

മലയാള ചലച്ചിത്ര നടന്‍ പുന്നപ്ര അപ്പച്ചന്‍ (77) അന്തരിച്ചു. വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു. തലയിലുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് അന്ത്യം. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജെ. അൽഫോൻസ് എന്നാണ് യഥാർത്ഥ പേര്.
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് വണ്ടാനത്തേക്ക് മാറ്റിയത്.
1965-ല്‍ ഉദയ സ്റ്റുഡിയോ നിര്‍മ്മിച്ച് സത്യന്‍ നായകനായ ഒതേനന്റെ മകന്‍ എന്ന ചിത്രത്തിലാണ് പുന്നപ്ര അപ്പച്ചന്‍ ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.
ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലാണ് ജനനം. ചെറുപ്പം മുതല്‍ സിനിമാ മോഹം ഉള്ളില്‍ കൊണ്ടു നടന്ന അപ്പച്ചന്‍ കടുത്ത സത്യന്‍ ആരാധകനായിരുന്നു. പുന്നപ്രയില്‍ സത്യന്റെ ഷൂട്ടിങ് കാണാന്‍ എത്തിയപ്പോഴാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. സിനിമയിലെ മാനേജരായ ഒരു സുഹൃത്ത് മുഖേനയായിരുന്നു ഒതേനന്റെ മകനില്‍ വേഷം ലഭിച്ചത്.
ശേഷം ഉദയായുടെ എല്ലാ സിനിമകളിലും അപ്പച്ചന്‍ അഭിനയിച്ചിരുന്നു. മഞ്ഞിലാസിന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്ന വേഷം ലഭിച്ചത്. ചിത്രത്തില്‍ തൊഴിലാളി നേതാവിന്റെ വേഷമായിരുന്നു അദ്ദേഹം ചെയ്തത്.
അടൂര്‍ ഗോപാലകൃഷ്ണന്റെ അനന്തരത്തിനു ശേഷം അദ്ദേഹത്തിന്റെ സിനിമകളിലും അപ്പച്ചന്റെ സാന്നിധ്യമുണ്ടായിരുന്നു. പത്മരാജന്റെ ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമയിലും പുന്നപ്ര അപ്പച്ചന്‍ അഭിനയിച്ചിട്ടുണ്ട്.
കന്യാകുമാരി, പിച്ചിപ്പു, നക്ഷത്രങ്ങളേ കാവല്‍, അങ്കക്കുറി, ഇവര്‍, വിഷം, ഓപ്പോള്‍, കോളിളക്കം, ഇത്തിരി നേരം ഒത്തിരി കാര്യം, ആട്ടക്കലാശം, അസ്ത്രം, പാവം ക്രൂരന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.