

കൊച്ചി: ഭജൻ സന്ധ്യക്കിടെ അസ്വാഭാവികമായി പെരുമാറിയ നടിയും നർത്തകിയുമായ സുധ ചന്ദ്രന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. പ്രാർഥനയ്ക്കിടെ വികാരാധീനയാകുന്ന നടി ഉന്മാദാവസ്ഥയിലേക്ക് കടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്. ഈ വീഡിയോ ട്രോളായി മാറുകയും നടിയുടേത് നാടകമായിരുന്നു എന്ന് വിമർശനങ്ങൾ ഉയരുകയും ചെയ്തതിന് പിന്നാലെ സംഭവത്തിൽ സുധ ചന്ദ്രൻ തന്നെ പ്രതികരിച്ചിരിക്കുകയാണ്.
ആർക്കും വിശദീകരണം നൽകേണ്ട ആവശ്യം തനിക്കില്ലെന്നാണ് സൂം ടിവിക്ക് നൽകിയ അഭിമുഖത്തിൽ സുധ ചന്ദ്രൻ പറഞ്ഞത്. "ഞാൻ ഇവിടെ ന്യായീകരിക്കാനല്ല വന്നിരിക്കുന്നത്. ജീവിതത്തോട് എന്റേതായ കാഴ്ചപ്പാട് എനിക്കുണ്ട്. ഞാൻ ബഹുമാനിക്കുന്ന ചില ബന്ധങ്ങളുണ്ട്. എനിക്ക് ആളുകളുടെ വാക്കുകളിൽ താൽപ്പര്യമില്ല. ട്രോൾ ചെയ്യുന്നവർക്ക് നല്ലത്, അവർ സ്വന്തം ജീവിതത്തിൽ സന്തോഷമായിരിക്കട്ടെ. ഈ വിഷയവുമായി കണക്ട് ആകുകയും അതിനോട് പ്രതികരിക്കുകയും ചെയ്ത ലക്ഷക്കണക്കിന് ആളുകളുടെ കാര്യമോ? എനിക്ക് അവരാണ് പ്രധാനം," സുധ പറഞ്ഞു.
"എന്റെ ജീവിതത്തിൽ 'ആളുകൾ എന്തു പറയും' എന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. എന്റെ അപകടത്തിന് ശേഷം പോലും, ഞാൻ ചെയ്ത കാര്യങ്ങൾ കണ്ട് ആളുകൾ പറഞ്ഞിരുന്നത് 'എന്തൊരു വിഡ്ഢിത്തമാണ് നീ ഈ കാണിക്കുന്നത്' എന്നായിരുന്നു. എന്നാൽ അത് ഒരു വിജയഗാഥയായി മാറുമ്പോൾ, ആളുകൾ അതേക്കുറിച്ച് മാത്രമേ ചർച്ച ചെയ്യുകയുള്ളൂ", സുധ ചന്ദ്രൻ കൂട്ടിച്ചേർത്തു.
ഭജൻ സന്ധ്യക്കിടെ ഹാളിലുടനീളം തീവ്രമായ വികാരത്തള്ളിച്ചയിൽ അക്രമാസക്തയാകുന്ന നടിയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ചുറ്റും ഉണ്ടായിരുന്നവർ തടയാൻ ശ്രമിച്ചെങ്കിലും സുധ അവരെ കടിക്കുന്നതായും കുതറി മാറാൻ ശ്രമിക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. ചുവപ്പും വെള്ളയും കലർന്ന സാരി ധരിച്ച നടി നെറ്റിയിൽ 'ജയ് മാതാ ദി' എന്ന് എഴുതിയ ബാൻഡും കെട്ടിയിരുന്നു.
ഇന്ത്യൻ ടെലിവിഷൻ രംഗത്തും സിനിമയിലും സുപരിചിതയായ അഭിനേത്രിയാണ് സുധാ ചന്ദ്രൻ. പ്രശസ്തയായ ഭരതനാട്യം നർത്തകി കൂടിയാണ്. ഈ അടുത്ത കാലത്ത് അഭിനയിച്ച, 'നാഗിൻ' എന്ന പരമ്പരയിലെ യാമിനി റഹേജ എന്ന പ്രതിനായിക വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് കൂടാതെ യേ ഹൈ മൊഹബത്തേൻ, ക്യൂങ്കി സാസ് ഭി കഭി ബഹു തി, മാതാ കി ചൗക്കി, കലിയുഗ് മേം ഭക്തി കി ശക്തി തുടങ്ങിയ ജനപ്രിയ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
മലരും കിളിയും, കാലം മാറി കഥ മാറി, അവൻ അനന്തപദ്മനാഭൻ, അലക്സാണ്ടർ ദ ഗ്രേറ്റ്, ക്ലിയോ പാട്ര എന്നീ മലയാള ചിത്രങ്ങളിലും സുധ ചന്ദ്രൻ വേഷമിട്ടിട്ടുണ്ട്. 1982ലാണ് ഒരപകടത്തിൽ സുധ ചന്ദ്രന് കാൽ നഷ്ടപ്പെട്ടത്.