
ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയയുടെ ആന്ധ്രപ്രദേശിലെ കാര്‍ നിര്‍മാണ യൂണിറ്റില്‍നിന്ന് 1008 എഞ്ചിനുകള്‍ കാണാതായ സംഭവത്തില്‍ ജീവനക്കാര്‍ സംശയനിഴലില്‍. ആക്രി കച്ചവടക്കാരുമായി ധാരണയുണ്ടാക്കിയശേഷം കാര്‍ എഞ്ചിനുകള്‍ കടത്തിയെന്ന ആരോപണത്തിലാണ് മുന്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണം. മൂന്ന് വര്‍ഷത്തിനിടെ 19 കോടിയോളം (2.3 മില്യണ്‍ ഡോളര്‍) വില വരുന്ന എഞ്ചിനുകളാണ് ഫാക്ടറിയില്‍നിന്ന് കടത്തിയത്. സംഭവത്തില്‍, എഞ്ചിന്‍ ഡിസ്‌പാച്ച് വിഭാഗത്തിലെ മുന്‍ മേധാവി, ടീം ലീഡര്‍ എന്നിവരുടെ പങ്ക് സംബന്ധിച്ചാണ് അന്വേഷണമെന്ന് പൊലീസ് വിവരങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്റ്റോക്ക് കണക്കെടുപ്പിനും ആഭ്യന്തര ഓഡിറ്റിനും പിന്നാലെ, 2025 ജനുവരിയിലാണ് വന്‍ ക്രമക്കേട് കമ്പനിയുടെ ശ്രദ്ധയില്‍പ്പെട്ടത്. അനധികൃത വാഹനങ്ങള്‍ കമ്പനിയില്‍ വന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍നിന്ന് ലഭിച്ചതിനു പിന്നാലെയാണ് കിയ ആദ്യം പൊലീസില്‍ പരാതി നല്‍കുന്നത്. സഹോദര സ്ഥാപനമായ ഹ്യൂണ്ടായിയില്‍നിന്ന് വാങ്ങിയതുള്‍പ്പെടെ, 940 കാര്‍ എഞ്ചിനുകള്‍ കാണാതായതോടെ, ആഭ്യന്തര ഗൂഢാലോചന സംശയിച്ച് മാര്‍ച്ചില്‍ കമ്പനി പൊലീസില്‍ പരാതി നല്‍കി. നിലവിലെ ജീവനക്കാരും മുന്‍ ജീവനക്കാരും ചേര്‍ന്നുള്ള തട്ടിപ്പെന്ന സംശയവും കമ്പനി ഉന്നയിച്ചിരുന്നു. ആന്ധ്ര പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍, ഡിസ്‌പാച്ച് സെക്ഷന്‍ മുന്‍ മേധാവി വിനായകമൂര്‍ത്തി വേലുച്ചാമി, മുന്‍ ടീം ലീഡര്‍ പത്താന്‍ സലീം എന്നിവര്‍ക്ക് എഞ്ചിന്‍ മോഷണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തി. വ്യാജ ഇന്‍വോയ്സുകളും കൃത്രിമമായി നിര്‍മിച്ച ഗേറ്റ് പാസുകളും ഉപയോഗിച്ച് ഫാക്ടറിയില്‍നിന്ന് എഞ്ചിനുകള്‍ കടത്തുകയായിരുന്നുവെന്ന് ഏപ്രില്‍ 16ലെ പൊലീസ് രേഖകള്‍ വ്യക്തമാക്കുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റ് നാലുപേര്‍ക്ക് കൂടി മോഷണത്തില്‍ പങ്കുണ്ടെന്നും അന്വേഷണം വ്യക്തമാക്കുന്നു. മോഷ്ടിച്ച എഞ്ചിനുകള്‍ കടത്തിക്കൊണ്ടുപോകാന്‍ ഗതാഗത സൗകര്യമൊരുക്കിയവരാണ് രണ്ടുപേര്‍. ന്യൂഡല്‍ഹി വരെയുള്ള കച്ചവടക്കാരിലേക്ക് എഞ്ചിനുകള്‍ എത്തിച്ച ആക്രി ഡീലര്‍മാരാണ് മറ്റു രണ്ടുപേര്‍. വ്യാജ രജിസ്ട്രേഷന്‍ നമ്പരുള്ള ഒന്നിലധികം ട്രക്കുകള്‍ ഉപയോഗിച്ചായിരിക്കണം എഞ്ചിനുകള്‍ കടത്തിക്കൊണ്ടുപോയിരിക്കുക. ഉന്നതതല ആസൂത്രണത്തിനൊപ്പം, കമ്പനിയിലേക്കുള്ള ആക്സസ് കൃത്രിമമായി നിര്‍മിച്ചെടുക്കാന്‍ സംഘത്തിനായെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. എഞ്ചിനുകള്‍ വിറ്റ് കടം വീട്ടുകയോ, സ്ഥലം വാങ്ങുകയോ, മറ്റ് നിക്ഷേപങ്ങള്‍ നടത്തുകയോ ചെയ്തതായും പൊലീസ് സംശയിക്കുന്നു. വാട്സ് ആപ്പ് ചാറ്റുകള്‍, വ്യാജ ഇന്‍വോയ്സുകള്‍, വാഹന ഗതാഗതം സംബന്ധിച്ച ചിത്രങ്ങള്‍ എന്നിവയടങ്ങിയ ഒമ്പത് മൊബൈല്‍ ഫോണുകള്‍ അന്വേഷണം സംഘം പിടിച്ചെടുത്തിട്ടുണ്ട്. അവ പ്രധാന തെളിവായി സ്വീകരിച്ചാണ് പൊലീസ് അന്വേഷണം. മോഷ്ടിക്കപ്പെട്ട എഞ്ചിനുകളുടെ മൂല്യംകൊണ്ട് മാത്രമല്ല കേസെന്ന് പൊലീസ് വ്യക്തമാക്കി. വ്യാവസായിക പ്രവര്‍ത്തനങ്ങള്‍, നിക്ഷേപകരുടെ വിശ്വാസം, തൊഴില്‍ സുരക്ഷ എന്നിവയെ സാരമായി ബാധിക്കുന്ന കാര്യം എന്ന നിലയിലും, അന്തര്‍സംസ്ഥാന കുറ്റകൃത്യ ശൃംഖലയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നതിനാലുമാണ് അന്വേഷണമെന്നും പൊലീസ് പറയുന്നു.
വിനായകമൂര്‍ത്തി വേലുച്ചാമി പൊലീസ് കസ്റ്റഡിയിലാണ്. വേലുച്ചാമി 2023ല്‍ കമ്പനി വിട്ടിരുന്നു. ഏതെങ്കിലും തരത്തിലുള്ള മോഷണത്തിലോ, അഴിമതിയിലോ പങ്കില്ലെന്നാണ് വേലുച്ചാമിയുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയും നല്‍കിയിട്ടുണ്ട്. 2020 മുതല്‍ 2025 വരെയാണ് പത്താന്‍ സലീം കമ്പനിയില്‍ ജോലി ചെയ്തത്. ഇയാള്‍ എവിടെയാണ് ഇതുവരെ കണ്ടെത്താനായിട്ടില്ല. സലീമിന്റെ രണ്ട് ഫോണ്‍ നമ്പറുകളും പ്രവര്‍ത്തനരഹിതമാണ്.