കാലിഫോർണിയ: ചലച്ചിത്ര-ടെലിവിഷൻ മേഖലയിലെ പ്രശസ്തമായ ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരങ്ങൾ ജനുവരി 11, ഞായറാഴ്ച പ്രഖ്യാപിക്കും. താര സമ്പന്നമായ ചടങ്ങിൽ വിജയികളാരൊക്കെയാകും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. അവാർഡ് നിശയിൽ പുരസ്കാരങ്ങൾ സമ്മാനിക്കുന്ന അവതാരകരിൽ ഒരാൾ പ്രശസ്ത കെ- പോപ്പ് താരം ലിസയാകും. ആവേശത്തോടെയാണ് കെ പോപ്പ് ആരാധകർ ഈ വാർത്തയെ സ്വീകരിക്കുന്നത്.
കെ പോപ്പ് ബാൻഡായ ബ്ലാക്ക്പിങ്കിലെ അംഗമായ ലാലിസ മനോബൽ എന്ന ലിസയ്ക്ക് ലോകത്താകമാനം നിരവധി ആരാധകരാണുള്ളത്. ഗോൾഡൻ ഗ്ലോബ്സ് വേദിയിൽ ഇത്തരത്തിൽ ഒരു പുരസ്കാരം അവതരിപ്പിക്കുന്ന ആദ്യ കെ-പോപ്പ് താരങ്ങളിൽ ഒരാളായിരിക്കും ലിസ. എച്ച്ബിഒ സീരീസായ 'ദി വൈറ്റ് ലോട്ടസ്' മൂന്നാം സീസണിലൂടെ ലിസ അഭിനയരംഗത്തേക്ക് കടന്നുവന്നിരുന്നു. ഈ സീരീസ് 'മികച്ച ടെലിവിഷൻ ഡ്രാമ സീരീസ്' വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
ജോർജ് ക്ലൂണി, ജൂലിയ റോബർട്ട്സ്, പ്രിയങ്ക ചോപ്ര ജോനാസ്, മൈലി സൈറസ്, സ്നൂപ്പ് ഡോഗ് തുടങ്ങി ഹോളിവുഡിലെ പ്രമുഖ താരങ്ങൾക്കൊപ്പമാണ് ലിസ വേദി പങ്കിടുന്നത്. ഒരു ഗായിക എന്നതിലുപരി ആഗോള വിനോദരംഗത്തെ സ്വാധീനമുള്ള വ്യക്തിത്വം എന്ന നിലയിലാണ് ലിസയെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
ഇന്ത്യൻ സമയം ജനുവരി 12 (തിങ്കൾ) രാവിലെ 6.30 ന് ലയൺസ്ഗേറ്റ് പ്ലേ വഴി ലിസയെ ഗോൾഡൻ ഗ്ലോബ് വേദിയിൽ നമുക്ക് കാണാൻ സാധിക്കും. കാലിഫോർണിയയിലെ ബെവർലി ഹിൽട്ടൻ ഹോട്ടലിലാണ് അവാർഡ് നിശ നടക്കുന്നത്. ലിയോനാർഡോ ഡികാപ്രിയോ നായകനായ പോൾ തോമസ് ആൻഡേഴ്സൺ ചിത്രം 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' ആണ് നോമിനേഷനിൽ മുന്നിലുള്ളത്. ഒൻപത് നാമനിർദേശങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ആറ് വിഭാഗങ്ങളിൽ നോമിനേഷൻ നേടിയ 'ദ വൈറ്റ് ലോട്ടസ്' ആണ് തൊട്ടുപിന്നിൽ. പാകിസ്ഥാൻ-അമേരിക്കൻ ഹാസ്യനടൻ കുമൈൽ നഞ്ചിയാനി 'ബെസ്റ്റ് സ്റ്റാൻഡ്-അപ്പ് കോമഡി' വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തവണ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ഏക ദക്ഷിണേഷ്യൻ വംശജൻ കുമൈൽ ആണ്.