പഴകും തോറും വീര്യം കൂടുന്ന സത്യൻ അന്തിക്കാട്-ശ്രീനിവാസൻ ചിത്രമാണ് 'സന്ദേശം'. അരാഷ്ട്രീയ സന്ദേശമാണ് നൽകുന്നതെന്ന വിമർശനം നിലനിൽക്കെ തന്നെ ഇന്നും സമകാലീന രാഷ്ട്രീയ മണ്ഡലത്തിലെ പല പ്രവണതകളേയും ചിത്രം തുറന്നുകാട്ടുന്നു എന്നത് ഒരു വസ്തുതയാണ്. റിലീസ് ആയി 35 വർഷങ്ങൾ പിന്നിടുമ്പോഴും 'സന്ദേശം' മലയാളിയുടെ ആഗോള രാഷ്ട്രീയ ബോധത്തെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നത് അതിന്റെ തെളിവാണ്.
ചായക്കടകളിൽ പോലും ട്രംപിനേയും നെതന്യാഹുവിനേയും ചർച്ചയാക്കുന്നവരാണ് മലയാളികൾ. കേരള രാഷ്ട്രീയം എന്നപോലെ അന്താരാഷ്ട്ര വിഷയങ്ങളും നമ്മുടെ ഇഷ്ട തർക്കവിഷയമാണ്. ഇറാന് നേരെയുള്ള ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണം ആഗോള പ്രതിസന്ധിയാകുമെന്ന് ഏത് അന്താരാഷ്ട്ര ഏജൻസിയേക്കാളും മുൻപ് വിലയിരുത്തിയവരാണ് കേരളീയർ. കാരണം, ഇവിടെ ചരിത്രം ആവർത്തിക്കുക മാത്രമാണ്. അധിനിവേശത്തിന്റെ ഈ ചരിത്രത്തെ നർമത്തിൽ പൊതിഞ്ഞ് 'സന്ദേശ'ത്തിൽ അവതരിപ്പിക്കുന്നത് കാണാം. സിനിമയിൽ കക്ഷി രാഷ്ട്രീയത്തിന്റെ പേരിൽ മാതാപിതാക്കളുടെ മുന്നിൽ വച്ച് പോരടിക്കുന്ന ജയറാം-ശ്രീനിവാസൻ കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ ഓർക്കുന്നില്ലേ?
തെരഞ്ഞെടുപ്പ് തോൽവിയുടെ ചളിപ്പോടെ അച്ഛനും സഹോദരൻ പ്രകാശനുമൊപ്പം കഴിക്കാൻ ഇരിക്കുന്ന ശ്രീനിവാസന്റെ പ്രഭാകരൻ കോട്ടപ്പള്ളി. റെവല്യൂഷണറി ഡെമോക്രാറ്റിക് പാർട്ടിയുടെ (ആർഡിപി) സജീവ പ്രവർത്തകനാണ് സഖാവ് കോട്ടപ്പള്ളി. ജയറാം അവതരിപ്പിക്കുന്ന സഹോദരൻ കെആർപി എന്നറിയപ്പെടുന്ന പ്രകാശൻ ഇന്ത്യൻ നാഷണൽ സെക്കുലർ പാർട്ടി (ഐഎൻഎസ്‌പി)യുടെ വളർന്നുവരുന്ന നേതാവാണ്. ഇലക്ഷനും ഐഎൻഎസ്‌പിയുടെ ജയവും പതിയെ സംസാരവിഷയമാകുന്നു. തീൻമേശയിൽ സഹോദരങ്ങൾ ഏറ്റുമുട്ടുന്നു. പ്രകാശൻ പോളണ്ടിനെ വിമര്‍ശിക്കുമ്പോള്‍ നീ പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് കോട്ടപ്പള്ളി. ഈ തർക്കത്തിനിടയിലെ ഒരു സംഭാഷണ ശകലമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രഭാകരൻ കോട്ടപ്പള്ളിയെ താരമാക്കിയിരിക്കുന്നത്.
ആ ഡയലോഗുകൾ ഇങ്ങനെയാണ്:
പ്രഭാകരൻ: നിക്കരാഗ്വയിലെ ഒട്ടേഗയെ പുറത്താക്കി കുത്തക മുതലാളിമാരായ അമേരിക്ക ഒരു പാവ ഗവൺമെന്റിനെ സൃഷ്ടിച്ചു. റുമേനിയയിലും മറ്റൊന്നുമല്ല സംഭവിച്ചത്. ജർമനിയെ നിങ്ങൾ തകർത്തു. പക്ഷേ വിയറ്റ്‌നാമിലേയും കംബോഡിയയിലേയും വടക്കൻ കൊറിയയിലേയും ജനങ്ങൾ ഞങ്ങളുടെ ആവേശമാണെന്ന് നീ മനസിലാക്കണം.
പ്രകാശൻ: ഇവിടുത്തെ കാര്യം പറയുമ്പോൾ എന്തിനാ അന്താരാഷ്ട്രത്തിലേക്ക് ഓടുന്നത്.
പ്രഭാകരൻ: മനുഷ്യന്റെ കഥ എല്ലായിടത്തും ഒന്നാണെടാ...
യുഎസിനെതിരെ കേരളത്തിലെ കവലകളിൽ പ്രസംഗിക്കുന്ന കമ്യൂണിസ്റ്റുകാരെ പരിഹസിക്കാൻ ശ്രീനിവാസൻ നടത്തിയ ശ്രമം മാത്രമായാണ് അടുത്തിടെ വരെ പലരും ഈ സീനിനെ കണ്ടിരുന്നത്. യുഎസിന്റെ താൻപോരിമയെ കോട്ടപ്പള്ളി കടന്നാക്രമിക്കുമ്പോൾ, "ഇവിടുത്തെ കാര്യം പറയുമ്പോൾ എന്തിനാ അന്താരാഷ്ട്രത്തിലേക്ക് ഓടുന്നത്," എന്ന് പ്രകാശനെ പോലെ ചോദിക്കുന്നവരാണ് ഇങ്ങനെ ചിന്തിക്കുന്നവരിൽ അധികവും. "ഗാസയിലെ പട്ടിണിക്ക് നിങ്ങൾ ഇവിടെന്തിനാ സമരം ചെയ്യുന്നത്?," എന്ന് നിസാരമായി ചോദിക്കുന്നത് പോലെ.
എന്നാൽ, വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയാ ഫ്ലോറസിനേയും ട്രംപ് ഭരണകൂടം സ്വന്തം രാജ്യത്ത് നിന്ന് തട്ടിക്കൊണ്ടുപോകുകയും അധികാരഭ്രഷ്ടനാക്കുകയും ചെയ്യുമ്പോൾ പ്രഭാകരന്റെ വാക്കുകൾ മലയാളി ശരിവയ്ക്കുന്നു. യുഎസിന്റെ കാർമികത്വത്തിൽ പശ്ചിമേഷ്യ സംഘർഷഭരിതമാകുകയും ഇങ്ങ് കേരളത്തിലെ അടുക്കളകളിൽ എൽപിജി സിലണ്ടറുകൾ കിട്ടാതാകുകയും ചെയ്യുമ്പോൾ സോഷ്യൽ മീഡിയ പ്രഭാകരനെ കൊണ്ടാടുന്നു. കഥാപാത്രത്തിന്റെ വാക്കുകൾ റീ ഷെയർ ചെയ്യുന്നു - "മനുഷ്യന്റെ കഥ എല്ലായിടത്തും ഒന്നാണെടാ". നാളെ കുത്തക മുതലാളിത്ത രാജ്യങ്ങളുടെ നീരാളിക്കൈകൾ നമ്മളെയും തേടിയെത്തിയേക്കാം എന്ന തിരിച്ചറിവാണിത് പറയാൻ പ്രേരിപ്പിക്കുന്നത്. 'വിശപ്പിന്റെ' ഭീഷണി തരുന്ന തിരിച്ചറിവെന്നും പറയാം!