ന്യൂ ഡൽഹി: സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് നേരിട്ട പ്രതിസന്ധികളെപ്പറ്റി തുറന്നുപറഞ്ഞ് ബോളിവുഡ് നടനും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവുമായ വിക്രാന്ത് മാസി. അഭിനയരംഗത്ത് ചുവടുറപ്പിക്കുന്നതിനായി ഒരു ദിവസം 16 മണിക്കൂർ വരെയാണ് നടൻ ജോലി ചെയ്തിരുന്നത്. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കരിയറിന്റെ തുടക്കത്തിൽ നേരിട്ട കഷ്ടപ്പാടുകളെ കുറിച്ച് വിക്രാന്ത് മാസി മനസുതുറന്നത്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പലപ്പോഴും ബിസ്ക്കറ്റും വെള്ളവും മാത്രമായിരുന്നു തന്റെ ആഹാരം എന്ന് നടൻ പറയുന്നു. പല ദിവസങ്ങളിലും ഇതിനെ ആശ്രയിച്ചാണ് വിക്രാന്ത് മുന്നോട്ട് പോയിരുന്നത്.
"പതിനാറാം വയസിലാണ് ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അതിനുമുമ്പ് ഞാൻ ഒരു കോഫി ഷോപ്പിൽ വെയ്റ്ററായി ജോലി ചെയ്യുകയായിരുന്നു. പഠനത്തിനുള്ള പണം കണ്ടെത്താനാണ് ആ ജോലി ചെയ്തത്. എന്റെ കഷ്ടപ്പാടുകളുടെയോ അതിജീവനത്തിന്റെയോ കദന കഥയിലേക്ക് ഞാൻ കടക്കുന്നില്ല. ഷിയാമക് ദാവറിന്റെ നൃത്തസംഘത്തിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടറായും മുംബൈയിലെ ഒരു റെസ്റ്റോറന്റിലും ഞാൻ ജോലി ചെയ്തിരുന്നു. വെറും 16 വയസുള്ളപ്പോൾ, ഓരോ ദിവസവും നാല് ലോക്കൽ ട്രെയിനുകൾ മാറി മാറി കയറി, 16 മണിക്കൂർ വീതം ജോലി ചെയ്ത്, വിശപ്പടക്കാൻ പാർലെ-ജിയും വെള്ളവും മാത്രം കഴിച്ച് ജീവിച്ച ഒരു കാലമുണ്ടായിരുന്നു എനിക്ക്. ആരും സ്വന്തം ഇഷ്ടപ്രകാരം ഇങ്ങനെയൊന്നും ചെയ്യില്ല, പ്രത്യേകിച്ച് ഒരു കൊച്ചു പയ്യൻ. എനിക്ക് വേറെ വഴിയില്ലാത്തതുകൊണ്ടാണ് ഞാൻ അത് ചെയ്തത്," മാസി ഓർത്തെടുത്തു.
എട്ടു മാസത്തോളം കഠിനാധ്വാനം ചെയ്തിട്ടും തന്റെ ആദ്യ ഷോ പുറത്തിറങ്ങിയില്ല എന്ന സങ്കടകരമായ കാര്യവും വിക്രാന്ത് മാസി പങ്കുവച്ചു.
"ചാനൽ അധികൃതരും നിർമാതാക്കളും തമ്മിലുള്ള ചില പ്രശ്നങ്ങൾ കാരണം ആ ഷോ സംപ്രേഷണം ചെയ്തില്ല. അത് എന്നെ വല്ലാതെ തളർത്തിക്കളഞ്ഞു. ഞാൻ അത്രമേൽ ആഗ്രഹിച്ച ഒന്നായിരുന്നു അത്. മാത്രമല്ല, എനിക്ക് ലഭിക്കേണ്ട പകുതി പണവും തന്നിരുന്നില്ല. വർഷങ്ങൾക്ക് ശേഷം പുലർച്ചെ രണ്ട് മണിക്ക് സ്റ്റാർ പ്ലസിൽ അത് സംപ്രേഷണം ചെയ്തതായി ഞാൻ ഓർക്കുന്നു. ഒരു പ്രോജക്ടിലേക്ക് ഏറ്റവും ഒടുവിൽ എത്തുന്നവരായതുകൊണ്ട് തന്നെ, പിന്നണിയിൽ നടക്കുന്ന പല കാര്യങ്ങളും അഭിനേതാക്കൾ അറിയാറില്ല. പക്ഷേ, ആ നിർമാതാവ് വളരെ നല്ല ആളായിരുന്നു. ഞാൻ സുരക്ഷിതമായ ഒരു ജോലി ഉപേക്ഷിച്ചാണ് വന്നതെന്നും എന്റെ സാമ്പത്തിക സാഹചര്യവും അവർക്കറിയാമായിരുന്നു. അതുകൊണ്ട് അവർ എനിക്ക് പ്രൊഡക്ഷൻ ഓഫീസിൽ ഒരു ജോലി വാഗ്ദാനം ചെയ്തു," മാസി തുടർന്നു.
വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത '12ത്ത് ഫെയ്‌ൽ' എന്ന സിനിമയാണ് വിക്രാന്ത് മാസിക്ക് രാജ്യാന്തര ശ്രദ്ധ നേടിക്കൊടുത്തത്. ബോക്സ് ഓഫീസിൽ അപ്രതീക്ഷിത വിജയം നേടിയ ചിത്രം 2025ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിലും തിളങ്ങി. സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും വിക്രാന്ത് മാസി നേടിയെടുത്തു.
വിശാൽ ഭരദ്വാജിന്റെ 'ഓ റോമിയോ' ആണ് വിക്രാന്ത് മാസിയുടെ ഏറ്റവും പുതിയ ചിത്രം. ഷാഹിദ് കപൂർ, തൃപ്തി തിമ്രി എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 13ന് സിനിമ തിയേറ്ററുകളിലേക്ക് എത്തും.