
കറാച്ചിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാക് നടി ഹുമൈറ അസ്ഗര്‍ അലിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഫ്‌ളാറ്റില്‍ അഴുകിയ നിലയില്‍ ഹുമൈറയുടെ മൃതദേഹം കണ്ടെത്തിയത്. ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് നടി മരണപ്പെട്ടെങ്കിലും പുറംലോകം അറിഞ്ഞത് ഈ ആഴ്ച മാത്രമാണ്.
ജീര്‍ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാന അവയവങ്ങളും മുഖവും തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. ആന്തരികാവയവങ്ങള്‍ പൂര്‍ണമായും അഴുകിയിരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ പേശി കലകള്‍ പൂര്‍ണ്ണമായും അഴുകിയിരുന്നു. എല്ലുകള്‍ സ്പര്‍ശിക്കുമ്പോള്‍ തന്നെ പൊടിഞ്ഞുതുടങ്ങി. ഓട്ടോലൈസിസ് മൂലം തലച്ചോറിലെ ദ്രവ്യം പൂര്‍ണ്ണമായും വിഘടിപ്പിക്കപ്പെട്ടു. ആന്തരികാവയവങ്ങള്‍ കറുത്ത നിറമുള്ള പിണ്ഡമായി മാറി. സന്ധികളിലെ തരുണാസ്ഥി ഇല്ലായിരുന്നു. പക്ഷെ, അസ്ഥികളില്‍ ഒടിവുകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജീര്‍ണാവസ്ഥയിലുള്ള ശരീരത്തില്‍ പ്രാണികളേയും കണ്ടെത്തി. മുടിയിലും ശരീര ഭാഗങ്ങളിലും തവിട്ടു നിറത്തിലുള്ള പ്രാണികളുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം തലയ്ക്കും നട്ടെല്ലിനും വലിയ കേടുപാടുകള്‍ ഉണ്ടായിട്ടില്ല. എന്നാല്‍, ശരീരം അഴുകിയതിനാല്‍ സുഷുമ്‌നാനാഡി ഉണ്ടായിരുന്നില്ല.
ഈ ഘട്ടത്തില്‍ നടിയുടെ മരണകാരണം കൃത്യമായി കണ്ടെത്താനാകില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. മരണകാരണം വ്യക്തമാകാനായി ഡിഎന്‍എ പ്രൊഫൈലിംഗും ടോക്‌സിക്കോളജി പരിശോധനകളും നടന്നു കൊണ്ടിരിക്കുകയാണെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മാസങ്ങളായി വാടക ലഭിക്കുന്നില്ലെന്ന കെട്ടിട ഉടമയുടെ പരാതിക്കു പിന്നാലെയാണ് ഹുമൈറയുടെ മരണം പുറംലോകം അറിയുന്നത്. ഫ്‌ളാറ്റ് ഒഴിപ്പിക്കാനായി പൊലീസ് അടക്കം എത്തിയപ്പോഴാണ് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഒമ്പത് മാസം മുമ്പെങ്കിലും മരണം സംഭവിച്ചിരിക്കാമെന്നാണ് മൃതദേഹം പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചത്.
നടിയുടെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതില്‍ നിന്നും കഴിഞ്ഞ ഒക്ടോബറിലാണ് അവസാനമായി കോള്‍ പോയതെന്ന് പൊലീസ് പറയുന്നു. ഹുമൈറയെ അവസാനമായി പുറത്ത് കണ്ടത് സെപ്റ്റംബറിലോ ഒക്ടോബറിലോ ആണെന്നാണ് അയല്‍വാസികളും പൊലീസിനു നല്‍കിയ മൊഴി.
ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് ഒക്ടബോറില്‍ ഫ്‌ളാറ്റിലെ വൈദ്യുതിയും വിച്ഛേദിച്ച നിലയിലായിരുന്നു. ഹുമൈറയുടെ അടുത്തുള്ള ഫ്‌ളാറ്റുകളില്‍ ആള്‍താമസമുണ്ടായിരുന്നില്ലെന്നതും മരണവിവരം പുറത്താറിയാന്‍ വൈകിയെന്നാണ് നിഗമനം. ഫെബ്രുവരി മാസത്തിലാണ് സമീപത്ത് പുതിയ താമസക്കാരത്തെന്നുന്നത്. ഈ സമയത്ത് ദുര്‍ഗന്ധമൊന്നും ഉണ്ടായിരുന്നില്ല. ഫ്‌ളാറ്റിലെ ബാല്‍ക്കണി വാതില്‍ തുറന്ന നിലയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.