

ലോക പ്രശസ്ത ഹംഗേറിയന്‍ സംവിധായകന്‍ ബേലാ താര്‍ അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഹംഗേറിയന്‍ ഫിലിം ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷനാണ് പ്രസ്താവനയിലൂടെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്.
1977 മുതല്‍ 2011 വരെ നീണ്ടു നിന്ന സിനിമാ ജീവിതത്തില്‍ ഒന്‍പത് ഫീച്ചര്‍ ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. 2022ലെ ഐഎഫ്എഫ്‌കെ ലൈഫ് ടൈം അച്ചീഫ് മെന്റ് പുരസ്‌കാര ജേതാവാണ്. ബേലാ താറിന്റെ ആറ് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഫാമിലി നെസ്റ്റ് ആണ് ആദ്യ ചിത്രം. 17 വയസുള്ളപ്പോള്‍ തന്നെ രണ്ടു സുഹൃത്തുക്കളുമായി ചേര്‍ന്ന് സിഗാ വെര്‍തോവ് എന്നൊരു സിനിമാ നിര്‍മാണ സംഘം രൂപീകരിച്ചു.
22 രണ്ടാം വയസിലാണ് സിനിമാ പ്രവേശം. 1977ല്‍ ഇറങ്ങിയ ഫാമിലി നെസ്റ്റ് ആയിരുന്നു ആദ്യ ചിത്രം. ചുരുങ്ങിയ ബജറ്റില്‍ ആറ് ദിവസം കൊണ്ടാണ് ഈ ചിത്രം നിര്‍മിച്ചത്. ദ ടൂറിന്‍ ഹോഴ്‌സ് ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
1955ല്‍ തെക്കന്‍ ഹംഗറിയിലെ പെക്‌സ് എന്ന പട്ടണത്തിലാണ് ബേലാ താറിന്റെ ജനനം. അച്ഛനും അമ്മയും സിനിമ-നാടക രംഗങ്ങളില്‍ സജീവമായിരുന്നു.
1979ലെ മാന്‍ഹേം ചലച്ചിത്രമേളയില്‍ ഗ്രാന്റ് പ്രൈസ് ലഭിച്ചതോടെയാണ് ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഫിലിം സ്‌കൂളില്‍ പ്രവേശനം നേടിയിരുന്നെങ്കിലും പ്രായോഗികമായ സിനിമാ നിര്‍മാണത്തിലായിരുന്നു താല്‍പ്പര്യം. ഔട്ട്‌സൈഡര്‍ (1980), മാക്‌ബെത്ത് (1982), പ്രിഫാബ് പീപ്പിള്‍ (1982) എന്നിങ്ങനെ മൂന്ന് ചിത്രങ്ങള്‍ ഫിലിം സ്‌കൂളിലെ പഠനം പൂര്‍ത്തിയാക്കും മുന്‍പ് നിര്‍മിച്ചു. ഇവയ്ക്ക് അന്തര്‍ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചു.
ബേലയുടെ ഏഴര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സാതാന്‍ടാംഗോ (1994) ലോക ക്ലാസിക്കുകളില്‍ ഒന്നായാണ് കണക്കാക്കുന്നത്. ദ ട്യൂറിന്‍ ഹോഴ്‌സ് (2011) ആണ് അവസാന ചിത്രം. നോബല്‍ ജേതാവ് ലാസ്ലോ ക്രാന്‍സ്‌നഹൊര്‍ക്കായുടെ നോവലുകളുടെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു ഈ ചിത്രങ്ങള്‍.
ഈ സിനിമകളുടെ തിരക്കഥ ഒരുക്കിയതും ഇരുവരും ചേര്‍ന്നാണ്. വ്യവസ്ഥാപിത സിനിമാ പരിചരണരീതിക്കും ലാവണ്യ ബോധത്തിനും പുറത്തുനിന്നാണ് ബേലാ താര്‍ സിനിമകള്‍ നിര്‍മിച്ചത്. തന്നിഷ്ട പ്രാകരമുള്ള ഈ സൃഷ്ടികള്‍ മനുഷ്യാവസ്ഥയേക്കുറിച്ചുള്ള ദാര്‍ശനിക വിചാരങ്ങള്‍ കൂടിയാണ്. നൈതിക സമസ്യകള്‍, രാഷ്ട്രീയ പ്രശ്‌നങ്ങള്‍, അതിജീവനം എന്നിങ്ങനെയുള്ള പ്രമേയങ്ങളാണ് ബേലാ താര്‍ കറുപ്പിലും വെളുപ്പിലും എടുത്ത ബേലാ താര്‍ സിനിമകളെ അനശ്വരമാക്കിയത്.