
ടാറ്റ അടുത്തിടെയാണ് ഇന്ത്യയിൽ ഹാരിയർ ഇവി (Harrier.ev) പുറത്തിറക്കിയത്. 21.49 ലക്ഷം രൂപയായിരുന്നു അതിന്റെ എക്സ്-ഷോറൂം വില. ഏറ്റവുമൊടുവിലായി ടാറ്റ ഹാരിയർ ഇവിയുടെ ബുക്കിംഗ് വിൻഡോ തുറന്നിരിക്കുന്നു എന്ന സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്. ടാറ്റയുടെ പോർട്ട്‌ഫോളിയോയിൽ ഓൾ വീൽ ഡ്രൈവ് സജ്ജീകരണം ലഭിക്കുന്ന ആദ്യത്തെ കാറാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ടാറ്റ ഹാരിയർ ഇവിയിൽ അഡ്വഞ്ചർ, അഡ്വഞ്ചർ എസ്, ഫിയർലെസ് പ്ലസ്, എംപവേർഡ്, എംപവേർഡ് എഡബ്ല്യുഡി എന്നിവയുൾപ്പെടെ അഞ്ച് പ്രധാന വകഭേദങ്ങൾ ലഭ്യമാണ്. നിലവിലുള്ള ടാറ്റ ഇവി ഉടമകൾക്ക് ഒരു ലക്ഷം രൂപ വിലമതിക്കുന്ന പ്രത്യേക ലോയൽറ്റി ബോണസും നൽകുമെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു.
ടാറ്റ ഹാരിയർ ഇവിയിൽ 65 kWh, 75 kWh എന്നീ രണ്ട് ഓപ്ഷനുകളിലായി ബാറ്ററി പായ്ക്കുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ രണ്ട് കോൺഫിഗറേഷനുകളിലും സിംഗിൾ മോട്ടോറും റിയർ വീൽ ഡ്രൈവ് ലേഔട്ടുമുണ്ട്. അതേസമയം, 75 kWh ബാറ്ററിയിൽ ഡ്യുവൽ മോട്ടോറുകൾക്കും ഓൾ വീൽ ഡ്രൈവിനുമുള്ള ഒരു ഓപ്ഷനും ഉൾപ്പെടുന്നു.
ഹാരിയർ ഇവിയുടെ റിയർ വീൽ ഡ്രൈവ് പതിപ്പുകൾ 238 bhp ഉം 315 Nm ഉം ഉത്പാദിപ്പിക്കുന്നു. അതേസമയം 75 kWh ബാറ്ററിയുള്ള ഡ്യുവൽ മോട്ടോർ ഓൾ വീൽ ഡ്രൈവ് മോഡൽ മൊത്തം 313 bhpയും 504 Nm ഉം നൽകുന്നു.
ഹാരിയർ ഇവിയുടെ 65 kWh മോഡലിന് ഒറ്റ ചാർജിൽ 538 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കഴിയും. അതേസമയം, 75 kWh RWD, AWD മോഡലുകൾക്ക്, യഥാക്രമം 627 കിലോമീറ്ററും 622 കിലോമീറ്ററും ദൂരം സഞ്ചരിക്കാൻ കഴിയും.
ഡാഷ് ബോർഡിലെ നവീകരിച്ച ഘടകങ്ങളും, 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉപയോഗിച്ച് ഇലക്ട്രിക് കാറിൻ്റെ ഉൾഭാഗം പുത്തൻ ആകർഷണീയതയോടെ ആണ് ഒരുക്കിയിരിക്കുന്നത്. സാംസങ് നിയോ ക്യുഎൽഇഡിയുടെ കരുത്തുമായി ലോകത്തിലെ ആദ്യത്തെ 14.53 ഇഞ്ച് ഹാർമൻ സോഴ്‌സ്ഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം നൽകുന്നതാണ് ഈ ബ്രാൻഡ് എന്നും ടാറ്റ അവകാശപ്പെടുന്നു.
ഡോൾബി അറ്റ്‌മോസുള്ള ലോകത്തിലെ ആദ്യത്തെ ജെബിഎൽ ബ്ലാക്ക് 10 സ്പീക്കർ സൗണ്ട് സിസ്റ്റം, പവർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മെമ്മറി ഫംഗ്ഷനോടു കൂടിയ ഡ്രൈവർ സീറ്റ്, വോയ്‌സ് അസിസ്റ്റഡ് പനോരമിക് സൺറൂഫ്, വിൻഡോ സൺബ്ലൈൻഡുകൾ, ആംബിയൻ്റ് ലൈറ്റിംഗ് എന്നിവയും ഈ വാഹനത്തിൻ്റെ മോടി കൂട്ടുന്നു.