയതിനാല്‍ രണ്ടുകല്‍പ്പിച്ചാണ് എന്‍ഡിഎയുടെ പോരാട്ടം. ഒപ്പം ബിജെപിയെ തോല്‍പ്പിക്കാന്‍ ഇടത് വലത് മുന്നണികള്‍ പരസ്പരം വോട്ട് മറിക്കുന്നത് പതിവാണെന്ന ആരോപണവും എന്‍ഡിഎ ഉന്നയിക്കുന്നു.

മറ്റൊരു നിര്‍ണായക ഘടകമാകാന്‍ പോകുന്നത് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജീന്‍ ലാവിന മൊന്തേറോയാണ്. കൊങ്കണി ലത്തീന്‍ വിഭാഗത്തില്‍ പെട്ട ഇവരുടെ സ്വാധീനം മണ്ഡലത്തില്‍ പ്രതിഫലിക്കുമെന്നാണ് കണക്കൂട്ടൽ. 6000ത്തിലേറെ വോട്ടര്‍മാര്‍ ഈ വിഭാഗത്തിലുണ്ട്. ഇവര്‍ക്ക് കിട്ടുന്ന വോട്ടുകള്‍ ആര്‍ക്ക് വിനയാകുമെന്നും കണ്ടറിയണം.

മഞ്ചേശ്വരത്തെ ജനമനസ് ആർക്കൊപ്പം?
പാർട്ടി vs വിമതർ; കണ്ണൂരിൽ ജയം ആർക്കൊപ്പം?

എസ്‌ഡിപിഐ വോട്ടുകളുടെ കാര്യത്തിൽ ഇടതുവലതു മുന്നണികൾ കൃത്യമായ നിലപാട് അറിയിക്കാത്തതും, യുഡിഎഫ് സമ്മർദം മൂലം പത്രിക പിൻവലിക്കേണ്ടി വന്ന കെ.എം. അഷ്റ‌ഫിൻ്റെ പ്രതികരണവുമെല്ലാം. ഈ തെരഞ്ഞെടുപ്പിൽ നിർണായകമാകും.

കൂടാതെ എസ്‌ഐആറിലൂടെ ഇല്ലാതായ വോട്ടുകളും ആർക്ക് തിരിച്ചടിയാകുമെന്നത് പ്രവചനാതീതമാണ്.. വോട്ട് ഷെയറിലുണ്ടാകുന്ന നേരിയ കുറവുപോലും തെരഞ്ഞെടുപ്പ് ഫലത്തെ മാറ്റിമറിക്കാം. 2021ൽ വോട്ടർമാരുടെ എണ്ണം 2,21,711ആയിരുന്നു. 2,30,113 വോ​ട്ട​ർ​മാ​രാ​ണ്​ മ​ഞ്ചേ​ശ്വ​ര​ത്തു​ള്ള​ത്. 8402 ​വോ​ട്ടിൻ്റെ വ​ർ​ധ​ന തള്ളിയതിൻ്റേയും ചേർത്തതിൻ്റേയും ഗുണഭോക്താക്കൾ ആരാകും എന്ന് തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ അറിയാം.

അഞ്ച് വര്‍ഷം മുമ്പ് നേര്‍ക്കുനേര്‍ മത്സരിച്ചവര്‍ വീണ്ടും പോരിനിറങ്ങുന്നു എന്ന സവിശേഷത കൂടി ഇത്തവണ മണ്ഡലത്തിന് ഉണ്ട്. എ.കെ.എം. അഷ്റഫും കെ. സുരേന്ദ്രനും വീണ്ടും പോരിന് ഇറങ്ങുമ്പോള്‍, അഷ്റഫിന് സിറ്റിങ് സ്ഥാനം ഉറപ്പിക്കാനുള്ളതും, സുരേന്ദ്രന് കഴിഞ്ഞ തവണ മൂന്ന് തവണ കൈവിട്ട ജയം ഇത്തവണ ഉറപ്പിക്കാനുമുള്ള പോരാട്ടത്തിനാണ് മഞ്ചേശ്വരം സാക്ഷ്യം വഹിക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com