

ബൊഗോട്ട: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് കൊളംബ്യന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ. ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും ധൈര്യമുണ്ടെങ്കില്‍ വന്ന് പിടിക്കൂ എന്നുമാണ് പെട്രോയുടെ വെല്ലുവിളി. വെനസ്വേല ആക്രമിക്കുകയും പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ തടവിലാക്കുകയും ചെയ്തതിന് പിന്നാലെ കൊളംബിയക്കെതിരെയും മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പെട്രോയുടെ പ്രതികരണം.
'വരൂ... വന്ന് പിടിക്കൂ... ഞാന്‍ ഇവിടെ നിങ്ങളെ കാത്തിരിക്കുകയാണ്. എന്നെ ഭീഷണിപ്പെടുത്താന്‍ വരേണ്ട. നിങ്ങള്‍ എന്നെ പിടിക്കാന്‍ വരികയാണെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ ഇവിടെ തന്നെ കാത്തിരിക്കും,' പെട്രോ പറഞ്ഞു.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള അമേരിക്കന്‍ കടന്നുകയറ്റം അനുവദിക്കില്ലെന്നും പെട്രോ പറഞ്ഞു.
'ബുദ്ധി സാമര്‍ഥ്യത്തോടെ ഇവിടെ വന്ന് സംസാരിക്കൂ... ഞങ്ങള്‍ നിങ്ങളെ സ്വീകരിക്കും. മുഖാമുഖം വന്ന് കള്ളമല്ല, സത്യം പറയൂ. 700,000 മരണങ്ങളുണ്ടായെന്ന് കൊളംബിയന്‍ രാഷ്ട്രീയ മാഫിയകള്‍ അഴിച്ചുവിടുന്ന കള്ളങ്ങള്‍ അവസാനിപ്പിക്കൂ. ലോകത്തെ തന്നെ ഏറ്റവും അസമത്വമുള്ള രാജ്യമാണെന്ന കള്ളം പറയുന്നത് നിര്‍ത്തൂ,' പെട്രോ പറഞ്ഞു.
വെനസ്വേലയ്ക്ക് പിന്നാലെ കൊളംബിയ ആക്രമിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊളംബിയന്‍ പ്രസിഡന്റിന്റെ പ്രതികരണം. കൊളംബിയയെ ആക്രമിക്കാനുള്ള നല്ല സമയമാണിതെന്ന് കുരുതുന്നു എന്നാണ് ട്രംപ് പറഞ്ഞത്. യുഎസിലേക്ക് കൊക്കെയ്ന്‍ വ്യാപകമായി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് കൊളംബിയ എന്നും ട്രംപ് ആരോപിച്ചു.