

തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആറും പ്രശാന്ത് നീലും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'ഡ്രാഗൺ'. ‘കെജിഎഫ്’, ‘സലാർ’ എന്നീ വമ്പൻ വിജയങ്ങൾക്ക് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന പുതിയ ചിത്രമായതിനാൽ പ്രഖ്യാപന നാൾ മുതൽ തന്നെ 'ഡ്രാഗൺ' സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു. അടുത്ത വർഷം തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനെയാണ് ജൂനിയർ എൻടിആറിന് പരിക്കേൽക്കുന്നതും തോളിന് ശസ്ത്രക്രിയ വേണ്ടിവരികയും ചെയ്തത്. തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചു. സിനിമയുടെ റിലീസ് നീണ്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ, ഇത്തരം ഊഹാപോഹങ്ങൾക്ക് ജൂനിയർ എൻടിആർ തന്നെ വിരാമമിട്ടിരിക്കുന്നു.
എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' സിനിമയുടെ തെലുങ്ക് പ്രീ റിലീസ് ഇവന്റിൽ പ്രശാന്ത് നീൽ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ജൂനിയർ എൻടിആർ പുറത്തുവിട്ടു. പരിക്കിൽ നിന്നും താൻ സുഖം പ്രാപിച്ചുവെന്നും പ്രഖ്യാപിച്ച തീയതിയിൽ തന്നെ 'ഡ്രാഗൺ' തിയേറ്ററുകളിലേക്ക് എത്തുമെന്നും നടൻ വ്യക്തമാക്കി.
“ഞാൻ സുഖം പ്രാപിച്ചിരിക്കുന്നു, ഉടൻ തന്നെ 'ഡ്രാഗൺ' സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മുൻപ് പ്രഖ്യാപിച്ചതുപോലെ തന്നെ ചിത്രം റിലീസ് ചെയ്യും. റിലീസിൽ യാതൊരുവിധ കാലതാമസവും ഉണ്ടാകില്ല,” നടൻ പറഞ്ഞു.
2027 ജൂൺ 11നാണ് 'ഡ്രാഗൺ' സിനിമയുടെ വേൾഡ് വൈഡ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂനിയർ എൻടിആറിനൊപ്പം രുക്മിണി വസന്ത് നായികയായെത്തുന്ന ചിത്രത്തിൽ അനിൽ കപൂർ, ബിജു മേനോൻ, ഖുശ്ബു സുന്ദർ, ഗുരു സോമസുന്ദരം, രാജീവ് കനകല, ആശുതോഷ് റാണ, അൻഷുമാൻ പുഷ്കർ, സിദ്ധാന്ത് ഗുപ്ത, പ്രഭാസ് ശ്രീനു, ശത്രു, ശിവ, ഭിമൽ ജീത് ഒബറോയ്, എൻതുതുസെലോ പ്രിൻസ് ഗ്രൂട്ട്‌ബൂം, അലക്സാണ്ടർ മിസെവ്, ബെനഡിക്ട് പോൾ ഗാരറ്റ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആക്ഷൻ, രാഷ്ട്രീയം, ക്രൈം ഘടകങ്ങൾ കോർത്തിണക്കിയ വമ്പൻ പാൻ ഇന്ത്യൻ സിനിമയായാണ് ‘ഡ്രാഗൺ’ ഒരുങ്ങുന്നത്.
മൈത്രി മൂവി മേക്കേഴ്സ്, എൻടിആർ ആർട്സ് ബാനറുകളിൽ നന്ദമൂരി കല്യാൺ റാം, നവീൻ യേർനേനി, വൈ. രവി ശങ്കർ, കോസരാജു ഹരികൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗുൽഷൻ കുമാർ, ഭൂഷൻ കുമാർ എന്നിവരുടെ ടി സീരീസാണ് ചിത്രം അവതരിപ്പിക്കുന്നത്. രവി ബസ്റൂർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് ഭുവന ഗൗഡയാണ് ഛായാഗ്രഹണം. ടി.എൽ. വെങ്കടചലപതി പ്രൊഡക്ഷൻ ഡിസൈനറും പ്രണവ് ശ്രീ പ്രസാദ് എഡിറ്ററുമാണ്. പീറ്റർ ഹെയ്ൻ, ചേതൻ ഡിസൂസ എന്നിവർ സംഘട്ടന രംഗങ്ങൾ ഒരുക്കുമ്പോൾ രാഘവ് തമ്മാരെഡ്ഡിയാണ് വിഎഫ്എക്സ് സൂപ്പർവൈസർ.