'ജാനകി'ക്ക് വീണ്ടും സെന്‍സർ കട്ട്; കോടതി കയറി ഭോജ്‌പൂരി ചിത്രം

'ജാൻകി ചാപ്റ്റർ 1' എന്ന ഭോജ്പൂരി ചിത്രത്തിന് എതിരെയാണ് സെൻസർ ബോർഡ് രംഗത്തെത്തിയത്
'ജാനകി' ഭോജ്‌പൂരി സിനിമ
'ജാനകി' ഭോജ്‌പൂരി സിനിമSource: Instagram / mohitsahu0008
Published on

കൊച്ചി: 'ജാനകി' എന്ന പേര് സിനിമയില്‍ ഉപയോഗിക്കുന്നതിന് എതിരെ വീണ്ടും സെൻസർ ബോർഡ്. 'ജാൻകി ചാപ്റ്റർ 1' എന്ന ഭോജ്പൂരി ചിത്രത്തിന് എതിരെയാണ് സെൻസർ ബോർഡ് രംഗത്തെത്തിയത്. ഹിന്ദിയിൽ സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് സിബിഎഫ്‌സി എതിർപ്പറിയിച്ചത്. നിർമാതാക്കൾ സമർപ്പിച്ച ഹർജിയിൽ ബോംബെ ഹൈക്കോടതി ബോർഡിന് നോട്ടീസ് അയച്ചു.

സീതാ ദേവിയുടെ മറ്റൊരു പേരാണ് 'ജാനകി' എന്ന് കാട്ടിയാണ് സിബിഎഫ്‌സി ടൈറ്റിലിനോട് എതിർപ്പറിയിച്ചത് എന്നാണ് സിനിമയുടെ നിർമാതാക്കള്‍ പറയുന്നത്. സിനിമയിലെ കേന്ദ്ര കഥാപാത്രമായ പുരുഷന്റെ പേരിനോടും സെന്‍സർ ബോർഡ് എതിർപ്പറിയിച്ചിട്ടുണ്ട്. 'രഘുറാം' എന്നാണ് നായകന്റെ പേര്. രഘുറാമിന്റെയും ജാനകിയുടെയും ജീവിതത്തിന് ചുറ്റും വികസിക്കുന്ന മെഗാ ആക്ഷന്‍ സിനിമയാണിത്.

നിർമാതാക്കളുടെ ഹർജി പരിഗണിച്ച ജസ്റ്റിസ് രേവതി മോഹിതെ-ദേരെയും സന്ദേശ് പാട്ടീലുമാണ് സെന്‍സർ ബോർഡിന് നോട്ടീസ് അയച്ചത്. ഒക്ടോബർ ആറിന് മുന്‍പ് മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

'ജാനകി' ഭോജ്‌പൂരി സിനിമ
"ഞങ്ങള്‍ പിരിയുന്നു, ചിലർക്ക് സന്തോഷമായേക്കും"; കിച്ചുവുമായി വേർപിരിഞ്ഞതായി റോഷ്ന ആൻ റോയി

ദിലേഷ് സാഹു, അനുകൃതി ചൗഹാൻ എന്നിവർ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് കൗശൽ ഉപാധ്യായയാണ്. ഭോജ്പൂരി ഭാഷയില്‍ റിലീസ് ആയ ചിത്രം പിന്നീട് ഹിന്ദിയിലേക്ക് എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2025 മെയ് 16 ന് സിബിഎഫ്‌സിയുടെ അംഗീകാരത്തോടെ ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തിറക്കിയിരുന്നു. ജൂണ്‍ 10ന് സിനിമയ്ക്ക് ബോർഡ് യു/എ 16+ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നല്‍കിയിരുന്നു.

സർട്ടിഫിക്കേഷന്‍ നല്‍കുമ്പോള്‍ ചില കട്ടുകളും പരിഷ്കാരങ്ങളും ബോർഡ് നിർദേശിച്ചിരുന്നു. ഇതിനു പുറമേയായിരുന്നു സിനിമയുടെ ടൈറ്റില്‍ മാറ്റണമെന്നും കേന്ദ്ര കഥാപാത്രങ്ങളുടെ പേര് മാറ്റാണമെന്നുമുള്ള നിർദേശം. മതപരമോ സാമൂഹികമോ ആയ വികാരങ്ങൾ വ്രണപ്പെടുത്തുന്നതാണ് 'ജാനകി', 'രഘുറാം' എന്നീ പേരുകളുടെ ഉപയോഗമെന്നാണ് ബോർഡിന്റെ വാദം. എന്നാല്‍, ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് 'ജാനകി' നിർമാതാക്കള്‍ പറയുന്നത്.

'ജാനകി' ഭോജ്‌പൂരി സിനിമ
"അണ്ണന്റെ അത്രയും വരില്ലെങ്കിലും..."; 'കാന്താര 2' നായിക രുക്മിണി വസന്തിനെ നിർമാതാവ് അപമാനിച്ചെന്ന് വിമർശനം

മലയാളം ചിത്രം 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള'യുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതിയുടെ വിധിയേയും വാദത്തിനായി ഭോജ്‌പൂരി ചത്രത്തിന്റെ നിർമാതാക്കള്‍ ആശ്രയിച്ചിട്ടുണ്ട്. 'ജാനകി' എന്ന വാക്ക് ടൈറ്റിലില്‍ നിന്നോ സംഭാഷണങ്ങളിൽ നിന്നോ നീക്കം ചെയ്യാനോ മാറ്റാനോ ഒരു ചലച്ചിത്രകാരനെ നിർബന്ധിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) പ്രകാരം ഉറപ്പുനൽകുന്ന സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു ഈ കേസില്‍ കോടതിയുടെ നിരീക്ഷണം. എന്നാല്‍ സിബിഎഫ്‌സി നിർദേശത്തെ തുടർന്ന് 'ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ' എന്ന് പേര് മാറ്റിയാണ് സിനിമ പ്രദർശനത്തിന് എത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com