'രാമായണ: പാർട്ട് 1' സിനിമയിലെ രാമനായുള്ള രൺബീർ കപൂറിന്റെ പ്രകടനത്തെ പ്രശംസിച്ച് ഭാര്യാപിതാവും ചലച്ചിത്ര സംവിധായകനുമായ മഹേഷ് ഭട്ട്. ദീപാവലി ആഘോഷ ചിത്രങ്ങൾക്കൊപ്പം രൺബീറിനെക്കുറിച്ച് മഹേഷ് ഭട്ട് പറഞ്ഞ വാക്കുകൾ പങ്കാളി സോണി റസ്ദാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയായിരുന്നു.
യഷ് ചോപ്രയുടെ 'ദീവാർ' (1975) എന്ന ചിത്രത്തിലെ ശശി കപൂറിന്റെ പ്രശസ്തമായ ഡയലോഗിൽ ചെറിയൊരു മാറ്റം വരുത്തിയാണ് രൺബീറിനെപ്പറ്റിയുള്ള മഹേഷ് ഭട്ടിന്റെ പരാമർശം. 'മേരെ പാസ് മാ ഹേ' എന്ന ശശി കപൂറിന്റെ ഡയലോഗിൽ 'മാ' യ്ക്ക് പകരം ഭട്ട് 'റാം' എന്ന് ചേർത്തു - "മേരെ പാസ് റാം ഹേ". മഹേഷ് ഭട്ട് ഇക്കാര്യം അഭിമാനത്തോടെയാണ് പറഞ്ഞതെന്നും സോണി റസ്ദാൻ സ്റ്റോറിയിൽ കുറിച്ചു.
അതേസമയം, നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രമായ 'രാമായണ' ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് നടത്തുന്നത്. സിനിമയുടെ ആഭ്യന്തര ഗ്രോസ് 413.90 കോടി രൂപയാണ്. ഇന്ത്യൻ നെറ്റ് കളക്ഷൻ 346.35 കോടിയും. വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 250 കോടി രൂപയാണ് റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ സിനിമയുടെ ഓവർസീസ് ഗ്രോസ്. ഇതോടെ സിനിമയുടെ ആഗോള ഗ്രോസ് കളക്ഷൻ 663.90 കോടി രൂപയായി ഉയർന്നു.
നവംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലേക്ക് എത്തിയത്. രൺബീർ കപൂർ (രാമൻ), സായ് പല്ലവി (സീത), യഷ് (രാവണൻ), രവി ദുബെ ( ലക്ഷ്മണൻ), അജിങ്ക്യ ദേവ് (വിശ്വാമിത്ര മഹർഷി), കുനാൽ കപൂർ (ഇന്ദ്രൻ), രാകുൽ പ്രീത് (ശൂർപ്പണഖ), എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് സംഗീത സംവിധാനം. ശ്രീധർ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.