ഹൈദരാബാദ്: രാം ചരൺ ചിത്രം 'പെദ്ധി'യുടെ പ്രൊമോഷൻ പരിപാടിയിൽ നിന്നുള്ള ദൃശ്യങ്ങൾ വീണ്ടും വൈറൽ. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് ഒരു ആരാധിക രാം ചരണിന്റെ അടുത്തേക്ക് എത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
വൈറൽ വീഡിയോയിൽ, ഒരു ആരാധിക രാം ചരണിന്റെ അടുത്തേക്ക് എത്താൻ ശ്രമിക്കുന്നത് കാണാം. അപ്രതീക്ഷിതമായ ഈ നീക്കത്തിൽ നടൻ അമ്പരന്നുപോയി. എന്നാൽ, സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ ഇടപെടുകയും നടന്റെ അടുത്തേക്ക് എത്തുന്നതിന് മുൻപ് ഇവരെ അവിടെനിന്ന് മാറ്റി കൊണ്ടുപോവുകയും ചെയ്തു.
'പെദ്ധി' പ്രമോഷൻ ചടങ്ങിൽ നിന്നുള്ള മറ്റൊരു വീഡിയോ ഓൺലൈനിൽ വൈറലായി ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം ഉണ്ടാകുന്നത്. സിനിമയുടെ പ്രീ റിലീസ് പ്രൊമോഷനിടെ ഒരു ആരാധകൻ സുരക്ഷാ വലയം ഭേദിച്ച് നടന്റെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. ഇത് ചെറിയ രീതിയിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. എന്നാൽ, നടന് നേരെ പാഞ്ഞടുത്ത ആരാധകനെ ബോഡി ഗാർഡായ കെവിൻ കുന്ത തൂക്കിയെടുത്ത് മാറ്റി. ഈ ദൃശ്യങ്ങൾ വൈറലായതോടെ കെവിന് ഇപ്പോൾ താരപരിവേഷമാണുള്ളത്.
അതേസമയം, ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡുകൾ സൃഷ്ടിച്ച് രാം ചരൺ ചിത്രം മുന്നേറുകയാണ്. 300 കോടിക്ക് അടുത്താണ് സിനിമയുടെ ആഗോള ഗ്രോസ്. ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്. മികച്ച അഭിപ്രായമാണ് രാം ചരണിന്റെ പ്രകടനത്തിന് ലഭിക്കുന്നത്.
രാം ചരണിന്റെ പ്രകടനത്തിനൊപ്പം എ.ആർ. റഹ്മാൻ ഒരുക്കിയ സംഗീതവും വലിയ കയ്യടി നേടുന്നുണ്ട്. മെഗാ ബജറ്റിൽ ഒരുക്കിയ ചിത്രത്തിൽ, ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രിൽ, വൈകാരിക നിമിഷങ്ങൾ എന്നിവയ്ക്കൊപ്പം, ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവയ്ക്കും നിർണായകമായ സ്ഥാനമുണ്ട്. ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ റിലീസായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തിയത്.