
മുംബൈ: അർബുദ ബാധിതയായിരുന്ന നടി പ്രിയ മറാത്തെ അന്തരിച്ചു. ഹിന്ദി സീരിയലായ 'പവിത്ര റിഷ്ത' സീരിയലിലൂടെ പ്രശസ്തയായിരുന്നു അവർ. 38 വയസ് മാത്രമായിരുന്നു പ്രായം. മുംബൈയിലെ ആശുപത്രിയിൽ വച്ച് ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു ഇവർ. ഇന്ന് രാവിലെയായിരുന്നു അന്ത്യമെന്ന് മഹാരാഷ്ട്ര ടൈംസ് റിപ്പോർട്ട് ചെയ്തു. കാൻസർ തീവ്രമായതിനെ തുടർന്ന് അടുത്തിടെ ആരോഗ്യനില ഏറെ വഷളായിരുന്നു.
1987 ഏപ്രിൽ 23ന് മുംബൈയിൽ ജനിച്ച പ്രിയ സ്കൂൾ, കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയാണ് അഭിനയ രംഗത്തേക്ക് കടന്നത്. 'യാ സുഖനോയ' എന്ന മറാത്തി സീരിയലിലൂടെയാണ് അവർ ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 'ചാർ ദിവസ് സസുച്ചെ' എന്ന പരമ്പരയിലൂടെയും പ്രശസ്തിയിലേക്കുയർന്നു.
ഹിന്ദി ടെലിവിഷനിൽ, ബാലാജി ടെലിഫിലിംസിൻ്റെ 'കസം സേ'യിൽ വിദ്യാ ബാലിയായി അഭിനയിച്ചു. കൂടാതെ കോമഡി സർക്കസിൻ്റെ ആദ്യ സീസണിലും അഭിനയിച്ചു. സീ ടിവിയുടെ 'പവിത്ര റിഷ്ത' എന്ന സീരിയലിലെ വർഷ സതീഷ് എന്ന കഥാപാത്രമാണ് അവരെ കൂടുതൽ പ്രശസ്തിയിലേക്ക് ഉയർത്തിയത്.
തുടർന്ന് ബഡേ അച്ചേ ലഗ്‌തേ ഹേ, തു തിത്തേ മേ, ഭാഗേ രേ മാൻ, ജയസ്തുതേ, ഭാരത് കാ വീർ പുത്ര - മഹാറാണ പ്രതാപ് തുടങ്ങിയ ഹിന്ദി സീരിയലുകളിലും പ്രത്യക്ഷപ്പെട്ടു.