മോഹന്‍ലാലിന് ഭാഗ്യംകൊണ്ട് കിട്ടിയൊരാള്‍; വൂഡുവിന് ശബ്ദമായ വൈക്കം ഭാസി

അങ്ങനെ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ്, ഞാനും മോഹന്‍ലാലും നിങ്ങളുടെ കോമഡി സ്കിറ്റുകളൊക്കെ കാണുന്നത്. അത് കണ്ടിട്ടാണ് വിളിക്കുന്നതെന്ന് രാജീവ് സാര്‍ പറഞ്ഞു...
Vaikom Bhasi
വൈക്കം ഭാസി Source: News Malayalam 24X7
Published on

ബറോസില്‍ ഒരു അനിമേറ്റഡ് കഥാപാത്രമുണ്ട്. വൂഡു എന്നാണ് പേര്. ആഫ്രിക്കന്‍ വനാന്തരങ്ങളിലൊക്കെയുള്ള, മാന്ത്രിക പാരമ്പര്യമുള്ളയാളാണ് വൂഡു. വൂഡുവിന് സാധാരണ ശബ്ദം പോരാ, എന്നാല്‍ മനസിലാകണം. അതിനുള്ള പരിശ്രമത്തിനൊടുവില്‍ ഞങ്ങള്‍ക്ക് ഭാഗ്യം കൊണ്ടാരാളെക്കിട്ടി. മിസ്റ്റര്‍ ഭാസി...

ബറോസിന്റെ പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായി താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും പരിചയപ്പെടുത്തിക്കൊണ്ട് സംവിധായകനായ നടന്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണിത്. ബറോസ് തീയേറ്ററിലെത്തിയപ്പോള്‍ മാത്രമാണ്, മോഹന്‍ലാല്‍ പറഞ്ഞത് വെറും വാക്ക് അല്ലായിരുന്നുവെന്ന് എല്ലാവര്‍ക്കും മനസിലായത്. ഒരു സിനിമയെ ആദ്യം മുതല്‍ അവസാനം വരെ കൊണ്ടുപോകുന്നതില്‍ ഏറ്റവും നിര്‍ണായകമായ കഥാപാത്രമായിരുന്നു വൂഡു. ഒരു അനിമേറ്റഡ് കഥാപാത്രത്തിന് നാം പ്രതീക്ഷിച്ചിരുന്ന ശബ്ദമായിരുന്നില്ല സ്ക്രീനില്‍ വൂഡുവില്‍ നാം കേട്ടത്. അതിനുള്ള അംഗീകാരമാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ രൂപത്തില്‍ ഭാസിയെ തേടിയെത്തിയത്.

ടെലിവിഷന്‍ ചാനലുകളിലെ കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനാണ് വൈക്കം ഭാസി (ഒ.വി. രാജേഷ്). ചാനല്‍ക്കാഴ്ചയ്ക്കപ്പുറം സമൂഹമാധ്യങ്ങളിലും ഭാസി അവതരിപ്പിച്ച സ്കിറ്റുകള്‍ വൈറലാണ്. ഹാസ്യതാരം, മിമിക്രി താരം, നടന്‍ എന്നീ നിലകളിലും ശ്രദ്ധേയന്‍. കലാജീവിതം രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് മികച്ച ടെലിവിഷന്‍ ഹാസ്യ താരത്തിനുള്ള സംസ്ഥാന പുരസ്കാരം ഭാസി സ്വന്തമാക്കുന്നത്. രണ്ട് വര്‍ഷത്തിനിപ്പുറം മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഭാസിയിലേക്കെത്തി. തികച്ചും അപ്രതീക്ഷിതമായി ലഭിച്ച അവസരത്തില്‍, ആദ്യ ഡബ്ബിങ്ങില്‍ തന്നെയാണ് ഭാസിയുടെ നേട്ടം. അതുകൊണ്ട് തന്നെ "തികച്ചും അപ്രതീക്ഷിതം" എന്നാണ് ഭാസിയുടെ ആദ്യ പ്രതികരണം. "നേട്ടത്തെ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. ആദ്യമായാണ് ഡബ്ബ് ചെയ്യുന്നത്. അതിന് പുരസ്കാരം ലഭിച്ചത് ഭാഗ്യമെന്ന് കരുതുന്നു" എന്നും ഭാസി പറയുന്നു.

Vaikom Bhasi
ഏഴാം വട്ടവും സംസ്ഥാനത്തെ മികച്ച നടൻ; മമ്മൂട്ടി മലയാളിയുടെ കാഴ്ചകളെ പുതുക്കിപ്പണിയുമ്പോൾ

അപ്രതീക്ഷിതമായാണ് ബറോസിലേക്കും ഭാസിക്ക് വിളിയെത്തുന്നത്. ബറോസിന്റെ ക്രിയേറ്റീവ് ഡയറക്ടറായിരുന്ന ടി.കെ. രാജീവ് കുമാറാണ് ഭാസിയെ വിളിക്കുന്നത്. "വീട്ടിലിരിക്കുമ്പോഴാണ് രാജീവ് സാര്‍ വിളിക്കുന്നത്. ട്രൂ കോളറില്‍ പതുക്കെയാണ് പേര് കാണിച്ചത്. അത് നോക്കിവരുമ്പോഴേക്കും കോള്‍ കട്ടായി. എന്തിനാണ് സാര്‍ എന്നെ വിളിക്കുന്നതെന്ന് ആലോചിരിക്കുമ്പോഴേക്കും വാട്സാപ്പില്‍ ഒരു മെസേജ് എത്തി. ഞാന്‍ രാജീവ് കുമാറാണ്, ഡയറക്ടര്‍. ഭാസി ഫ്രീയാകുമ്പോള്‍ തിരിച്ചുവിളിക്കണമെന്ന് പറഞ്ഞു. സിനിമയില്‍ അവസരം കിട്ടിയാലോ എന്ന് കരുതി വേഗം തന്നെ തിരിച്ചു വിളിച്ചു"- ഭാസി പറയുന്നു.

"ഞാന്‍ രാജീവ് കുമാറാണ്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്നൊരു സിനിമയുണ്ട് എന്ന് സാര്‍ പറഞ്ഞു തുടങ്ങി. വാര്‍ത്തയിലൊക്കെ ഇങ്ങനെ കണ്ടിരുന്നു എന്ന് ഞാന്‍ മറുപടി കൊടുത്തു. അപ്പോള്‍, എക്സൈറ്റഡ് ആകേണ്ട. അഭിനയിക്കാനൊന്നുമല്ലെന്ന് സാര്‍ പറഞ്ഞു. ബറോസില്‍ ഒരു അനിമേഷന്‍ ക്യാരക്ടറുണ്ട്. അതിന് ഡബ്ബ് ചെയ്യാനാണ് എന്നും സാര്‍ പറഞ്ഞു". എന്നാല്‍ അതുവരെ ഡബ്ബ് ചെയ്തിട്ടില്ലാത്ത ഭാസി അക്കാര്യം രാജീവ് കുമാറിനെ അറിയിച്ചു. "ഡബ്ബിങ് അറിയില്ല. ഇതുവരെ ചെയ്യാത്തൊരു പരിപാടിയാണ്. അതുകൊണ്ട് ചെയ്താല്‍ ശരിയാകുമോ എന്നറിയില്ല" എന്നായിരുന്നു ഭാസിയുടെ ആദ്യ മറുപടി.

പക്ഷേ, രാജീവ് കുമാര്‍ പിന്മാറാന്‍ ഒരുക്കമല്ലായിരുന്നു. "പലരെയും ഞങ്ങള്‍ ചെയ്യിച്ചു നോക്കിയിരുന്നു. അങ്ങനെ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ്, ഞാനും മോഹന്‍ലാലും നിങ്ങളുടെ കോമഡി സ്കിറ്റുകളൊക്കെ കാണുന്നത്. അത് കണ്ടിട്ടാണ് വിളിക്കുന്നതെന്ന് രാജീവ് സാര്‍ പറഞ്ഞു. ഡബ്ബിങ് ഇതുവരെ ചെയ്യാത്തൊരു പരിപാടിയാണ്. ഞാനൊന്ന് ശ്രമിച്ചുനോക്കാം എന്ന് സാറിനോട് പറഞ്ഞു. എന്തായാലും ഭാസി വാ... നമുക്ക് ചെയ്ത് നോക്കാം, ശരിയായില്ലെങ്കില്‍ ബാക്കി നോക്കാം എന്നായിരുന്നു സാറിന്റെ മറുപടി. അങ്ങനെയാണ് ഡബ്ബിങ്ങിന് പോകുന്നത്" -ഭാസി പറയുന്നു.

Vaikom Bhasi
'മഞ്ഞുമ്മൽ ബോയ്സ്' മികച്ച ചിത്രം; മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ; 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

"ആദ്യം കുറച്ച് ഭാഗങ്ങള്‍ ഡബ്ബ് ചെയ്തു. അത് മിക്സ് ചെയ്തിട്ട് മോഹന്‍ലാല്‍ സാറിന് അയച്ചുകൊടുത്തു. അത് കണ്ടിട്ട് ലാല്‍ സാര്‍ തിരിച്ചുവിളിച്ചു. കൊള്ളാം നന്നായിട്ടുണ്ടെന്ന് പറഞ്ഞു. നമുക്ക് നേരിട്ട് കാണാമെന്നൊക്കെ പറഞ്ഞു. അങ്ങനെയാണ് ഡബ്ബിങ് തുടര്‍ന്നത്. സ്കിറ്റ് ചെയ്യുന്നൊരു മൂഡില്‍ തന്നെയാണ് അത് ചെയ്തത്. രാജീവ് സാര്‍ പറഞ്ഞുതന്ന മോഡുലേഷനില്‍ പറഞ്ഞാല്‍ മാത്രം മതിയായിരുന്നു. അത്ര പെര്‍ഫെക്ടായാണ് രാജീവ് സാര്‍ അത് പറഞ്ഞു തന്നത്. അതിന്റെ പകുതിയൊക്കെയെ ചെയ്യാന്‍ പറ്റിയിട്ടുള്ളൂ. ഒട്ടും ടെന്‍ഷനൊന്നും തന്നില്ല. ഡബ്ബിങ്ങില്‍ ആദ്യമാണെന്ന ഫീലും വന്നിരുന്നില്ല. അത്രത്തോളം കഫര്‍ട്ടബിളാക്കിയ ശേഷമാണ് ഡബ്ബിങ് നടത്തിയത്. രാജീവ് സാറും ലാല്‍ സാറുമൊക്കെ അത്രത്തോളം സപ്പോര്‍ട്ട് ചെയ്തു" - ഭാസി കൂട്ടിച്ചേര്‍ക്കുന്നു.

മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ മമ്മൂട്ടിയുടെ നാടായ ചെമ്പില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അപ്പുറമാണ് ഭാസിയുടെ നാട്. വൈക്കം തലയാഴമാണ് ഭാസിയുടെ സ്വദേശം. പരേതനായ വേലപ്പനാണ് അച്ഛൻ. അമ്മ കനകമ്മ, ഭാര്യ ഷീജ, മകൻ ആയുഷ്. ജിത്തു ജോസഫിന്റെ നുണക്കുഴി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും വരവറിയിച്ചിട്ടുള്ള ഭാസി കൂടുതല്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com