

ചെന്നൈ: വിജയ്‌യെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജന നായകൻ' സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതുമായി ബന്ധപ്പെട്ട് നിർമാതാക്കൾ സമർപ്പിച്ച ഹർജിയിൽ ജനുവരി ഒൻപതിന് രാവിലെ ഉത്തരവ് പറയുമെന്ന് മദ്രാസ് ഹൈക്കോടതി. സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്ന അതേ ദിവസമാണ് (ജനുവരി 9) കോടതി ഉത്തരവ് പറയുക. നിർമാതാക്കൾ ആവശ്യപ്പെട്ടതുപോലെ സെൻസർ ബോർഡിന്റെ പുനഃപരിശോധന കോടതി തടയുമോ അതോ റിവിഷൻ കമ്മിറ്റിയുടെ റിപ്പോർട്ട് വരുന്നത് വരെ റിലീസ് നീട്ടിവയ്‌ക്കാൻ ആവശ്യപ്പെടുമോ എന്നത് ജനുവരി ഒൻപതിന് മാത്രമേ വ്യക്തമാകൂ. ഇതോടെ 'ജന നായകൻ' റിലീസ് കൂടുതൽ പ്രതിസന്ധിയിലേക്ക് കടന്നിരിക്കുകയാണ്.
ജസ്റ്റിസ് പി.ടി. ആശയാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ ഇരുഭാഗങ്ങളുടേയും വാദം കേട്ട കോടതി ഉത്തരവ് പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു. സിനിമ റിവിഷൻ കമ്മിറ്റിക്ക് അയയ്ക്കാൻ കാരണമായ പരാതി കോടതി ആവശ്യപ്പെട്ട പ്രകാരം സെൻസർ ബോർഡിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരാക്കി. ഇത്തരത്തിലുള്ള പരാതികൾ ആരോഗ്യകരമായ പ്രവണതയല്ല എന്ന് മാത്രമേ തനിക്ക് പറയാനുള്ളൂ എന്ന് ജസ്റ്റിസ് ആശ പറഞ്ഞു.
സിനിമയിലെ ദൃശ്യങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നുവെന്നും സൈന്യത്തെ ചിത്രീകരിച്ചിരിക്കുന്നത് ശരിയല്ലെന്നും കാണിച്ച് സെൻസർ കമ്മിറ്റി അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റീജിയണൽ സെൻസർ ബോർഡ് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടുകയായിരുന്നു. സിനിമ വീണ്ടും പുനഃപരിശോധിക്കണം എന്ന് സെൻസർ ബോർഡ് പറയുന്നതിന്റെ ഏക അടിസ്ഥാനം സിനിമയ്‌ക്കെതിരെ വന്ന ഈ പരാതിയാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ പ്രാഥമികമായി നോക്കുമ്പോൾ ആ വാദം നിലനിൽക്കുന്നതല്ല. കാരണം, പരാതിയിൽ ഉന്നയിച്ചിട്ടുള്ള എല്ലാ ആക്ഷേപങ്ങളും ഇതിനോടകം തന്നെ പരിശോധിക്കപ്പെട്ടവയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സിനിമ റിവൈസിങ് കമ്മറ്റിക്ക് വിട്ട തീരുമാനം എന്ത് കൊണ്ട് നിര്‍മാതാക്കളെ അറിയിച്ചില്ലെന്നും കോടതി ചോദിച്ചു.
"നിങ്ങളൊരു ഉത്തരവാദിത്തപ്പെട്ട സ്ഥാപനമാണ്. പുനഃപരിശോധന എന്ന മുഴുവൻ നടപടിയും ഈ പരാതിയുടെ അടിസ്ഥാനത്തിലാണെന്നും, പരാതിയിൽ പറയുന്ന കാര്യങ്ങൾ മുൻപ് പരിഗണിച്ചിട്ടില്ല എന്നുമാണ് നിങ്ങൾ പറയുന്നതെങ്കിൽ... (അത് ശരിയല്ല)," ജസ്റ്റിസ് പി.ടി. ആശ പറഞ്ഞു. പ്രാഥമിക പരിശോധനാ കമ്മിറ്റി ഉന്നയിച്ച ആക്ഷേപങ്ങൾ നേരത്തെ തന്നെ പരിഗണിക്കപ്പെട്ടതാണെന്നും, മാറ്റങ്ങൾ വരുത്തിയതാണെന്നും, തടസമുള്ള വാക്കുകൾ മ്യൂട്ട് ചെയ്തതാണെന്നും കോടതി നിരീക്ഷിച്ചു.
എന്നാൽ, എക്സാമിനിങ് കമ്മിറ്റി സിനിമ കണ്ടുകഴിഞ്ഞാലും, ചെയർമാന് സ്വന്തം നിലയിൽ സിനിമ പുനഃപരിശോധനയ്ക്ക് ഉത്തരവിടാൻ അധികാരമുണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു സെൻസർ ബോർഡ്. സിനിമ കണ്ട ശേഷം, കമ്മിറ്റി അഭിപ്രായം പറഞ്ഞതിന് പിന്നാലെ അംഗങ്ങളിൽ ഒരാൾ ആക്ഷേപം ഉന്നയിക്കുന്നു. ചില തടസങ്ങൾ ലിസ്റ്റ് ചെയ്യുന്നു. ചെയർമാന് അത് പരിഗണിക്കാനും സിനിമ പുനഃപരിശോധനയ്ക്ക് അയയ്‌ക്കാനും സാധിക്കും. സിനിമ പുനഃപരിശോധനയ്ക്ക് അയയ്ക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാരിന്റേതല്ല. മറിച്ച്, അതിന് അധികാരമുള്ള സെൻസർ ബോർഡ് ചെയർമാന്റേതാണെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു. ചെയർമാൻ സ്വമേധയാ നടപടിയെടുക്കുകയാണെങ്കിൽ, പിന്നീട് കമ്മിറ്റിയുടെ ശുപാർശയ്ക്ക് പ്രസക്തിയില്ലേ? മാറ്റങ്ങളും വെട്ടിമാറ്റലുകളും സംബന്ധിച്ച നിർദേശങ്ങൾ നടപ്പിലാകില്ലേ? അപ്പോൾ റിവിഷൻ കമ്മിറ്റി പരിഗണിച്ചു കഴിഞ്ഞാൽ അത് അടുത്ത ഘട്ടത്തിലേക്ക് പോകുമോ? എന്നിങ്ങനെയായിരുന്നു കോടതിയുടെ ചോദ്യങ്ങൾ.
സിനിമ ഒരു പുതിയ കമ്മിറ്റി വീണ്ടും പരിശോധിക്കേണ്ടതുണ്ടെന്നും നിയമപ്രകാരം ഇനിയും എന്തെങ്കിലും വെട്ടിമാറ്റാനുണ്ടെങ്കിലോ കൂടുതൽ മാറ്റങ്ങൾ വരുത്താനുണ്ടെങ്കിലോ അത് ചെയ്യേണ്ടതുണ്ടെന്നും സെൻസർ ബോർഡിന്റെ അഭിഭാഷകൻ അറിയിച്ചു. "നിങ്ങൾ സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞതാണ്", അതുകൊണ്ട് ഇനി പുനഃപരിശോധിക്കാൻ പാടില്ല എന്ന് പറഞ്ഞ് ഹർജിക്കാരന് കോടതിയെ സമീപിക്കാൻ കഴിയില്ല എന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞത് .
സിനിമ പരിശോധിക്കാൻ എക്സാമിനിങ് കമ്മിറ്റി, റിവിഷൻ കമ്മിറ്റി എന്നിങ്ങനെ രണ്ട് ഘട്ടങ്ങളുള്ള സംവിധാനമാണ് സെൻസർ ബോർഡിന്റേത്. ആദ്യ കമ്മിറ്റിയുടെ തീരുമാനത്തിൽ തൃപ്തികരമല്ലെങ്കിൽ രണ്ടാമത്തെ കമ്മിറ്റിക്ക് വിടാൻ തങ്ങൾക്ക് നിയമപരമായ അധികാരമുണ്ടെന്നും, കോടതി അതിൽ ഇടപെടരുതെന്നും സെൻസർ ബോർഡ് വാദിച്ചു. നിർമാതാക്കൾ സെൻസറിന് അപേക്ഷ നൽകിയിട്ട് അധിക ദിവസമായിട്ടില്ലെന്നും, റിലീസ് തീയതി നിശ്ചയിച്ചത് അവരുടെ മാത്രം തീരുമാനമാണെന്നും സെൻസർ ബോർഡ് പറഞ്ഞു. സെൻസർ ബോർഡിന് നിയമപരമായി അനുവദിച്ചിട്ടുള്ള സമയം അതിക്രമിച്ചിട്ടില്ലെന്നും, അതുകൊണ്ട് തന്നെ റിലീസ് തീയതി ചൂണ്ടിക്കാട്ടി നടപടികൾ വേഗത്തിലാക്കാൻ കോടതി ഉത്തരവിടരുത് എന്നും അഡീഷണൽ സോളിസിറ്റർ ജനറൽ സൂചിപ്പിച്ചു. സെൻസർ ബോർഡ് അധികൃതർക്ക് യാതൊരുവിധ ദുരുദ്ദേശ്യവുമില്ല തികച്ചും ആത്മാർത്ഥമായ ഒരു ശ്രമമാണ് നടത്തുന്നതെന്നും കൂട്ടിച്ചേർത്തു.
സിനിമ കണ്ടുകഴിഞ്ഞാൽ, കമ്മിറ്റി അംഗത്തിന് അത് സംബന്ധിച്ച നിർദേശങ്ങൾ നൽകാൻ മാത്രമേ സാധിക്കൂ. അല്ലാതെ ആ അംഗത്തിന് തന്നെ സിനിമയ്‌ക്കെതിരെ ഒരു 'പരാതി' നൽകാൻ കഴിയില്ലെന്നായിരുന്നു 'ജന നായകൻ' നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സതീഷ് പരാശരൻ വാദിച്ചത്. "സിനിമ പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ട കമ്മിറ്റി അംഗം തന്നെ ഇപ്പോൾ പരാതിക്കാരനായി മാറിയിരിക്കുകയാണ്. ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഇത്തരമൊരു നടപടി സെൻസർ ബോർഡിന്റെ ഓൺലൈൻ പോർട്ടലായ 'ഇ-സിനിപ്രമാൺ'ന്റെ ഭാഗവുമല്ല," അഡ്വ. സതീഷ് പരാശരൻ വാദിച്ചു.
ഡിസംബർ 22ന് ചിത്രത്തിന് 'UA' സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് തീരുമാനിച്ചതായും, നിർദേശിച്ച മാറ്റങ്ങളും വെട്ടിമാറ്റലുകളും നടത്തിയാൽ മതിയെന്നും ചെയർമാൻ തന്നെ നിർമാതാക്കളെ അറിയിച്ചിരുന്നതാണ്. അങ്ങനെയെങ്കിൽ, പിന്നീട് അതേ സിനിമ പുനഃപരിശോധിക്കണം എന്ന് പറയാൻ ചെയർമാന് എങ്ങനെ സാധിക്കും? എന്ന് കോടതി ആവർത്തിച്ചു ചോദിച്ചു. എന്നാൽ ചട്ട പ്രകാരം ചെയർമാന് ഇതിന് അധികാരമുണ്ടെന്നായിരുന്നു മറുപടി.
കെവിഎൻ പ്രൊഡക്ഷൻസിന് വേണ്ടി വെങ്കട്ട കെ. നാരായണയാണ് സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിൽ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് അനാവശ്യമായി വൈകിപ്പിക്കുകയാണെന്നും ഇത് നിർമാതാക്കൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. 2025 ഡിസംബർ 18ന് സെൻസർ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയെന്നും ഡിസംബർ 22ന് 'UA' സർട്ടിഫിക്കറ്റ് നൽകാമെന്ന് റീജിയണൽ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചതായുമാണ് നിർമാതാവ് കോടതിയെ അറിയിച്ചത്. ചിത്രത്തിലെ ചില സീനുകൾ വെട്ടിമാറ്റാനും മാറ്റങ്ങൾ വരുത്താനും നിർദേശമുണ്ടായിരുന്നു. മതപരമായ വികാരങ്ങൾ വ്രണപ്പെടുത്തുന്ന ദൃശ്യങ്ങൾ, വെടിവെപ്പും സ്ഫോടനങ്ങളും നിറഞ്ഞ ആക്ഷൻ രംഗങ്ങൾ എന്നിവയുള്ളതിനാലാണ് 16 വയസിന് താഴെയുള്ള കുട്ടികൾക്ക് അനുയോജ്യമല്ലാത്ത 'UA' സർട്ടിഫിക്കറ്റ് നിർദേശിച്ചത്.
ഈ മാറ്റങ്ങൾ വരുത്തി ഡിസംബർ 24ന് ,സിനിമയുടെ പരിഷ്കരിച്ച പതിപ്പ് സമർപ്പിച്ചു. ഡിസംബർ 29ന് ചിത്രം പരിശോധിച്ച് 'UA' സർട്ടിഫിക്കറ്റ് നൽകാമെന്ന് അധികൃതർ വീണ്ടും ഉറപ്പുനൽകിയെങ്കിലും സർട്ടിഫിക്കറ്റ് നൽകിയില്ലെന്നാണ് കെവിഎൻ പ്രൊഡക്ഷൻസിന്റെ ഹർജിയിൽ പറയുന്നത്. എന്നാൽ, ജനുവരി അഞ്ചിന് സിനിമയിലെ ദൃശ്യങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നുവെന്നും സൈന്യത്തെ ചിത്രീകരിച്ചിരിക്കുന്നത് ശരിയല്ലെന്നും കാണിച്ച് പരാതി ലഭിച്ചെന്നും അതിനാൽ ചിത്രം 'റിവൈസിങ് കമ്മിറ്റി'ക്ക് വിടുകയാണെന്നും അധികൃതർ ഇമെയിൽ വഴി നിർമാതാക്കളെ അറിയിക്കുകയായിരുന്നു.