
കൊച്ചി: 'ലോക ചാപ്റ്റർ വണ്‍: ചന്ദ്ര'യുടെ ചരിത്ര വിജയത്തിന് പിന്നാലെ ഛായാഗ്രഹകന്‍ നിമിഷ് രവിയെ അഭിനന്ദിച്ച് നടി അഹാന കൃഷ്ണ. 'ലോക' യാഥാർഥ്യമാക്കുന്നതിനായി സംവിധായകനൊപ്പം നിമിഷ് എത്രമാത്രം പ്രയ്തനിച്ചുവെന്ന് നടി സമൂഹമാധ്യമത്തില്‍ കുറിച്ചു.
നിരവധി സിനിമകളുടെ തിരക്കുകള്‍ക്കിടയിലും 'ലോക'യ്ക്കും ഡൊമിനിക്കിനുമായി നിമിഷ് സമയം കണ്ടെത്തിയിരുന്നതായി അഹാന പറയുന്നു. ഡൊമിനിക്കിന്റെ സ്വപ്നത്തിനൊപ്പം നടന്നതിനും ലോകയെ ഈ വിധം ആക്കിതീർക്കുന്നതില്‍ പ്രധാന ഭാഗമായതിനും നിമിഷിനെ അഹാന അഭിനന്ദിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.
"ഇത് നിനക്കുള്ളതാണ് നിം! ഒരു ദിവസത്തെ ഷൂട്ട് കഴിയുമ്പോഴേക്കും ആരും ക്ഷീണിച്ചുപോകും. എന്നാല്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മറ്റ് സിനിമകളുടെ ഷൂട്ടിങ് നടക്കുമ്പോഴും നീ ഡൊമിനിക്കിനെ വിളിച്ച് ലോകയെക്കുറിച്ച് ചർച്ച ചെയ്യുമായിരുന്നു. എത്ര തിരക്കിലായാലും ക്ഷീണത്തിലായാലും ഇങ്ങനെ ചർച്ച ചർച്ച ചെയ്യാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. ഒരു ഛായാഗ്രാഹകന്‍ എന്നതിലപ്പുറം ഡൊമിനിക്കിന്റെ സ്വപ്നത്തിലേക്ക് കടന്നുചെന്നതിലും ലോക ഇന്നത്തെ അവസ്ഥയിലായിരിക്കുന്നതിന്റെ ഏറ്റവും വലിയ കാരണങ്ങളിലൊന്നായതിലും ഞാൻ നിന്നെ ഓർത്ത് അങ്ങേയറ്റം അഭിമാനിക്കുന്നു.
നീയില്ലാതെ ഇത് സംഭവിക്കില്ലായിരുന്നു. അതെന്ത് കൊണ്ടാണെന്ന് അറിയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. സിനിമയില്‍ വന്ന ആദ്യ ദിനം മുതല്‍, നീ എങ്ങനെയായിരുന്നു അതുപോലെ ഹൃദയത്തില്‍ നിന്ന് അർഥവത്തായ സിനിമകള്‍ ചെയ്യൂ," അഹാന കുറിച്ചു.
'ലോക'യില്‍ അഹാന അതിഥി വേഷത്തില്‍ ഒരു രംഗത്തില്‍ എത്തുന്നുണ്ട്. എന്നാല്‍ ഈ കഥാപാത്രത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ താരമോ അണിയറ പ്രവർത്തകരോ പുറത്തുവിട്ടിട്ടില്ല.
ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര' 275 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി കുതിപ്പ് തുടരുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ചിത്രം 275 കോടി രൂപയ്ക്കു മുകളിൽ ആഗോള ഗ്രോസ് സ്വന്തമാക്കുന്നത്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം, മലയാളത്തിലെ മറ്റു ഓൾ ടൈം ടോപ് ഗ്രോസ്സർ ചിത്രങ്ങളേക്കാൾ വമ്പൻ മാർജിനിൽ ലീഡ് നേടിയാണ് ബോക്സ് ഓഫീസിൽ മുന്നേറുന്നത്.
അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ കല്യാണി, നസ്ലൻ എന്നിവർക്കൊപ്പം ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരാണ് മറ്റ് നിർണായക വേഷങ്ങളില്‍ എത്തുന്നത്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും ചിത്രത്തിന്റെ ഹൈലൈറ്റായി മാറി.