'കഹോ നാ പ്യാർ ഹേ' മുതൽ കടുത്ത ആരാധന! ഹൃത്വിക്കിനെ നേരിൽ കണ്ട് ബീജ

ഇനിയും രണ്ട് സ്വപ്നങ്ങൾ കൂടി ബീജയ്ക്കുണ്ട് - മഴ നനയണം, നൃത്തം ചെയ്യണം
ഹൃത്വിക് റോഷന് ഒപ്പം ബീജ കൃഷ്ണൻ
ഹൃത്വിക് റോഷന് ഒപ്പം ബീജ കൃഷ്ണൻ
Published on: 
Updated on: 

ഹൃത്വിക് റോഷനെ ഒന്ന് നേരിൽ കാണണം - മാരാരിക്കുളം സ്വദേശി ബീജാ കൃഷ്ണന്റെ വലിയ ആഗ്രഹമായിരുന്നുവത്. ‘കഹോ നാ പ്യാർ ഹേ’ എന്ന ചിത്രം കണ്ട അന്ന് മനസിൽ കയറിക്കൂടിയ മോഹം. സെറിബ്രൽ പാൾസി ബാധിച്ച ബീജയുടെ ആഗ്രഹം വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. താൻ സ്ക്രീനിൽ കണ്ടാരാധിച്ച താരത്തെ സെപ്റ്റംബർ എട്ടിന് ബീജ നേരിൽ കണ്ടു.

മാരാരിക്കുളം ഇടയ്ക്കണ്ണാട്ട് വീട്ടിൽ ബീജാ കൃഷ്ണന് (52) മൂന്നാം വയസിലാണ് സെറിബ്രൽ പാൾസി ബാധിച്ചത്. ഒന്നാം ക്ലാസിൽ വച്ച് സ്കൂൾ പഠനം അവസാനിച്ചു. പക്ഷേ, തോറ്റുകൊടുക്കാൻ ബീജ തയ്യാറായിരുന്നില്ല.

അച്ഛൻ കൃഷ്ണക്കുറുപ്പിന് പുനെയിലായിരുന്നു ജോലി. 19 വയസുവരെ ബീജയും അവിടെയായിരുന്നു. അതിനാൽ ഹിന്ദി നന്നായറിയാം. കുട്ടിക്കാലം മുതൽ ബോളിവുഡ് സിനിമകളുടേയും ഗാനങ്ങളുടേയും ആരാധികയാണ്.

ഹൃത്വിക്കിന്റെ ആദ്യ ചിത്രമായ 'കഹോ നാ പ്യാർ ഹേ' കണ്ടതോടെ നടനോട് ആരാധനയായി. നേരിൽ കാണണമെന്ന് മോഹിച്ചു. സഹോദരൻ ശ്യാംകുറുപ്പിനോട് തന്റെ ആഗ്രഹം പറഞ്ഞു. ചേച്ചിയെ ഇഷ്ടതാരത്തിന്റെ അരികിലെത്തിക്കാൻ വിസ്മയ മാക്സ് സ്റ്റുഡിയോസ് ഡയറക്ടറായ ശ്യാം പലവഴി ശ്രമിച്ചു. പക്ഷേ, ഫലമുണ്ടായില്ല.

ഹൃത്വിക് റോഷന് ഒപ്പം ബീജ കൃഷ്ണൻ
'മലർവാടി' മുതൽ 'ബെത്ലഹേം' വരെ; മോളിവുഡിന്റെ ക്രൗഡ് പുള്ളർ നിവിൻ പോളി | THE FAN SHOW

നിങ്ങൾ ഒരു കാര്യം തീവ്രമായി ആഗ്രഹിച്ചാൽ, അത് നേടിയെടുക്കാൻ ഈ പ്രപഞ്ചം മുഴുവൻ നിങ്ങളെ സഹായിക്കുമെന്നാണല്ലോ. ഇവിടെയും അത് തന്നെ സംഭവിച്ചു. അടുത്തിടെ ഒരു ഇസ്രയേൽ യാത്രയ്ക്കിടെ ഹൃത്വിക്കിന്റെ മാനേജരെ ശ്യാം അവിചാരിതമായി കണ്ടു. അദ്ദേഹവുമായി പരിചയപ്പെട്ടു. സഹോദരിയുടെ ആഗ്രഹവും അവരുടെ ആരോഗ്യസ്ഥിതിയെപ്പറ്റിയും വിശദീകരിച്ചു.

മാനേജർ വഴി ബീജയെപ്പറ്റി അറിഞ്ഞ ഹൃത്വിക് ആരാധികയെ മുംബൈയിലെ വീട്ടിലേക്ക് ക്ഷണിച്ചു. ശാരീരിക പരിമിതികൾ വകവയ്ക്കാതെ തന്റെ പ്രിയ താരത്തെ നേരിൽ കാണാനായി ബീജ വിമാനത്തിൽ മുംബൈയിലേക്ക് പുറപ്പെട്ടു. എൺപതുകാരിയായ അമ്മ ബാലാമണിയമ്മയും സഹോദരനും ഒപ്പമുണ്ടായിരുന്നു.

20 മിനിറ്റോളമാണ് ബീജ ഹൃത്വിക്കിനൊപ്പം ചെലവഴിച്ചത്. ഒരുമിച്ച് ചിത്രങ്ങളെടുത്തു. വിശേഷങ്ങൾ പങ്കുവച്ചു. സമ്മാനങ്ങൾ കൈമാറി. ബീജയുടെ സമ്മാനത്തിന് ഹൃത്വിക് നന്ദി പറഞ്ഞു.

ഹൃത്വിക് റോഷന് ഒപ്പം ബീജ കൃഷ്ണൻ
"ലോജിക് പ്രശ്നമില്ലേ?" 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാരെ' കീറിമുറിക്കുന്ന ഒടിടി പ്രേക്ഷകർ

'കഹോ നാ പ്യാർ ഹേ'ക്ക് ശേഷം തന്റെ ഏതൊക്കെ സിനിമകൾ കണ്ടു എന്ന നടന്റെ ചോദ്യത്തിന് ബീജയ്ക്ക് ഒരു നീണ്ട ലിസ്റ്റ് തന്നെ പറയാനുണ്ടായിരുന്നു. 'ഫിസ'യാണ് ആദ്യം പറഞ്ഞ ചിത്രം. തന്റെയും ഇഷ്ടചിത്രമാണതെന്ന് ഹൃത്വിക്കിന്റെ മറുപടി. അത് കേട്ടതോടെ ബീജയുടെ സന്തോഷം ഇരട്ടിച്ചു. 'ഫിസ'യുടെ 26ാം വാർഷികമായിരുന്നു അന്ന്. ബീജ അതറിഞ്ഞിരിക്കാൻ ഇടയില്ല. എല്ലാം ഒത്തുചേർന്നുവന്ന ദിവസം എന്നേ പറയാൻ സാധിക്കൂ. അല്ലെങ്കിൽ ഇങ്ങനെ പറയാം - ബീജയുടെ തീവ്രമായ ആഗ്രഹം, സാധ്യമാക്കാൻ പ്രപഞ്ചം തുനിഞ്ഞിറങ്ങിയ ദിനം.

ഇനിയും രണ്ട് സ്വപ്നങ്ങൾ കൂടി ബീജയ്ക്കുണ്ട് - മഴ നനയണം, നൃത്തം ചെയ്യണം. പ്രപഞ്ചം തുനിഞ്ഞിറങ്ങട്ടെ.

News Malayalam 24x7
newsmalayalam.com