

ന്യൂഡല്‍ഹി: അയുഷ്മാന്‍ ഖുറാന, രശ്മിക മന്ദാന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ബോളിവുഡ് ഹൊറർ കോമഡി ചിത്രം, 'ഥാമ' റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുന്നു. ഒക്ടോബർ 21ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമയിലെ രശ്മികയുടെ പ്രകടനം നിരാശാജനകമാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ അഭിപ്രായം.
റിലീസിന് പിന്നാലെ, 'ഥാമ'യുടെ ഛായാഗ്രഹണം, ഇമോഷണല്‍ സീനുകള്‍, അയുഷ്മാൻ ഖുറാനയുടെയും രശ്മികയുടെയും പ്രകടനങ്ങൾ എന്നിവയ്ക്ക് പ്രശംസ ലഭിച്ചിരുന്നു. എന്നാല്‍, ഒരാഴ്ച കഴിയുമ്പോള്‍ അഭിപ്രായങ്ങള്‍ മാറിമറിയുകയാണ്. വിശേഷിച്ചും രശ്മികയുടെ പ്രകടനത്തെപ്പറ്റിയുള്ള അഭിപ്രായം. രൂക്ഷമായ വിമർശനങ്ങളാണ് സൈബർ ഇടങ്ങളില്‍ നടി നേരിടുന്നത്.
ഓണ്‍ലൈനില്‍ സിനിമയെപ്പറ്റിയുള്ള അഭിപ്രായം പങ്കുവച്ചവരില്‍ ഒരു കൂട്ടർ രശ്മികയുടേത് മികച്ച പ്രകടനമാണെന്നാണ് അഭിപ്രായപ്പെടുന്നത്. അതേസമയം, കഥാപാത്രത്തിന് ആഴമോ വൈകാരിക വ്യാപ്തിയോ കൊണ്ടുവരുന്നതിൽ നടി പരാജയപ്പെട്ടുവെന്നാണ് മറ്റൊരു വിഭാഗത്തിന്റെ നിരീക്ഷണം. 'രശ്മികയ്ക്ക് അഭിനയിക്കാന്‍ അറിയില്ല' എന്ന് രൂക്ഷമായ ഭാഷയില്‍ വിമർശിക്കുന്നവരെയും സൈബർ ഇടങ്ങളില്‍ കാണാം. ഇതിനു പിന്നാലെ, നടിയെ പ്രതിരോധിച്ച് ആരാധകർ എത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ 'ഥാമ' ചൂടേറിയ ചർച്ചയായിരിക്കുകയാണ്.
സമകാലിക ബോളിവുഡ് നടിമാരിൽ ഇല്ലാത്ത പല ഗുണങ്ങളും രശ്മികയ്ക്ക് ഉണ്ടെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. 'ഓവർഹൈപ്പ്' ആണ് ഇപ്പോള്‍ ഉയരുന്ന വിമർശനങ്ങള്‍ക്ക് കാരണം എന്നാണ് ഇവരുടെ കണ്ടെത്തല്‍. ഇത്തരം വിമർശനങ്ങള്‍ ഉയരുമ്പോഴും രശ്മികയെ ഭാഗ്യ നായികയായാണ് നിർമാതാക്കള്‍ കാണുന്നത് എന്നത് ശ്രദ്ധേയമാണ്.
മാഡ്ഡോക്ക് ഹൊറർ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് 'ഥാമ'. സ്ത്രീ, ഭേദിയ, മുഞ്ജ്യ തുടങ്ങിയവയാണ് ഈ യൂണിവേഴ്സിൽ ഇതിനുമുൻപ് വന്ന ചിത്രങ്ങൾ. ആദിത്യ സർപോത്ദാർ സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ചിത്രത്തിൽ പരേഷ് റാവൽ, നവാസുദ്ദീൻ സിദ്ദിഖി എന്നിവരും പ്രധാന വേഷത്തിലുണ്ട്.