കൊച്ചി: തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഗ്യാങ്സ്റ്റർ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു എന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. 'മെഗാ 158' എന്ന് പ്രൊഡക്ഷൻ ടൈറ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിലൂടെ ഇരു താരങ്ങളും ബിഗ് സ്ക്രീനിൽ ആദ്യമായി ഒന്നിക്കും എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, 'വാൾട്ടർ വീരയ്യ' എന്ന ചിരഞ്ജീവിയുടെ ബ്ലോക്ബസ്റ്റർ ചിത്രം ഒരുക്കിയ ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ഈ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ നിന്ന് മോഹൻലാൽ പിന്‍മാറിയതായാണ് പുതിയ റിപ്പോർട്ട്.
അതിഥി വേഷം ചെയ്യുന്നതിനായി മോഹൻലാൽ 30 കോടി രൂപ പ്രതിഫലം ചോദിച്ചതാണ് പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ചെറിയ വേഷത്തിനായി ഇത്രയും വലിയ തുക ആവശ്യപ്പെട്ടത് ചിത്രത്തിന്റെ അണിയറപ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ്.
മോഹൻലാലും ചിരഞ്ജീവിയും തമ്മിലുള്ള വ്യക്തിപരമായ ബന്ധം കണക്കിലെടുത്ത്, മോഹൻലാൽ ഈ ചിത്രത്തിൽ പ്രതിഫലം വാങ്ങാതെ അഭിനയിക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിച്ചിരുന്നത്. സംവിധായകൻ ബോബിയും മോഹൻലാലുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. മോഹൻലാൽ പിന്മാറിയതോടെ ആ വേഷത്തിനായി മറ്റൊരു പ്രമുഖ തെലുങ്ക് താരത്തിലേക്ക് എത്തിയിരിക്കുകയാണ് നിർമാതാക്കൾ. ഈ നടൻ പ്രതിഫലം വാങ്ങാതെ അതിഥി വേഷം ചെയ്യുമെന്നാണ് നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്.
കൊൽക്കത്ത പശ്ചാത്തലമാക്കിയാണ് ഈ ഗ്യാങ്സ്റ്റർ ചിത്രം ഒരുങ്ങുന്നത്. അച്ഛനും മകളും തമ്മിലുള്ള ആത്മസംഘർങ്ങളുടെ കഥ കൂടിയാകും 'മെഗാ 158' പറയുക. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും.
മോഹൻലാലിന്റെ ഹിറ്റ് ചിത്രം 'ലൂസിഫറി'ന്റെ തെലുങ്ക് റീമേക്കായ 'ഗോഡ് ഫാദറി'ൽ ചിരഞ്ജീവി ആയിരുന്നു നായകൻ. എന്നാൽ, മലയാളത്തിലേത് പോലെ ഒരു ബ്ലോക്ബസ്റ്റർ വിജയം നേടാൻ ചിത്രത്തിന് സാധിച്ചില്ല. 'മന ശങ്കര വാര പ്രസാദ് ഗാരു' ആണ് അടുത്തതായി റിലീസ് ആകാനിരിക്കുന്ന ചിരഞ്ജീവി ചിത്രം. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന സിനിമ ആക്ഷൻ കോമഡി എന്റർടെയ്‌നർ ആയിരിക്കും. നയൻതാരയാണ് ചിത്രത്തിൽ നായിക. 2026 ജനുവരി 12ന് മകരസംക്രാന്തിയോടനുബന്ധിച്ച് സിനിമ റിലീസ് ചെയ്യുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.