

കൗമാരകാലത്ത് ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും താത്പര്യം തോന്നിയിരുന്നുവെന്ന് തുറന്ന് പറഞ്ഞ് ഹോളിവുഡ് നടി കെയ്റ്റ് വിന്‍സ്‌ലെറ്റ്. 'ടീം ഡീക്കിന്‍സ്' പോഡ്കാസ്റ്റിലാണ് ആദ്യകാല ജീവിതത്തിലെ സ്വകാര്യ അനുഭവങ്ങളെ കുറിച്ച് താരം വെളിപ്പെടുത്തിയത്.
1994ല്‍ പുറത്തിറങ്ങിയ 'ഹെവന്‍ലി ക്രീച്ചേഴ്‌സ്'എന്ന സിനിമയിലെ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളാന്‍ തന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നും കെയ്റ്റ് പറഞ്ഞു. കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികള്‍ തമ്മിലുള്ള തീവ്രമായ ബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്.
താന്‍ ഇതുവരെ പറയാത്ത ചില കാര്യങ്ങള്‍ എന്ന മുഖവുരയോടെയാണ് കെയ്റ്റ് സംസാരിച്ചത്. 'എന്റെ കൗമാരകാലത്തെ ആദ്യത്തെ ചില അടുപ്പങ്ങള്‍ പെണ്‍കുട്ടികളുമായിട്ടായിരുന്നു. ചില പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും ഞാന്‍ ചുംബിച്ചിട്ടുണ്ട്. പക്ഷേ, ഒരു പ്രത്യേക ദിശയിലേക്ക് പൂര്‍ണമായ മാറ്റം ഉണ്ടായിരുന്നില്ല. ജീവിതത്തിന്റെ ആ ഘട്ടത്തില്‍ എനിക്ക് വളരെയധികം ജിജ്ഞാസ ഉണ്ടായിരുന്നു. രണ്ട് സ്ത്രീകള്‍ക്കിടയിലുള്ള തീവ്രമായ ബന്ധത്തെ ആഴത്തില്‍ മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞതും അതുകൊണ്ടാണെന്ന് കരുതുന്നു'.
'ഹെവന്‍ലി ക്രിയേച്ചേഴ്‌സ്' ല്‍ അഭിനയിക്കുമ്പോള്‍ 17 വയസ്സായിരുന്നു കെയ്റ്റിന്റെ പ്രായം. ആ സിനിമ തന്നില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും കെയ്റ്റ് പറയുന്നു.
പ്രശസ്തി ഒരിക്കലും തന്നെ മോഹിപ്പിച്ചിട്ടില്ലെന്നും പോഡ്കാസ്റ്റില്‍ കെയ്റ്റ് പറഞ്ഞു. ഒരിക്കലും പ്രശസ്തിയുടെ പിന്നാലെ പോയിട്ടില്ല. അതിനേക്കാള്‍ കൂടുതല്‍ താത്പര്യം സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാനാണ്. പ്രശസ്തി തന്നെ എപ്പോഴും അസ്വസ്ഥപ്പെടുത്തിയിട്ടേയുള്ളൂവെന്നും ഹോളിവുഡ് താരം പറഞ്ഞു.