ന്യൂ ഡൽഹി: വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് നടൻ മോഹന്‍ലാല്‍ നൽകിയ ഹർജിയിൽ ഇടപെടലുമായി ഡൽഹി ഹൈക്കോടതി. താരത്തിന്റെ വ്യക്തിത്വ അവകാശങ്ങളും പകർപ്പവകാശവും ലംഘിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ ഇന്റർനെറ്റിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്യാൻ കോടതി നിർദേശിച്ചു. ഇത്തരം ഉള്ളടക്കങ്ങൾ അപ്‌ലോഡ് ചെയ്ത വ്യക്തികളുടെ അടിസ്ഥാന വിവരങ്ങൾ രണ്ടാഴ്ചയ്ക്കകം നൽകാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള ഇന്റർമീഡിയറികളോട് കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചതിനെ തുടർന്ന് വ്യക്തി അവകാശം ലംഘിക്കുന്ന ഓണ്‍ലൈന്‍ പേജുകളിൽ നിന്ന് പിന്‍വലിക്കേണ്ട ലിങ്കുകള്‍ ക്രോഡീകരിച്ച് നടൻ പുതിയ അപേക്ഷ സമർപ്പിച്ചിരുന്നു. ഈ ലിങ്കുകൾ എല്ലാം ഇന്റർനെറ്റിൽ നിന്ന് നീക്കാൻ കോടതി നിർദേശിച്ചു. ഇന്ന് വൈകുന്നേരം 4:30 നകം കക്ഷികൾ തങ്ങളുടെ വാദങ്ങൾ രേഖാമൂലം സമർപ്പിക്കണം. ഇതിന് ശേഷമായിരിക്കും വിശദമായ ഉത്തരവ് പുറപ്പെടുവിക്കുക.
അനുമതിയില്ലാതെ പരസ്യചിത്രങ്ങളിലും മറ്റും എഐ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് തന്റെ ശബ്ദം, ചിത്രങ്ങള്‍ എന്നിവ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാണ് ഹർജിയിൽ നടൻ ആവശ്യപ്പെട്ടിരിക്കുന്നത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ശബ്ദം ക്ലോൺ ചെയ്യുന്നതും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും തന്റെ വ്യക്തിത്വ അവകാശങ്ങളെ ഗുരുതരമായി ബാധിക്കുന്നുവെന്ന് താരം കോടതിയെ അറിയിച്ചിരുന്നു.
വാദത്തിനിടെ, മോഹൻലാലിന്റെ ചിത്രവും പേരും അനുമതിയില്ലാതെ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കാൻ അനുവദിച്ച ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിനെ ജസ്റ്റിസ് ജ്യോതി സിംഗ് രൂക്ഷമായി വിമർശിച്ചു. താരത്തിന്റെ വ്യക്തിത്വ അവകാശങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള ഇത്തരം ഉള്ളടക്കങ്ങൾ എങ്ങനെ അപ്‌ലോഡ് ചെയ്യാൻ അനുവദിച്ചു എന്ന് കോടതി ചോദിച്ചു. ജൂലൈ നാലിന് ഹർജിയിൽ കുടുതൽ വാദം കേൾക്കും.
മോഹൻലാലിന് പുറമേ മറ്റ് പല പ്രമുഖ സിനിമ-ക്രിക്കറ്റ് താരങ്ങൾ വ്യക്തിത്വ അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. അമിതാഭ് ബച്ചൻ, അനിൽ കപൂർ, സൽമാൻ ഖാൻ, ഹൃത്വിക് റോഷൻ, ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ, ജയ ബച്ചൻ, കരൺ ജോഹർ, ഋഷഭ് ഷെട്ടി, സൊനാക്ഷി സിൻഹ തുടങ്ങിയ ബോളിവുഡ് താരങ്ങളും സമാനമായ ഹർജികളുമായി കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.
ഒരു വ്യക്തിയുടെ പേര്, രൂപം, ശബ്ദം അല്ലെങ്കിൽ മറ്റ് സവിശേഷതകൾ എന്നിവ എങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള ആ വ്യക്തിയുടെ അധികാരമാണ് വ്യക്തിത്വ അവകാശ സംരക്ഷണം. ഇതിനെ പ്രധാനമായും രണ്ടായി തിരിക്കാം - റൈറ്റ് ഓഫ് പബ്ലിസിറ്റിയും റൈറ്റ് ടു പ്രൈവസിയും.
അനുമതിയില്ലാതെ ഒരാളുടെ വ്യക്തിത്വം പരസ്യങ്ങൾക്കോ മറ്റോ ഉപയോഗിച്ച് വാണിജ്യ ലാഭമുണ്ടാക്കുന്നത് തടയുന്നതാണ് റൈറ്റ് ഓഫ് പബ്ലിസിറ്റി. ഒരാളുടെ ചിത്രം മോർഫ് ചെയ്തോ അല്ലാതെയോ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നത് തടയുന്നതാണ് റൈറ്റ് ടു പ്രൈവസി.