

കൊച്ചി: ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമാണ് കളങ്കാവല്‍. ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവച്ചുവെന്ന് നേരത്തെ തന്നെ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ റിലീസ് തീയതി മാറ്റിയെന്ന് ഔദ്യോഗികമായി അറിയിച്ച് മമ്മൂട്ടി കമ്പനി തന്നെ രംഗത്തെ രംഗത്തെത്തിയിരിക്കുകയാണ്. റിലീസ് കുറച്ചൊന്ന് വൈകും. ഉടന്‍ തന്നെ റിലീസ് തിയതി അറിയിക്കുമെന്നും മമ്മൂട്ടി കമ്പനി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചെ കുറിപ്പില്‍ പറയുന്നു.
ചിത്രം തിയേറ്ററുകളിലെത്താന്‍ കുറച്ചൊന്ന് വൈകും. അതിനര്‍ഥം അതിന്റെ മൂല്യം നഷ്ടപ്പെടുമെന്നല്ല. നിങ്ങളുടെ കാത്തിരിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഉടന്‍ തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തും എന്നാണ് മമ്മൂട്ടി കമ്പനി പങ്കുവച്ച കുറിപ്പ്.
മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ജിതിന്‍ കെ ജോസ് ആണ് സംവിധാനം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രജിച്ച കളങ്കാവല്‍ വേഫറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.
നവംബര്‍ 27നായിരുന്നു ചിത്രം ആഗോള തലത്തില്‍ റിലീസ് ചെയ്യാന്‍ ഇരുന്നത്. ഇതിനിടെ ചിത്രം റിലീസ് ചെയ്യുന്നത് വൈകുമെന്നതടക്കമുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു.
നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനി സിനിമയ്ക്ക് പ്രൊമോഷന്‍ നല്‍കുന്നില്ല എന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ക്യാരക്ടര്‍ പോസ്റ്ററുകളിലും ട്രെയ്ലറിലും സിനിമയുടെ പ്രചരണ പരിപാടികള്‍ ഒതുങ്ങുന്നുവെന്നതാണ് ആരാധകരെ നിരാശരാക്കിയത്. ഈ നിരാശ പലതരത്തിലുള്ള ട്രോളുകള്‍ക്കും കാരണമായി. വിമാനത്തിലും ട്രെയ്നിലും കളങ്കാവലിന് ബ്രാന്‍ഡിങ് നടത്തുന്നു എന്ന തരത്തിലാണ് ചില ട്രോളുകള്‍. എഐ ഉപയോഗിച്ച് നിര്‍മിച്ച ഇത്തരം ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതിനു പിന്നാലെയാണ് സിനിമയുടെ റിലീസ് മാറ്റി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. യു എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റര്‍ - പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ് വി, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം-അഭിജിത്ത് സി, സ്റ്റില്‍സ്- നിദാദ്, പബ്ലിസിറ്റി ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, ആഷിഫ് സലിം, ടൈറ്റില്‍ ഡിസൈന്‍- ആഷിഫ് സലിം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഓ - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.