"രാഷ്ട്രീയ നിലപാട് കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രയും അവഗണിക്കപ്പെട്ട മറ്റൊരു നടനില്ല"; മമ്മൂട്ടിയെ കുറിച്ചുള്ള ഗീവര്‍ഗീസ് മാര്‍ കൂറിലോസിൻ്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണമെന്നും അതുകൊണ്ട് മമ്മൂട്ടിയും മോഹൻലാലും മാറിനിൽക്കുകയല്ല വേണ്ടത്
Mammootty and Geevarghese Mar Coorilos
ഗീവര്‍ഗീസ് മാര്‍ കൂറിലോസ്Source: Mammootty, Geevarghese Mar Coorilos
Published on

കൊച്ചി: ഇന്ത്യൻ സിനിമയിൽ മെത്തേഡ് ആക്ടിങ്ങിൽ മമ്മൂട്ടി അവസാന വാക്കാണെന്നും പരകായ പ്രവേശം ഈ മഹാ നടനിൽ അതിൻ്റെ ഔന്നത്യം പ്രാപിക്കുന്നുവെന്നും യാക്കോബായ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തൻ്റെ രാഷ്ട്രീയ നിലപാടുകൾ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

താനൊരു മമ്മൂട്ടി ഫാൻ ആണെന്ന് പറഞ്ഞ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, എഴുപതുകളിലും പുതു തലമുറയെ വെല്ലുവിളിച്ചു കൊണ്ട് നാട്യകലയിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്ന മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണമെന്നും, അതുകൊണ്ട് മമ്മൂട്ടിയും മോഹൻലാലും മാറിനിൽക്കുകയല്ല വേണ്ടത്, മറിച്ച് വരുംതലമുറ അവരോട് ഏറ്റുമുട്ടി വിജയിക്കട്ടെയെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു.

Mammootty and Geevarghese Mar Coorilos
അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടി കമ്പനി

രാഷ്ട്രീയ നിലപാടുകൾ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ലെന്നും, ഇന്ത്യൻ സിനിമയുടെ ഡാനിയേൽ ഡേ ലൂയിസ് എന്നോ റോബർട്ട് ഡീ നീറോ എന്നോ വിളിക്കാവുന്ന ഉയരത്തിലാണ് മമ്മൂട്ടിയുടെ പകർന്നാട്ടമെന്നും പ്രശംസിച്ചു.

ഗീവര്‍ഗീസ് മാര്‍ കൂറിലോസിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

നിങ്ങൾ ഇത് എന്ത് ഭാവിച്ചാ മമ്മൂക്ക?

കുറച്ചു ദിവസം മുൻപ് കുവൈറ്റിൽ നിന്നും നാട്ടിലേക്കുള്ള മടക്ക യാത്രയിലാണ് കുവൈറ്റ്‌ എയർവേസ് ഫ്ലൈറ്റിൽ “ഭ്രമയുഗം” മൂവി കണ്ടത്. അപ്പോൾ മനസ്സിൽ ചോദിച്ച ചോദ്യമാണ് മുകളിൽ കുറിച്ചത്. ഇന്ത്യൻ സിനിമയിൽ method acting ഇൽ മമ്മൂട്ടി അവസാന വാക്കാണ്. പരകായ പ്രവേശം അതിന്റെ ഔന്നത്യം പ്രാപിക്കുന്നു ഈ മഹാ നടനിൽ. ഒരു കഥാ പാത്രമായി മാറാൻ അദ്ദേഹം ചെയ്യുന്ന ഗൃഹപാഠം!

Mammootty and Geevarghese Mar Coorilos
"ഹേറ്റേഴ്സിനെ കൊണ്ട് റീച്ച് കൂട്ടുന്ന 'ആരോ' ലൈൻ എനിക്കിഷ്ടമായി മച്ചൂ"; രഞ്ജിത്തിനെ പിന്തുണച്ച് സംവിധായകൻ ജോയ് മാത്യു

ഇന്ത്യൻ സിനിമയുടെ Daniel Day Lewis എന്നോ Robert de Niro എന്നോ വിളിക്കാവുന്ന ഉയരത്തിലാണ് അദ്ദേഹത്തിന്റെ പകർന്നാട്ടം. എബ്രഹാം ലിങ്കനെ അവതരിപ്പിച്ച Daniel Day-Lewis ഷൂട്ടിംഗ് തീരുന്നതു വരെയും ആ കഥാപത്രത്തിൽ നിന്നും പുറത്തു കടന്നിട്ടില്ല എന്ന് വായിച്ചിട്ടുണ്ട്. മമ്മൂട്ടി അംബേദ്കർ ചെയ്തപ്പോൾ നടത്തിയ ഗവേഷണം, ഇംഗ്ലീഷ് ഭാഷ accent പരിശീലനം എല്ലാം നടനം എത്ര ഗൗരവമായിട്ടാണ് എടുക്കുന്നത് എന്നതിന്റെ സൂചകങ്ങളാണ്. Taxi Driver ആയി അഭിനയിക്കാൻ ജീവിതത്തിൽ de Niro taxi driver ആയതു പോലെ!

ആകാര ഭംഗിയും ശബ്ദ സൗകുമാര്യവും അപാര ശബ്ദ വിന്യസവും (modulation ) ഇത്രമേൽ സാമാന്വയിച്ചിരിക്കുന്ന മറ്റൊരു നടനെ നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ഭാഷയുടെ വൈവിധ്യങ്ങളും ഇത്രമേൽ വഴങ്ങുന്ന മറ്റൊരു നടനും ഇല്ല. സൂക്ഷ്മ അഭിനയം മമ്മൂട്ടിയിൽ പൂർണത കൈവരിക്കുന്നു. ശരീര ഭാഗങ്ങളുടെ ചലനങ്ങൾ ഇത്രയും ഭാവ ഗംഭീരമായി അവതരിപ്പിക്കാൻ മമ്മൂട്ടിക്കുള്ള കഴിവ് അപാരമാണ്. അമരത്തിലെയും ഉദ്യാനപാലകനിലെയും അദ്ദേഹത്തിന്റെ നടപ്പ്, ഭ്രമയുഗത്തിലെയും ഭൂതകണ്ണാടിയിലെയും നോട്ടം ഒക്കെ ഈ ഭാവാഭിനയ പൂർണതയുടെ അടയാളങ്ങളാണ്.

കണ്ണുകൾ കൊണ്ട് മാത്രം പേടിപ്പിക്കാനും കരയിപ്പിക്കാനും ചിരിപ്പിക്കാനും (കാഴ്ച്ച ) കഴിയുന്ന അപൂർവം നടന്മാരിൽ ഒരാൾ! ഒരു വടക്കൻ വീരഗാഥ, അമരം, വാത്സല്യം, കാഴ്ച, മൃഗയ, വിധേയൻ, ഭൂതകണ്ണാടി, മതിലുകൾ, പാലേരി മാണിക്യം, പൊന്തൻ മാട, പ്രാഞ്ചിയേട്ടൻ, അരയന്നങ്ങളുടെ വീട്, യാത്ര, ന്യൂ ഡൽഹി, നിറക്കൂട്ടു അങ്ങനെ എത്ര എത്ര ചിത്രങ്ങളിൽ കൂടി മമ്മൂട്ടി നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇനിയും അഭിനയിക്കാനുള്ള അടങ്ങാത്ത ആർത്തി അദ്ദേഹത്തെ അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ “ഇനിയും മൂർച്ച കൂട്ടാൻ പാകത്തിൽ തേച്ചു മിനുക്കാൻ” കഴിവുള്ള സംവിധായകരുടെ കൈകളിൽ എത്തിക്കട്ടെ.

ഒരു പക്ഷെ തന്റെ രാഷ്ട്രീയ നിലപാടുകൾ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ല. പേരൻപ്, നൻപകൽ നേരത്തു, കാതൽ.., അങ്ങനെ പോകുന്നു ഈ മാറ്റിനിർത്തലിൻ്റെ രാഷ്ട്രീയ ഉദാഹരണങ്ങൾ... എഴുപതുകളിലും പുതു തലമുറയെ വെല്ലുവിളിച്ചു കൊണ്ട് നാട്യകലയിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്ന മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം. അത് കൊണ്ട് മമ്മൂട്ടിയും മോഹൻലാലും മാറി നിൽക്കുകയല്ല വേണ്ടത്, മറിച്ചു വരും തലമുറ അവരോട് ഏറ്റുമുട്ടി വിജയിക്കട്ടെ.

നമ്മുടെ എല്ലാം പ്രാർത്ഥന സഫലമായി മമ്മൂട്ടി രോഗത്തെ തോൽപിച്ചു വീണ്ടും തിരിച്ചു വന്നിരിക്കുന്നു... നാട്യ കലയിൽ സപര്യ തുടരാൻ... തുടർന്നും മമ്മൂട്ടി നമ്മെ വിസ്മയിപ്പിക്കട്ടെ. ഒരു ആഗ്രഹം കൂടി പങ്കു വയ്ക്കുന്നു. കേരള സമൂഹത്തെ മാറ്റിമറിച്ച മഹാത്മാ അയ്യങ്കാളി എന്ന ചരിത്ര പുരുഷനെ മമ്മൂട്ടി അഭ്രപാളികളിൽ അവതരിപ്പിച്ചു കാണണം എന്ന ആഗ്രഹം..

ഒരു Mammootty fan.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com