

മുംബൈ: വീട്ടിൽ തളർന്നു വീണതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ഗോവിന്ദയുടെ ആരോഗ്യനിലയിൽ പുരോഗതി. ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് നടൻ ആദ്യമായി ബോധരഹിതനായെന്നത് സുഹൃത്തും അഭിഭാഷകനുമായ ലളിത് ബിൻഡാൽ അറിയിച്ചു.
തുടർന്ന് രാത്രി 12.30 ഓടെ വീണ്ടും ആരോഗ്യനില വഷളായതിനെ തുടർന്ന് ഒരു മണിയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുംബൈയിലെ ക്രിട്ടികെയർ ഏഷ്യ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
ഗോവിന്ദയുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ലഭിക്കുന്ന വിവരം. അപകടനില തരണം ചെയ്തുവെന്നും ഡോക്ടർമാർ അറിയിച്ചു. ശരീരത്തിൻ്റെ ബാലൻസ് തെറ്റുന്ന തരം രോഗാവസ്ഥയാണ് താരത്തിന് അനുഭവപ്പെട്ടതെന്നാണ് സുഹൃത്ത് മാധ്യമങ്ങളെ അറിയിച്ചത്.
ഗോവിന്ദയെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് നടന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ലളിത് ബിൻഡാൽ പറഞ്ഞു. "അദ്ദേഹത്തിന് ദിശാബോധം നഷ്ടപ്പെട്ടിരുന്നു. എല്ലാ പരിശോധനകളും പൂർത്തിയായി. ഇപ്പോൾ റിപ്പോർട്ടുകളും ന്യൂറോ കൺസൾട്ടേഷൻ്റെ അഭിപ്രായവും ഞങ്ങൾ കാത്തിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്," ലളിത് ബിൻഡാൽ വിശദീകരിച്ചു.