

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ച പാൻ ഇന്ത്യൻ ചിത്രം 'രണബാലി' മികച്ച പ്രതികരണവുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബർ 16ന് ആഗോള റിലീസായി എത്തിയ ചിത്രം പീരാഡ് ഡ്രാമയാണ്. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് രണ്ട് ദിനം പിന്നിടുമ്പോൾ 25 കോടി ക്ലബിൽ ഇടംപിടിച്ചിരിക്കുകയാണ്.
ബോക്സ് ഓഫീസിൽ ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം, 9.25 കോടി രൂപയായിരുന്നു സിനിമയുടെ ആദ്യ ദിന കളക്ഷൻ. എന്നാൽ, രണ്ടാം ദിനം കളക്ഷനിൽ ഇടിവുണ്ടായി. രണ്ടാം ദിനം സിനിമയുടെ ഇന്ത്യയിലെ നെറ്റ് കളക്ഷൻ 7.30 കോടി രൂപയാണ്. ഇതോടെ ചിത്രത്തിന്റെ ആകെ ഇന്ത്യൻ നെറ്റ് കളക്ഷൻ 16.55 കോടിയായി. ചിത്രത്തിന്റെ ആഗോള ഗ്രോസ് 26.65 കോടി രൂപയാണ്. വിദേശ മാർക്കറ്റുകളിൽ നിന്ന് മാത്രം രണ്ട് കോടി രൂപയാണ് ചിത്രം ശനിയാഴ്ച സ്വന്തമാക്കിയത്.
വിവാഹ ശേഷം വിജയ് ദേവരൊകണ്ടയും രശ്മിക മന്ദാനയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് 'രണബാലി'. ചിത്രത്തിൽ രണബാലിയായി വിജയ് എത്തുമ്പോള് ജയമ്മയായാണ് രശ്മിക എത്തുന്നത്. 1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്തെ ക്ഷാമകാലം പശ്ചാത്തലമാക്കിയാണ് ചിത്രം കഥ പറയുന്നത്. 'ദ മമ്മി', 'ദ മമ്മി റിട്ടേൺസ്', 'ബ്ലഡ് ഡയമണ്ട്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അർണോൾഡ് വോസ്ലൂ ആണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത്. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായാണ് നടൻ വേഷമിടുന്നത്.
നിർമാതാക്കൾ: നവീൻ യേർനേനി വൈ രവിശങ്കർ, സഹ നിർമാതാവ്: അനുരാഗ് പർവ്വതനേനി, സഹ നിർമ്മാതാവ്: ശിവ ചനാന, പ്രസിഡൻ്റ് (ടി-സീരീസ്): നീരജ് കല്യാൺ, സിഇഒ: ചെറി, സംഗീതം: അജയ് - അതുൽ, ക്യാമറ: നീരവ് ഷാ, ജിഷ്ണു ഭട്ടാചാര്യ, എഡിറ്റിംഗ്: കാർത്തിക ശ്രീനിവാസ് ആർ, രചന: പ്രമോദ് തമ്മിനേനി.