തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയപരിധി ചുരുക്കിയതോടെ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ആകാതെ വലിയൊരു വിഭാഗം അപേക്ഷകർ. മാർച്ച് 15 വരെ ലഭിച്ച അപേക്ഷകരാണ് സപ്ലിമെൻ്ററി വോട്ടർപട്ടികയിൽ ഇടം നേടുക. ഇതോടെ നാമനിർദേശപത്രിക സമർപ്പണത്തിൻ്റെ അവസാന ദിവസം വരെയുള്ള അപേക്ഷകൾ പരിഗണിക്കുമെന്ന കമ്മീഷൻ്റെ ഉറപ്പ് വെറുതെയായി.
സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണ വേളയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ നൽകിയ ഉറപ്പാണ് പാഴ് വാക്കായത്. നവംബറിലാണ് സംസ്ഥാനത്ത് എസ്ഐആർ നടപടികൾ ആരംഭിച്ചത്. പിന്നീട് നീണ്ട മൂന്നുമാസത്തെ പ്രക്രിയകൾക്ക് ശേഷം ഫെബ്രുവരിയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 8.9 ലക്ഷത്തോളം വോട്ടർമാർ ഈ പട്ടികയിൽ നിന്ന് പുറത്തായി.
അർഹതപ്പെട്ട ഒരു വോട്ടറും പട്ടികയിൽ നിന്ന് പുറത്താക്കില്ലെന്നായിരുന്നു തുടക്കം മുതൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാദം. ഇതുപ്രകാരം അർഹതപ്പെട്ട എല്ലാവർക്കും സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിലെ നാമനിർദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകുമെന്നും കമ്മീഷൻ ഉറപ്പുനൽകി.
എന്നാൽ പെട്ടെന്നാണ് യാതൊരു വിധ മുന്നറിയിപ്പുമില്ലാതെ മാറ്റം ഉണ്ടായത്. വോട്ടർമാരിൽ നിന്ന് ലഭിച്ച അപേക്ഷകളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പരമാവധി 10 ദിവസം ആവശ്യമാണെന്നും ആയതിനാൽ മാർച്ച് 15 വരെ അപേക്ഷ സമർപ്പിച്ചവർ മാത്രമായിരിക്കും സപ്ലിമെൻ്ററി വോട്ടർപട്ടികയിൽ ഇടം നേടുകയെന്നും കമ്മീഷൻ അറിയിച്ചു.
ഇതോടെ മാർച്ച് 16 നും 23 നും ഇടയിൽ അപേക്ഷ സമർപ്പിച്ചവർ പട്ടികയിൽ ഇല്ലാത്തവരായി. ഒപ്പം നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള ഇവരുടെ അവകാശവും നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമായിരിക്കും മാർച്ച് 15 നു ശേഷം ലഭിച്ച അപേക്ഷകളിൽ നടപടി സ്വീകരിക്കുക. കമ്മീഷൻ്റെ തെറ്റായ അറിയിപ്പിലൂടെ അർഹതപ്പെട്ട നിരവധി പേർക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയാത്ത അവസ്ഥയായി. നടപടിക്രമങ്ങളിൽ മാറ്റം വരുത്തി മാർച്ച് 23 വരെ അപേക്ഷ സമർപ്പിച്ച അർഹരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം.