

ന്യൂഡല്‍ഹി: അഭിനേതാക്കള്‍ കോസ്മറ്റിക് സർജറിക്ക് വിധേയമാകുന്നത് സർവസാധാരണമാണ്. ബോളിവുഡില്‍ പല പ്രമുഖരും തങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായി ശസ്ത്രക്രിയകള്‍ക്ക് വിധേയരാകാറുണ്ട്. ഇത് സംബന്ധിച്ച് വാർത്തകള്‍ പ്രചരിക്കുമ്പോഴും അഭിനേതാക്കള്‍ പ്രതികരിക്കാറില്ല. ഇതില്‍ നിന്നും വ്യത്യസ്തമായി താന്‍ കോസ്മറ്റിക് സർജറി ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ജാൻവി കപൂർ.
ജാൻവി കപൂർ സൗന്ദര്യ വർധനയ്ക്കായി ബഫല്ലോപ്ലാസ്റ്റി ഉള്‍പ്പെടെ പലതരം സർജറികള്‍ ചെയ്തിട്ടുണ്ടെന്ന തരത്തില്‍ ഊഹാപോഹങ്ങള്‍ വർഷങ്ങളായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം ജാൻവി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. സിനിമാ മേഖലയിൽ 'രൂപഭംഗി' നിലനിർത്തുന്നതില്‍ അഭിനേതാക്കള്‍ നേരിടുന്ന സമ്മർദത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വിശദീകരിക്കവെയാണ് താന്‍ ചില കോസ്മറ്റിക് സർജറികള്‍ ചെയ്തിട്ടുണ്ടെന്ന് ജാൻവി കപൂർ തുറന്നുപറഞ്ഞത്. 'ടു മച്ച് വിത്ത് കാജോൾ & ട്വിങ്കിൾ' എന്ന ചാറ്റ് ഷോയിലാണ് നടിയുടെ വെളിപ്പെടുത്തല്‍.
"സാമൂഹികമാധ്യമങ്ങളുടെ വരവോടെ എല്ലാവരും ഒരു പ്രത്യേക രീതിയിൽ കാണപ്പെടണമെന്ന് സമൂഹം വിലയിരുത്തുന്നത് കണ്ട് എളുപ്പത്തിൽ സ്വാധീനിക്കപ്പെട്ട പെൺകുട്ടികളിൽ ഒരാളായിരുന്നു ഞാന്‍. പൂർണത എന്ന ആശയം ചെറുപ്പക്കാരായ പെൺകുട്ടികള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നമ്മളെ സന്തോഷിപ്പിക്കുന്നത് ചെയ്യുക എന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ കാര്യങ്ങളിലും ഒരു തുറന്ന പുസ്തകമാകുന്നതില്‍ എനിക്ക് സന്തോഷമുണ്ട്," നടി പറഞ്ഞു.
അതേസമയം, ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ പറയും പോലെ താന്‍ ബഫല്ലോപ്ലാസ്റ്റി എന്ന സർജറിക്ക് വിധേയ ആയിട്ടില്ലെന്നും നടി വ്യക്തമാക്കി. അമ്മ ശ്രീദേവിയുടെ മാർഗനിർദേശത്തിലാണ് താന്‍ സർജറികള്‍ ചെയ്‌തത്. ഇതുപോലെയുള്ള വീഡിയോകൾ കണ്ട് ഒരു പെൺകുട്ടിയും ബഫലോപ്ലാസ്റ്റി ചെയ്യണമെന്ന് തീരുമാനിക്കരുത്. സൗന്ദര്യ സങ്കല്‍പ്പങ്ങളെ പ്രതി നിലനില്‍ക്കുന്ന മുന്‍വിധികളില്‍ നിന്ന് സമൂഹം മുക്തമായിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുന്നതായും നടി കൂട്ടിച്ചേർത്തു.
പരിപാടിയുടെ അവതാരകരില്‍ ഒരാളായ കജോളും ജാന്‍വിയുടെ അഭിപ്രായത്തെ ശരിവച്ചു. അഭിനേതാക്കള്‍ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളെയും മുന്‍വിധിയോടെയാണ് സമൂഹം നോക്കി കാണുന്നതെന്ന് കജോള്‍ പറഞ്ഞു. ഒരു വെബ്‌സൈറ്റ് മുഴുവന്‍ താനും മകള്‍ നൈസയും നിരവധി സർജറികള്‍ ചെയ്തിട്ടുണ്ടെന്നുള്ള വാർത്തകളാണെന്ന് നടി പരിഹസിച്ചു.
മൂക്കിനും ചുണ്ടിനും ഇടയിലുള്ള ഭാഗത്തിൻ്റെ നീളം കുറച്ച്, മേൽചുണ്ടിന് കൂടുതൽ വലിപ്പം നൽകുന്ന കോസ്മറ്റിക് സർജറിയാണ് ബഫല്ലോപ്ലാസ്റ്റി.