
"എനിക്ക് സമാധാനം തരുന്ന കാര്യങ്ങളില്‍ ഞാന്‍ ഉറച്ച് നില്‍ക്കും"
വോഗ് അറേബ്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി ദീപിക പദുകോണ്‍ പറഞ്ഞ വാക്കുകളാണിത്. ഇന്ത്യന്‍ സിനിമയിലെ പ്രതിഭാശാലിയും പ്രശസ്തയുമായ അഭിനേത്രികളില്‍ ഒരാളാണ് ദീപിക. അഭിനയത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴും നിലപാട് വ്യക്തമാക്കാന്‍ ദീപിക മടിച്ചിട്ടില്ല. 2020ല്‍ ദീപിക പദുകോണ്‍ ജെഎന്‍യു ക്യാപംസിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോഴും ഛപാകില്‍ ആസിഡ് അറ്റാക് സര്‍വൈവര്‍ ആയി അഭിനയിച്ചപ്പോഴും അവരുടെ രാഷ്ട്രീയവും നിലപാടും നമുക്ക് വ്യക്തമായി മനസിലായതാണ്. എന്നാല്‍ തന്റെ ശബ്ദം ആവശ്യമുണ്ടെന്ന് തോന്നുന്നിടത്തെ അവര്‍ പ്രതികരിക്കുകയുള്ളൂ എന്നതും വ്യക്തമാണ്. അടുത്ത കാലത്ത്, അവര്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് നേരിട്ട സൈബര്‍ ആക്രമണങ്ങളോട് ദീപിക പ്രതികരിച്ചില്ലല്ല. സമാനമായാണ് അവര്‍ സന്ദീപ് റെഡ്ഡി വാങ്കയുടെ 'സ്പിരിറ്റില്‍' നിന്നും പുറത്താക്കപ്പെട്ട വാര്‍ത്തകളോടും പ്രതികരിച്ചത്.
സംഭവത്തില്‍ നേരിട്ട് ഇതുവരെ ഒരു പ്രതികരണവും ദീപിക തന്നിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന കാര്‍ട്ടിയര്‍ ഇവന്റില്‍ വോഗ് അറേബ്യയോട് സംസാരിക്കവെ ദീപിക പറഞ്ഞ വാക്കുകള്‍ 'സ്പിരിറ്റില്‍' നിന്നുള്ള പുറത്താക്കലിനുള്ള പ്രതികരണമായി വ്യാഖ്യാനിക്കാം.
"സത്യസന്ധതയും ആധികാരികതയും പുലര്‍ത്തുന്നതാണ് എന്നെ ജീവിതത്തില്‍ സന്തുലിതമായി നിലനിര്‍ത്തുന്നതെന്ന് ഞാന്‍ കരുതുന്നു. എപ്പോഴെങ്കിലും ഞാന്‍ ബുദ്ധിമുട്ടുള്ള പ്രശ്നങ്ങള്‍ നിറഞ്ഞ അവസ്ഥയിലൂടെ കടന്ന് പോകുമ്പോള്‍ എന്റെ ഉള്ളിലെ ആ ശബ്ദത്തെ ഞാന്‍ കേള്‍ക്കും. എന്നിട്ട് തീരുമാനമെടുക്കും. എനിക്ക് സമാധാനം തരുന്ന തീരുമാനങ്ങളില്‍ ഞാന്‍ ഉറച്ച് നില്‍ക്കും. അപ്പോഴാണ് എനിക്ക് ജീവിതത്തില്‍ സന്തുലിതമായി നിലകൊള്ളാന്‍ കഴിയുന്നത്", എന്നായിരുന്നു ദീപികയുടെ വാക്കുകള്‍. ഇത് സന്ദീപ് റെഡ്ഡി വാങ്കയുമായുള്ള വിവാദങ്ങള്‍ക്കുള്ള മറുപടിയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദീപിക 'സ്പിരിറ്റില്‍' നിന്നും പുറത്തുപോയി എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്ക ത്രിപ്തി ദിമ്രിയാണ് ചിത്രത്തിലെ നായികയെന്ന് പ്രഖ്യാപിച്ചത്. അതിന് പിന്നാലെ അപ്രതീക്ഷിതമായി സന്ദീപിന്റെ എക്‌സ് പോസ്റ്റും വന്നു. അത് വലിയ വിവാദത്തിന് വഴിവെക്കുകയും ചെയ്തു. ഒരു പ്രമുഖ അഭിനേതാവ് 'സ്പിരിറ്റി'ന്റെ കഥ പുറത്താക്കിയെന്നും അവരെക്കാള്‍ പ്രായം കുറഞ്ഞ അഭിനേതാവിനെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചുവെന്നുമായിരുന്നു സന്ദീപിന്റെ ആരോപണം. ആരോപണങ്ങള്‍ക്ക് പിന്നാലെ അത് ദീപിക പദുകോണിനെ കുറിച്ചാണെന്ന് സമൂഹമാധ്യമത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.
"ഞാന്‍ ഒരു അഭിനേതാവിനോട് കഥ പറയുമ്പോള്‍ 100 ശതമാനം വിശ്വാസമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം അപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ഔദ്യോഗികമല്ലാത്ത വാക്കാല്‍ ഉള്ള ഒരു കരാര്‍ രൂപപ്പെടുന്നു. അത് ചെയ്യുന്നതിലൂടെ നിങ്ങള്‍ ആ വ്യക്തിക്ക് മുന്നില്‍ തുറന്ന് കാട്ടപ്പെടുകയാണ്. ഒരു യുവ അഭിനേതാവിനെ താഴ്ത്തികെട്ടുകയും എന്റെ കഥ ഇല്ലാതാക്കുകയും ചെയ്തു. ഇതാണോ നിങ്ങളുടെ ഫെമിനിസം ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ എന്റെ ജോലിയില്‍ വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്നുണ്ട്. എന്നെ സംബന്ധിച്ച് സിനിമയാണ് എല്ലാം. നിങ്ങള്‍ക്ക് അത് ഒരിക്കലും മനസിലാവില്ല. അടുത്ത തവണ, കഥ മുഴുവന്‍ പറയണം. കാരണം എനിക്ക് ഇതൊന്നും വലിയ കാര്യമല്ല. നിങ്ങളുടെ ഡേര്‍ട്ടി പിആര്‍ ഗെയിംസ്"; എന്നായിരുന്നു സന്ദീപിന്റെ എക്‌സ് പോസ്റ്റ്.
എന്തുകൊണ്ടാണ് സന്ദീപ് റെഡ്ഡി വാങ്ക 'സ്പിരിറ്റില്‍' നിന്നും ദീപികയെ മാറ്റിയത് ?
ദീപികയുടെ ചില ഡിമാന്റുകള്‍ സന്ദീപിന് അംഗീകരിക്കാനായില്ലെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. എട്ട് മണിക്കൂര്‍ ജോലി സമയമാണ് അതിലൊന്ന്. അതില്‍ ആറ് മണിക്കൂര്‍ മാത്രമെ ചിത്രീകരണത്തിനായി ചിലവഴിക്കുകയുള്ളൂ എന്നും അവര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അതുപോലെ തന്നെ തന്റെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് ദീപിക ചിത്രത്തില്‍ അഭിനയിക്കാനായി ചോദിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. കൂടാതെ ചിത്രത്തിന്റെ ലാഭത്തിന്റെ ഒരു ശതമാനം വേണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ സന്ദീപിന് ഏറ്റവും പ്രശ്‌നമായത് തെലുങ്ക് ഡയലോഗുകള്‍ ദീപിക പറയില്ലെന്ന് പറഞ്ഞതാണ്. പുതിയ വിവരങ്ങള്‍ അനുസരിച്ച് ചിത്രത്തില്‍ ബോള്‍ഡ് സീനുകള്‍ ഉണ്ടെന്നും അത് അഭിനയിക്കാന്‍ ദീപിക തയ്യാറായില്ലെന്നുമാണ് അറിയാന്‍ കഴിയുന്നത്. അതും ദീപികയെ സിനിമയില്‍ നിന്നും പുറത്താക്കാനുള്ള കാരണമായെന്നാണ് സൂചന.
അതേസമയം ദീപികയ്‌ക്കെതിരെയും സന്ദീപിനെതിരെയും ചേരി തിരിഞ്ഞ് സമൂഹമാധ്യമത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. 'ജവാന്‍' എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം ചെയ്ത പാട്ട് സീന്‍ ചൂണ്ടിക്കാട്ടിയാണ് ദീപികയ്‌ക്കെതിരെയുള്ള വിമര്‍ശനം. പാട്ട് സീനില്‍ ദീപിക ബിക്കിനിയാണ് ധരിച്ചിരിക്കുന്നത്. ഇത്തരം സീനുകള്‍ ദീപികയ്ക്ക് ഖാന്‍മാരുമൊത്ത് ചെയ്യാന്‍ മടിയില്ലെന്ന തരത്തിലാണ് സമൂഹമാധ്യമത്തില്‍ വരുന്ന ആക്ഷേപങ്ങള്‍. എന്നാല്‍ ദീപികയുടെ ഫെമിനിസത്തെ ചോദ്യം ചെയ്തതാണ് സന്ദീപിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണം. സ്ത്രീ വിരുദ്ധമായ സിനിമകള്‍ ചെയ്യുന്ന സന്ദീപ് റെഡ്ഡിക്ക് മറ്റൊരാളുടെ ഫെമിനിസത്തെ ചോദ്യം ചെയ്യാന്‍ എന്ത് അധികാരമെന്നാണ് ദീപികയുടെ ആരാധകര്‍ ചോദിക്കുന്നത്.
സിനിമയില്‍ അഭിനേതാക്കളെ മാറ്റുന്നത് സാധാരണ കാര്യമാണ്. പല കാരണങ്ങള്‍കൊണ്ടും കാലങ്ങളായ ഇത്തരം പ്രശ്‌നങ്ങള്‍ സിനിമാ മേഖലയില്‍ നടക്കുന്നതാണ്. ഒരു സിനിമയില്‍ നിന്ന് പിന്‍മാറാനും പിന്‍മാറാതിരിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ഒരാളെ വ്യക്തിഹത്യയ്ക്ക് വിധേയമാക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടുന്നത്. ഇവിടെ സന്ദീപ് ഒരു അഭിനേതാവിന്റെ പേര് പോസ്റ്റില്‍ പറഞ്ഞിട്ടില്ലെങ്കിലും ഗുരുതരമായ ആരോപണങ്ങളാണ് അയാള്‍ നടത്തിയിരിക്കുന്നത്. അത് ദീപികയാണെന്ന വാര്‍ത്തകള്‍ ഇരുവരും തമ്മിലുള്ള ഒരു നിശബ്ദ പോരിനാണ് തുടക്കമിട്ടിരിക്കുന്നത്.