

ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ് അവരുടെ വരാനിരിക്കുന്ന ഹാഫ് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. 'ഗോളം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിര്‍മ്മാതാക്കളായ ആന്‍ സജീവും സജീവ് പികെയും സംവിധായകന്‍ സംജാദും വീണ്ടും ഒന്നിക്കുന്ന വമ്പന്‍ വാംപയര്‍ ത്രില്ലര്‍ ആണ് 'ഹാഫ്' (HALF: The Chronicles of Two Half-Blooded Vampires)
പ്രണയം, പരിവാര്‍, ഗോളം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ ആന്‍ സജീവും, സജീവ് പി കെ യും വ്യത്യസ്ത ജോണറുകളിലെ കഥകളെ അവതരിപ്പിക്കാനുള്ള അവരുടെ പ്രതിബദ്ധത ഹാഫിലൂടെയും തുടരുന്നു. ഗോളത്തിലൂടെ ശക്തമായ അരങ്ങേറ്റം കുറിച്ച സംവിധായകന്‍ സമ്ജാദ് സംവിധാനം ചെയ്ത് വാംപയര്‍ മിത്തോളജിയുടെ പശ്ചാത്തലത്തില്‍ റിവഞ്ച്, സര്‍വൈവല്‍, ഐഡന്റിറ്റി എന്നീ പ്രമേയങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ പ്രതിഫലിക്കാന്‍ പോകുന്ന സങ്കര്‍ഷങ്ങളും, മിസ്റ്ററിയും നിറഞ്ഞു നില്‍ക്കുന്നതാണ് ഇപ്പൊള്‍ പുറത്ത് വിട്ട പോസ്റ്റര്‍. വന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ഈ ചിത്രം വിവിധ ലൊക്കേഷനുകളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്.
അമലാ പോള്‍, രഞ്ജിത് സജീവ്, ഐശ്വര്യ രാജ് എന്നിവര്‍ക്കൊപ്പം തെന്നിന്ത്യന്‍ താരം അബ്ബാസിന്റെ ഗംഭീര തിരിച്ചുവരവിനും 'ഹാഫ്' സാക്ഷ്യം വഹിക്കുന്നു. കണ്ണെഴുതി പൊട്ടും തൊട്ട്, ഗ്രീറ്റിങ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ അബ്ബാസ് ഏറെക്കാലത്തിന് ശേഷം മടങ്ങിയെത്തുന്നത് വലിയ ആകാംക്ഷയാണ് ജനിപ്പിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് ശ്രദ്ധേയനായ സ്റ്റണ്ട് വിദഗ്ധന്‍ വെരി ട്രൈ യുലിസ്മാന്‍ (Very Tri Yulisman) ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ സിനിമയ്ക്ക് ഒരു ആഗോള നിലവാരം നല്‍കും എന്ന് ഉറപ്പിക്കാം.
ദേശീയ പുരസ്‌കാര ജേതാക്കള്‍ ഉള്‍പ്പെടെയുള്ള വന്‍ സാങ്കേതിക നിര തന്നെയാണ് ചിത്രത്തിന് പിന്നില്‍ അണിനിരക്കുന്നത്. 'ആട്ടം' സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും, ലൂസിഫര്‍, 2018 തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായ മോഹന്‍ദാസ് പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വ്വഹിക്കുന്നു. പപ്പിനുവാണ് ഛായാഗ്രഹണം. റോഷാക്ക്, ഓസ്ലര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശംസ നേടിയ മിഥുന്‍ മുകുന്ദനാണ് സംഗീതം. സംവിധായകന്‍ സംജാദും പ്രവീണ്‍ വിശ്വനാഥും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
രഞ്ജിത് സജീവും ഐശ്വര്യ രാജും ചിത്രത്തിലെ വാംപയര്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ അമലാ പോള്‍ മറ്റൊരു വേഷത്തിലെത്തുന്നു. വിപുലമായ പാന്‍-ഇന്ത്യന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പുറത്തിറങ്ങും. ദേശീയ പുരസ്‌കാര ജേതാവ് വിഷ്ണു ഗോവിന്ദ് (ഓഡിയോഗ്രാഫി), ബിനു മുരളി (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), രാജേഷ് കുമാര്‍ കെ.ജി (ചീഫ് അസോസിയേറ്റ് ഡയറക്ടര്‍), ജിബിന്‍ ജോയ് (അസോസിയേറ്റ് ഡയറക്ടര്‍), നരസിംഹസ്വാമി (മേക്കപ്പ്), ധന്യ ബാലകൃഷ്ണന്‍ (കോസ്റ്റ്യൂം), സേതു ശിവാനന്ദന്‍ (പ്രോസ്റ്ററ്റിക്‌സ്), പ്രോമിസ് സ്റ്റുഡിയോസ് (വി.എഫ്.എക്‌സ്), സിനാത് സാവിയര്‍ (സ്റ്റില്‍സ്), ടിവിറ്റി (പബ്ലിസിറ്റി ഡിസൈന്‍) എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.