ടൈറ്റിലിൽ ജാഗ്രത വേണം, സ്ത്രീകളെ അവഹേളിക്കരുത്, അക്രമത്തെ മഹത്വവത്കരിക്കരുത്; പുതുക്കിയ സെൻസർ മാനദണ്ഡങ്ങള്‍ ഇവയാണ്...

1991ന് ശേഷം ആദ്യമായിട്ടാണ് സിനിമാ സർട്ടിഫിക്കേഷനുള്ള മാർഗനിർദേശങ്ങൾ പുതുക്കുന്നത്
ടൈറ്റിലിൽ ജാഗ്രത വേണം, സ്ത്രീകളെ അവഹേളിക്കരുത്, അക്രമത്തെ മഹത്വവത്കരിക്കരുത്; പുതുക്കിയ സെൻസർ മാനദണ്ഡങ്ങള്‍ ഇവയാണ്...
Published on
Updated on

മുപ്പത്തഞ്ച് വർഷത്തിന് ശേഷം സെൻസർ സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങള്‍ പുതുക്കി കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം. സ്ത്രീകളെ അവഹേളിക്കുന്ന രംഗങ്ങള്‍ പാടില്ല, കുറ്റകൃത്യങ്ങളെ മഹത്വവത്കരിക്കരുത്, രാജ്യസുരക്ഷയെയും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തെയും ബാധിക്കുന്ന ഉള്ളടക്കങ്ങൾ പാടില്ലെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തെ അനാവശ്യമായി നിയന്ത്രിക്കരുതെന്ന് പറയുമ്പോൾ തന്നെ, സിനിമകൾ സാമൂഹിക മൂല്യങ്ങളോട് ഉത്തരവാദിത്തം പുലർത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. സെന്‍സര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചതിന് പിന്നാലെയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വരുന്നത്.

1991ന് ശേഷം ആദ്യമായിട്ടാണ് സിനിമാ സർട്ടിഫിക്കേഷനുള്ള മാർഗനിർദേശങ്ങൾ പുതുക്കുന്നത്. കേന്ദ്രം പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം മുൻപുണ്ടായിരുന്ന പല നിയമങ്ങളും നിലനിർത്തുമ്പോൾ തന്നെ ചില പ്രധാന മാറ്റങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ട്. ഒരു ചലച്ചിത്രത്തെ അതിന്റെ പൂർണതയിലും അത് ജനങ്ങളിൽ ഉണ്ടാക്കുന്ന മൊത്തത്തിലുള്ള സ്വാധീനത്തെ അടിസ്ഥാനത്തിലുമാകണം അളക്കേണ്ടതെന്നും അല്ലാതെ ഒറ്റപ്പെട്ട രംഗങ്ങൾ വെവ്വേറെ വിലയിരുത്തരുതെന്നും വാർത്താ വിതരണ മന്ത്രാലയം സെൻസർ ബോർഡിനോട് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.

ടൈറ്റിലിൽ ജാഗ്രത വേണം, സ്ത്രീകളെ അവഹേളിക്കരുത്, അക്രമത്തെ മഹത്വവത്കരിക്കരുത്; പുതുക്കിയ സെൻസർ മാനദണ്ഡങ്ങള്‍ ഇവയാണ്...
'പ്രേമലു', 'BKU' സഹ രചയിതാവ് കിരൺ ജോസി സംവിധായകനായി അരങ്ങേറുന്നു; ഭാവന സ്റ്റുഡിയോസിന്റെ 'പിക്‌നിക്' ജനുവരി 14ന്

"സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന കാലഘട്ടവും, ആ ചിത്രം പ്രതിനിധീകരിക്കുന്ന രാജ്യത്തെയും ജനങ്ങളുടെയും സമകാലിക നിലവാരവും" കണക്കിലെടുത്തുവേണം ബോർഡ് ഒരു ചിത്രത്തെ വിലയിരുത്തേണ്ടത് എന്ന് പുതുക്കിയ മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്നു. ഒപ്പം പ്രേക്ഷകരുടെ ധാർമികത ഇല്ലാതാക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയും വേണം.

മുൻപുണ്ടായിരുന്ന പ്രായപരിധി അടിസ്ഥാനമാക്കിയുള്ള UA സിസ്റ്റം നിലനിർത്തിയിട്ടുണ്ട്. യാതൊരു നിയന്ത്രണവുമില്ലാത്ത പ്രദർശനത്തിന് അനുമതി നൽകുമ്പോൾ, ആ ചിത്രം കുടുംബസമേതം ഇരുന്ന് കാണാൻ അനുയോജ്യമാണെന്ന് ബോർഡ് ഉറപ്പാക്കണം. അതായത്, കുട്ടികൾ ഉൾപ്പെടെ ഒരു മുഴുവൻ കുടുംബത്തിനും ഒന്നിച്ചിരുന്ന് കാണാൻ സാധിക്കുന്നതായിരിക്കണം ആ സിനിമ.

സിനിമകളുടെ ടൈറ്റിലുകൾ സെൻസർ ബോർഡ് ജാഗ്രതയോടെ പരിശോധിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. പ്രകോപനപരമോ, അശ്ലീലമോ, ആക്ഷേപകരമോ അല്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് നിർദേശം.

ടൈറ്റിലിൽ ജാഗ്രത വേണം, സ്ത്രീകളെ അവഹേളിക്കരുത്, അക്രമത്തെ മഹത്വവത്കരിക്കരുത്; പുതുക്കിയ സെൻസർ മാനദണ്ഡങ്ങള്‍ ഇവയാണ്...
സ്റ്റണ്ട്മാനായി ധ്രുവ് വിക്രം; 'ജാക്കി' ഗ്ലിംപ്സ് പുറത്ത്

പ്രധാന നിർദേശങ്ങൾ:

  • ആവിഷ്കാര സ്വാതന്ത്ര്യത്തെ അനാവശ്യമായി നിയന്ത്രിക്കരുത്.

  • സിനിമകൾ സാമൂഹിക മൂല്യങ്ങളോട് ഉത്തരവാദിത്തമുള്ളതും സംവേദനക്ഷമതയുള്ളതുമാണെന്ന് ബോർഡ് ഉറപ്പാക്കണം.

  • സിനിമകൾ അക്രമത്തെയോ കുറ്റകൃത്യങ്ങളെയോ മഹത്വവൽക്കരിക്കുകയോ ന്യായീകരിക്കുകയോ ചെയ്യരുത്. അനാവശ്യമായതും അതിരുകടന്നതുമായ അക്രമങ്ങൾ, ക്രൂരത, ഭയം ജനിപ്പിക്കുന്ന രംഗങ്ങൾ എന്നിവ ഒഴിവാക്കണം.

  • കുട്ടികളെ അക്രമത്തിന്റെ ഇരകളായോ, കുറ്റവാളികളായോ, പീഡനത്തിന് ഇരയാകുന്നവരായോ ചിത്രീകരിക്കുന്ന രംഗങ്ങൾ പാടില്ല.

  • ശാരീരികമായോ മാനസികമായോ പരിമിതിയുള്ളവരെ അധിക്ഷേപിക്കുന്നതോ പരിഹസിക്കുന്നതോ ആയ രംഗങ്ങൾ പൂർണമായും നിരോധിച്ചിരിക്കുന്നു.

  • മൃഗങ്ങളോടുള്ള ക്രൂരതയോ അവരെ ഉപദ്രവിക്കുന്നതോ ആയ രംഗങ്ങൾ അനാവശ്യമായി കാണിക്കാൻ പാടില്ല.

  • മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, പുകവലി എന്നിവയെ മഹത്വവൽക്കരിക്കരുത്. ലഹരിമരുന്ന് ഉപയോഗിക്കുന്ന രംഗങ്ങളിൽ ലഹരിവിരുദ്ധ മുന്നറിയിപ്പ് നിർബന്ധമായും കാണിക്കണം.

  • സ്ത്രീകളെ അവഹേളിക്കുന്ന രീതിയിലുള്ള ചിത്രീകരണങ്ങൾ പാടില്ല. ലൈംഗിക അക്രമങ്ങൾ പരമാവധി കുറയ്ക്കുകയും കഥയ്ക്ക് അത്യാവശ്യമെങ്കിൽ വിശദാംശങ്ങൾ ഒഴിവാക്കി മാത്രം കാണിക്കുക.

  • ലൈംഗിക വൈകൃതങ്ങൾ കാണിക്കുന്ന രംഗങ്ങൾ പൂർണമായും ഒഴിവാക്കണം. ഇനി ഇത്തരത്തിലുള്ള രംഗങ്ങൾ ഉള്ളടക്കത്തിന് അത്യന്താപേക്ഷിതമാണെങ്കിൽ തന്നെ, വിശദാംശങ്ങൾ ഒഴിവാക്കണം.

  • അശ്ലീലത, അധാർമ്മികത, ലൈംഗികച്ചുവയുള്ള അല്ലെങ്കിൽ ദ്വയാർഥമുള്ള സംഭാഷണങ്ങൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ പുതിയ നിയമത്തിലും നിലനിർത്തിയിട്ടുണ്ട്.

  • വംശീയമോ മതപരമോ ആയ മറ്റ് വിഭാഗങ്ങളെ നിന്ദിക്കുന്നതോ അധിക്ഷേപിക്കുന്നതോ ആയ ദൃശ്യങ്ങളോ വാക്കുകളോ കാണിക്കാനോ ഉപയോഗിക്കാനോ പാടില്ല.

  • ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്നതോ, രാജ്യസുരക്ഷയെയോ ക്രമസമാധാനത്തെയോ ബാധിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ അനുവദിക്കില്ല.

  • മാനനഷ്ടമുണ്ടാക്കുന്ന പരാമർശങ്ങളോ കോടതി അലക്ഷ്യമോ പാടില്ല. കോടതികളുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തുന്ന ദൃശ്യങ്ങളോ പരാമർശങ്ങളോ കോടതി അലക്ഷ്യത്തിന്റെ പരിധിയിൽ വരും.

  • സിനിമകളുടെ ടൈറ്റിലുകൾ സെൻസർ ബോർഡ് ജാഗ്രതയോടെ പരിശോധിക്കണം. പ്രകോപനപരമോ, അശ്ലീലമോ, ആക്ഷേപകരമോ അല്ലെങ്കിൽ മുകളിൽ പരാമർശിച്ച നിർദേശങ്ങളുടെ ലംഘനമോ അല്ലെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

News Malayalam 24x7
newsmalayalam.com