

കൊച്ചി: മമ്മൂട്ടിയുടെ മാസ് കൊമേഷ്യൽ കഥാപാത്രങ്ങളിൽ പ്രത്യേക ഫാൻ ബേസുള്ള 'കാരിക്കാമുറി ഷൺമുഖൻ' തിരിച്ചുവരുന്നു. രഞ്ജിത്തിന്റെ സംവിധാനത്തിൽ 2004ൽ പുറത്തിറങ്ങിയ 'ബ്ലാക്ക്' എന്ന ചിത്രത്തിലാണ് ഈ നെഗറ്റീവ് ഷേഡുള്ള നായകനെ മമ്മൂട്ടി അവതരിപ്പിച്ചത്. ഇപ്പോഴിതാ 'തുടരും' സിനിമയിലെ ജോർജ് എന്ന വില്ലൻ കഥാപാത്രമായെത്തി കയ്യടി വാങ്ങിയ പ്രകാശ് വർമ നായകനാകുന്ന പുതിയ ചിത്രത്തിലൂടെ ഷൺമുഖൻ വീണ്ടും എത്തുന്നതായാണ് റിപ്പോർട്ട്.
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് കൊച്ചിയിൽ ആരംഭിച്ചു. കോട്ടയം സിഎംസ് കോളേജ് ആണ് മറ്റൊരു പ്രധാന ലൊക്കേഷൻ. അഞ്ച് ദിവസമാകും മമ്മൂട്ടിയുടെ ഭാഗങ്ങളുടെ ചിത്രീകരണം. കൊച്ചിയിലെ പൊലീസുകാരുടെ കഥയാണ് സിനിമ പറയുന്നത്. പ്രകാശ് വര്‍മയ്‌ക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിൽ അഭിരാമിയും സിദ്ധിഖും ആണ് മറ്റു പ്രധാന വേഷങ്ങളിൽ. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. കോ–ഡയറക്ടർ ശങ്കർ രാമകൃഷ്ണൻ. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ. സത്യം സിനിമാസിന്റെ ബാനറിൽ എം.ജി. പ്രേമചന്ദ്രനും വർണ ചിത്രയുടെ ബാനറിൽ മഹാ സുബൈറും ചേർന്നാണ് നിര്‍മാണം.
എട്ട് വർഷത്തിന് ശേഷമാണ് രഞ്ജിത്ത് ഒരു ഫീച്ചർ സിനിമ സംവിധാനം ചെയ്യുന്നത്. മോഹൻലാൽ ചിത്രം 'ഡ്രാമ'യാണ് ഒടുവിൽ സംവിധാനം ചെയ്തത്. ഈ സിനിമ വാണിജ്യപരമായി വിജയിച്ചിരുന്നില്ല. അടുത്തിടെ, മമ്മൂട്ടി കമ്പിനി നിർമിച്ച ‘ആരോ’ എന്ന ഹ്രസ്വ ചിത്രം ഒരുക്കിയിരുന്നു. യൂട്യൂബ് റിലീസ് ആയി എത്തിയ ഈ ഹ്രസ്വ ചിത്രത്തിൽ ശ്യാമപ്രസാദ്, മഞ്ജു വാരിയര്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് അഭിനയിച്ചത്.
അതേസമയം, 'ചത്താ പച്ച റിംഗ് ഓഫ് റൗഡീസ്' ആണ് ഈ വർഷം മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്ന മറ്റൊരു ചിത്രം. റസ് ലിംഗ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമ നവാഗതനായ അദ്വൈത് നായർ ആണ് ഒരുക്കുന്നത്. ജനുവരി 22നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.